×

പിണറായിക്ക് കയ്യിടിച്ച് വോട്ടര്‍മാര്‍ ്‌- സ്വകാര്യ ആശുപത്രി ബില്ലുകള്‍ക്ക് കടിഞ്ഞാണ്‍ – ബില്ല് നിരക്കുകള്‍ ഇങ്ങനെ

കൊച്ചി: കോവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പന്‍ നിരക്കുകള്‍ ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ നടപടി. ചികിത്സച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2,645 രൂപയാണ് നിരക്ക്. ചികില്‍സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഉള്‍പ്പെടും. അധികതുക ഈടാക്കിയാല്‍ അധിക തുകയുടെ പത്തിരട്ടി പിഴ ചുമത്തും.

 

ആര്‍ടിപിസിആര്‍ 500രൂപയായി തുടരും. പരാതി പരിശോധിക്കാന്‍ അപ്പീല്‍ അഥോറിറ്റി നിശ്ചയിച്ചു. ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ അപ്പീല്‍ അതോററ്റി വരും. ഡി.എം.ഒയ്ക്കും പരാതികള്‍ നല്‍കാം.

 

ഉത്തരവ് ഇറക്കിയ വിവരം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

 

ഉത്തരവ് വായിച്ചുകേട്ടപ്പോള്‍, ബഞ്ച് പ്രഥമദൃഷ്ട്യാ സര്‍ക്കാരിനെ അഭിനന്ദനമറിയിക്കുകയും ചെയ്തു.

അതേസമയം, സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശനവും ഉയര്‍ത്തി. നീതികരിക്കാനാകാത്തവിധം ഉയര്‍ന്ന നിരക്കാണ് ബില്ലുകള്‍ ഈടാക്കുന്നത്. കഞ്ഞിക്കു 1353 രൂപയും ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപയും ഈടാക്കിയ ആശുപത്രികളുണ്ട്. ബില്ലുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോടതി വിമര്‍ശിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

 

നിരക്കുകള്‍ ജനങ്ങള്‍ക്ക് കാണാനാകും വിധം പ്രദര്‍ശിപ്പിക്കണമെന്നും കോടതി പറഞ്ഞു. അന്‍വര്‍ ആശുപത്രിയില്‍ അമിത ഫീസ് ഈടാക്കിയ സംഭവത്തില്‍, ഡിഎംഒയുടെ റിപ്പോര്‍ട്ട് ലഭിച്ചതായും കോടതി പറഞ്ഞു.

എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ ഉത്തരവിലെ പല നിര്‍ദ്ദേശങ്ങളെയും കോടതിയില്‍ എതിര്‍ത്തു. പല നിര്‍ദ്ദേശങ്ങളും പ്രായോഗികമല്ലെന്നും, സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒരു സബ്‌സിഡിയും നല്‍കുന്നില്ലെന്നും ആശുപത്രികള്‍ വാദിച്ചു.

എംഇഎസ് ആശുപത്രി, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് അംഗീകരിച്ച്‌ മുന്നോട്ട് പോകുമെന്ന് കോടതിയെ അറിയിച്ചു. നഷ്ടം സഹിക്കേണ്ടി വരുമെങ്കിലും സേവനം എന്ന നിലയില്‍ ഉത്തരവ് അംഗീകരിക്കാന്‍ തയ്യാറാണെന്നും എംഇഎസ് വ്യക്തമാക്കി.

 

എന്നാല്‍ മഹാമാരിക്കാലത്ത് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ഉത്തരവ് നിലനില്‍ക്കുമെന്ന് നിരീക്ഷിച്ചു. കഴിഞ്ഞ നാളുകളില്‍ വന്ന ഉയര്‍ന്ന തുകയുടെ ബില്ലുകള്‍ ലഭിച്ചവരുണ്ടെങ്കില്‍ അതുമായി ഡിഎംഒയെ സമീപിച്ചാല്‍ അതില്‍ നടപടി ഉണ്ടാവണം എന്നും കോടതി കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും, നഴ്‌സിങ് ഹോമുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

ഉത്തരവിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ:

നേരത്തേ തന്നെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും (മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പടെ) 50% കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സഹകരണ, ഇഎസ്‌ഐ ആശുപത്രികളെ പൂര്‍ണമായും കോവിഡ് ചികിത്സയ്ക്കുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്കും KASP (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) പ്രകാരം ആനുകൂല്യം ലഭിക്കേണ്ടവര്‍ക്കും സൗജന്യ ചികിത്സ തന്നെ നല്‍കണമെന്ന് നേരത്തേ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

സ്വകാര്യ ആശുപത്രി അസോസിയേഷനുകളുമായി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ചികിത്സാ നിരക്കില്‍ ഏകീകരണം വരുത്താന്‍ തീരുമാനിച്ചതായി കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. അതനുസരിച്ച്‌ ചികിത്സാ നിരക്ക് ഇങ്ങനെയാണ്:

1. ജനറല്‍ വാര്‍ഡ്
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് – 2645 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 2910 രൂപ.

2. HDU (ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്)
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് – 3795 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 4175 രൂപ.

3. ഐസിയു
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് – 7800 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 8580 രൂപ.

4. വെന്റിലേറ്ററോട് കൂടി ഐസിയു
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് – 13800 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 15180 രൂപ.

റജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍, ബെഡ് നിരക്ക്, നഴ്‌സിങ്- ബോര്‍ഡിങ് നിരക്ക്, സര്‍ജന്‍/അനസ്ത്രീസിസ്റ്റ്, മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ്, കണ്‍സള്‍ട്ടന്റ് നിരക്കുകള്‍, അനസ്‌തേഷ്യ, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, ഓക്‌സിജന്‍, മരുന്നുകള്‍, പാഥോളജി- റേഡിയോളജി ടെസ്റ്റുകള്‍, എക്‌സ് റേ, യുഎസ്ജി, ഹെമാറ്റോളജി, പാഥോളജി എന്നിവയ്ക്ക് 15 ദിവസം വരെയുള്ള നിരക്കുകള്‍ എല്ലാം ചേര്‍ത്താണ് ഈ തുകയെന്നും ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍ സി ടി ചെസ്റ്റ്, എച്ച്‌ആര്‍സിടി ചെസ്റ്റ് ഇന്‍വെസ്റ്റിഗേഷനുകള്‍ക്കും, പിപിഇ കിറ്റുകള്‍ക്കും, റെംഡെസിവിര്‍, Tocilizumab ഉള്‍പ്പടെയുള്ള മരുന്നുകളും ഇതിലുള്‍പ്പെടില്ല. പക്ഷേ, പിപിഇ കിറ്റുകള്‍ക്കടക്കം, വിപണി വില മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നു.

ആര്‍ടിപിസിആര്‍ നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച അതേ തുകയ്‌ക്കേ നടത്താവൂ. Xpert NAT, TRUE NAT, RT -LAM, RAPID Antigen എന്നീ ടെസ്റ്റുകള്‍ക്കും അധിക തുക ഈടാക്കാന്‍ പാടില്ല.

ജനറല്‍ വാര്‍ഡുകളില്‍ കഴിയുന്ന രോഗികളില്‍ നിന്ന് ദിവസം രണ്ട് പിപിഇ കിറ്റിന്റെയും, ഐസിയു രോഗികളില്‍ നിന്ന് അഞ്ച് പിപിഇ കിറ്റിന്റെയും തുകയേ ഇടാക്കാവൂ. ഇത് തന്നെ എംആര്‍പിയില്‍ നിന്ന്, വിപണി വിലയില്‍ നിന്ന് ഒരു രൂപ കൂടരുത്.

 

 

അധിക നിരക്ക് ഈടാക്കിയാല്‍ പത്തിരട്ടിതുക പിഴ

ആശുപത്രികള്‍ക്ക് മുന്നില്‍ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വിവിധ ചികിത്സകളുടെയും മരുന്നുകളുടെയും വസ്തുക്കളുടെയും ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും സേവനങ്ങളുടെയും നിരക്കുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും, ഇതില്‍ നിന്ന് ഒരു രൂപ പോലും കൂടരുതെന്നും, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

 

വെബ്‌സൈറ്റുകളിലും ഈ നിരക്കുകള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കണം. രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും ഈ നിരക്കുകള്‍ ഏത് സമയവയും പരിശോധിക്കാനാകണം.

 

കേരളാ ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിലേക്ക് ഇതിന്റെ ലിങ്കുകള്‍ നല്‍കണം.

 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാകും ഇത് സംബന്ധിച്ചുള്ള ഏത് പരാതികളും കേള്‍ക്കാനും പരിഹാരം നിര്‍ണയിക്കാനുമുള്ള അവകാശം. Chairman – Shri.C.K.Padmakaran, Member 1 – Dr.V.Rajeevan, Member 2 – Dr.V.G.Pradeep Kumar എന്നിവര്‍ അംഗങ്ങളായ സമിതി അപ്പലൈറ്റ് അഥോറിറ്റിയായിരിക്കും.

 

കൊള്ളനിരക്ക് ഏത് ആശുപത്രി ഈടാക്കിയതായി പരാതി ലഭിച്ചാലും ഈ സംവിധാനത്തിലൂടെയാകും പരിഹാരമുണ്ടാകുക. ഇവരെ ബന്ധപ്പെടാനുള്ള നമ്ബറുകള്‍ കേരളാ ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടുമായി ബന്ധപ്പെട്ട വെബ്‌സൈറ്റില്‍ ഉണ്ടാകും.

നിശ്ചയിച്ചതിലും കൂടുതല്‍ ഏതെങ്കിലും ആശുപത്രി കൂടുതല്‍ നിരക്ക് ഈടാക്കിയെന്ന് കണ്ടെത്തിയാല്‍ പത്തിരട്ടി തുക പിഴയായി ഒടുക്കേണ്ടി വരും. കര്‍ശനനടപടിയുണ്ടാകും. പിപിഇ കിറ്റുകള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റ് അനുബന്ധവസ്തുക്കള്‍ എന്നിവയ്ക്ക് കൊള്ളവില ഈടാക്കിയാല്‍ കടുത്ത നടപടി ജില്ലാ കളക്ടര്‍ നേരിട്ട് സ്വീകരിക്കും. രോഗികളെത്തിയാല്‍ അഡ്വാന്‍സ് തുക ഈടാക്കിയ ശേഷം മാത്രം അഡ്‌മിഷന്‍ എന്ന നിലപാടെടുത്താലും നടപടിയുണ്ടാകും. ഈ നിരക്കുകള്‍ അടിയന്തരമായി നടപ്പാക്കാന്‍ തീരുമാനിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സംസ്ഥാനത്ത് പല സ്വകാര്യ ആശുപത്രികള്‍ക്കെതിരെയും അമിത നിരക്ക് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ആലുവ അന്‍വര്‍ ആശുപത്രിക്കെതിരെ ഇതിനകം പൊലീസ് കേസെടുക്കുകയും ഹൈക്കോടതി കലക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആശുപത്രിക്കെതിരെ അന്വേഷണവും ആരംഭിച്ചു. എന്നാല്‍ ജില്ലയിലെ പല സ്വകാര്യ ആശുപത്രികളും സമാനരീതിയിലാണ് രോഗികളോടു പെരുമാറുന്നതെന്ന് ആക്ഷേപമുണ്ട്.

കാക്കനാടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ കോവിഡ് രോഗിക്ക് നാലു ദിവസത്തെ ചികിത്സയ്ക്ക് ഈടാക്കിയത് 1,67,000 രൂപ. ഇവിടെ റൂമിനു പകരം നാലു കോവിഡ് രോഗികള്‍ കിടക്കുന്ന വാര്‍ഡിലായിരുന്നു രോഗിയെ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരു കിടക്കയ്ക്കു ആശുപത്രി ഈടാക്കിയത് 47,500 രൂപ.

 

ഭക്ഷണത്തിനും മരുന്നിനുമെല്ലാം ഉയര്‍ന്ന നിരക്ക് ഈടാക്കിയിട്ടുണ്ട്. എന്നിട്ടും രോഗിയുടെ നില ഗുരുതരമാകുകയും വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്യേണ്ടി വന്നു. ഇതു സംബന്ധിച്ച ബില്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ജില്ലാ കളക്ടര്‍ക്കു കൈമാറിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top