×

ജി.എന്‍.പി.സി അഡ്മിന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു

തിരുവനന്തപുരം: എക്സൈസ് കേസെടുത്ത പശ്ചാത്തലത്തില്‍ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം ജില്ലാകോടതിയിലാണ് ഗ്രൂപ്പ് അഡ്മിന്‍ ടി.എന്‍ അജിത്കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജിഎന്‍പിസി ഗ്രൂപ്പ് ഫീച്ചേര്‍ഡ് ഗ്രൂപ്പാണെന്നാണ് അഡ്മിന്റെ വിശദീകരണം. പൊതു സമൂഹത്തിന് ഇത് കാണാന്‍ കഴിയില്ല. ഗ്രൂപ്പില്‍ ചേരാന്‍ താത്പ്പര്യം കാണിച്ചവരെ മാത്രമാണ് ചേര്‍ത്തത് എന്നും അഡ്മിന്‍ പറഞ്ഞു.

‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറി’യും (ജിഎന്‍പിസി) ഫെയ്സ്ബുക്ക് കൂട്ടായ്മക്കെതിരെ എക്സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസെടുത്തത്. മദ്യപാനത്തിന് പ്രോത്സാഹനം നല്‍കുന്ന തരത്തിലുള്ളതും പരസ്യപ്രചാരണം നടത്തുന്നതുമായ പോസ്റ്റുകള്‍ ഇട്ടതിനാണു കേസെടുത്തത്.

ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിന്‍ ആയ നേമം കാരയ്ക്കാമണ്ഡപം ആമീവിളാകം ടിസി 54/538 സരസ്സില്‍ അജിത്കുമാറി(40)നെ ഒന്നാംപ്രതിയാക്കിയും അഡ്മിന്‍മാരില്‍ ഒരാളായ നേമം കാരയ്ക്കാമണ്ഡപം ആമീവിളാകം ടിസി 54/538 സരസ്സില്‍ വിനിത(33)യെ രണ്ടാം പ്രതിയാക്കിയുമാണു കേസ്. ഈ ഗ്രൂപ്പിന്റെ മറ്റ് 36 അഡ്മിന്മാരെ കുറിച്ച്‌ അന്വേഷണം നടന്നുവരികയാണ്.

ഇവരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മ പരിശോധിച്ചതില്‍, കൊച്ചുകുട്ടികളെ വരെ മദ്യത്തിന്റെ കൂടെ നിര്‍ത്തിയുള്ള ഫോട്ടോകള്‍ ആണു പോസ്റ്റ് ചെയ്തിരിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഫോട്ടോകള്‍ പ്രിന്റ് എടുത്തു തെളിവായി സൂക്ഷിച്ചിട്ടുണ്ട്. പൊതുസമൂഹത്തിനു തെറ്റായ സന്ദേശവും മദ്യാസക്തിയുണ്ടാക്കുന്നതുമായ പ്രചാരണവുമാണു ഗ്രൂപ്പ് പ്രചരിപ്പിക്കുന്നതെന്നും എക്സൈസ് സംഘം അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം മലയാളികള്‍ അംഗങ്ങളായ ഫെയ്‌സ്ബുക്ക് ഗ്രൂപ്പാണ് ജിഎന്‍പിസി. ഗ്രൂപ്പില്‍ മദ്യപിക്കുന്ന ഫോട്ടോയും വീഡീയോയും പോസ്റ്റ് ചെയ്യാന്‍ അഡ്മിന്‍ നിര്‍ദേശിച്ചിരുന്നതായും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ബാറുകളില്‍ നിരക്ക് ഇളവുണ്ടെന്നും വിവരം ലഭിച്ചതിനു പിന്നാലെയാണ് ഇവര്‍ക്കെതിരെ എക്‌സൈസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ഇവരോട് വിശദീകരണം ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു. ഗ്രൂപ്പിനെ കുറിച്ചുള്ള വിവര ശേഖരിക്കുന്നതിന്റെ ഭാഗമായി എക്സൈസ് ഫെയ്സ്ബുക്കിനെ സമീപിച്ചിരുന്നു. നിലവില്‍ ജി എന്‍ പി സി ഗ്രൂപ്പില്‍ ഇരുപത് ലക്ഷത്തോളം അംഗങ്ങളാണ് ഉള്ളത്.

‘ഗ്രൂപ്പിന്റെ ലക്ഷ്യം മദ്യപാനികളില്‍ ഉത്തരവാദിത്തമുള്ള മദ്യപാനം ശീലിപ്പിക്കുകയാണ്. ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചവരെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. പ്രൈവറ്റ് ഗ്രൂപ്പായ ജിഎന്‍ പിസിയിലെ പോസ്റ്റുകളും മറ്റു വിവരങ്ങളും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മാത്രമെ കാണാന്‍ കഴിയൂ. ഒരിക്കലും മദ്യപാനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുവാന്‍ അംഗങ്ങളോട് നിര്‍ദേശിച്ചിട്ടില്ല. ജിഎന്‍ പി സി യെപ്പോലുള്ള വ്യാജ ഗ്രൂപ്പുകളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത് ‘ ടി എല്‍ അജിത്ത് കുമാര്‍ ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിച്ചു.

എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശ പ്രകാരം ആരംഭിച്ച അന്വേഷണം ഡി ജി പി സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്. ഈ സ്‌ക്രീട്ട് ഗ്രൂപ്പില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍ അഡ്മിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ പരസ്യമാകൂ. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഇന്ന് ഈ ഗ്രൂപ്പിലെ സജീവ അംഗങ്ങളാണ്. അമേരിക്കയിലെയും യൂറോപ്പിലെയും വമ്ബന്‍ മദ്യശാലകളില്‍ ഇരുന്നുള്ള ഒത്തുചേരലുകള്‍ മുതല്‍ കുടുസ്സുമുറികളില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തുന്ന സംഗമങ്ങള്‍ വരെ ഇവിടെ അംഗങ്ങള്‍ക്കായി പങ്കുവയ്ക്കപ്പെടുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top