ഹെല്‍മറ്റില്ലാത്ത ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു ; യുവാവിന് ഗുരുതര പരിക്ക് ; സംഘര്‍ഷാവസ്ഥ
കൊല്ലം : ഹെല്‍മെറ്റ് വേട്ടയ്ക്കിടെ പൊലീസിന്റെ അതിക്രമം. ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ച യുവാവിനെ വാഹനപരിശോധനയ്ക്ക് ഇറങ്ങിയ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞിട്ടു. ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.
കൊല്ലം കടയ്ക്കലില്‍ കാഞ്ഞിരത്തുംമൂടിലാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിഴക്കുംഭാഗം സ്വദേശി സിദ്ധിഖ് പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് ശേഷം വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് വാഹനപരിശോധന നടത്തുന്ന പൊലീസിന് മുന്നില്‍പ്പെട്ടത്. പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ സിദ്ധിഖിനെ പൊലീസുകാരന്‍ ലാത്തികൊണ്ട് എറിഞ്ഞിടുകയായിരുന്നു.
ഏറുകൊണ്ടതോടെ നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തില്‍ ചെന്നിടിക്കുകയായിരുന്നു. പൊലീസിന്റെ കാടത്തത്തിനെതിരെ നാട്ടുകാര്‍ പാരിപ്പള്ളി-മടത്തറ റോഡ് ഉപരോധിച്ചു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ലാത്തിയെറിഞ്ഞ സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രമോഹനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
വാഹനപരിശോധനയ്ക്ക് ഇറങ്ങുന്ന പൊലീസുകാര്‍ ഒളിച്ചിരുന്നോ, റോഡില്‍ കയറിനിന്നോ വാഹനം തടയരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിയമം ലംഘിക്കുന്നവരുടെ തെളിവുകള്‍ ശേഖരിച്ചശേഷം നോട്ടീസ് അയക്കുകയും, നിയമനടപടി സ്വീകരിക്കുകയും മാത്രമേ ചെയ്യാവൂ എന്നും കോടതി പൊലീസിന് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്