×

“ഹിന്ദുക്കളെ സംരക്ഷിക്കാനാണ് ബിജെപി നിലനില്‍ക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ” = സുകുമാരന്‍ നായര്‍

കേരളത്തില്‍ ബിജെപിയുടെ ഭാവി സംബന്ധിച്ച ചോദ്യത്തിന് സുകുമാരന്‍ നായരുടെ മറുപടി ഇങ്ങനെ; ഒരു ദിവസം കൊണ്ട് രാഷ്ട്രീയം മാറാം. ഇന്ത്യയില്‍ ബിജെപി ഇത്രയും ശക്തമാകുമെന്ന് ആരെങ്കിലും കരുതിയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

ആര്‍ക്കും വലിയ പ്രയോജനമില്ലെങ്കിലും കോണ്‍ഗ്രസിന് ഒരു സംസ്‌കാരവും പെരുമാറ്റവും ഉണ്ട്. ഇതുപറയുന്നത് കൊണ്ട് തന്നെ കോണ്‍ഗ്രസുകാരനെന്ന് വിളിക്കരുത്. ജനങ്ങളോടുള്ള സമീപനത്തില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ എംഎസ് ഗോള്‍വാല്‍ക്കല്‍ ഒരിക്കല്‍ എന്‍എസ്‌എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ നിലവിലെ എന്‍എസ്‌എസ് നേതൃത്വത്തിന് ആര്‍എസ്‌എസ് നേതൃത്വവുമായി യാതൊരു സൗഹൃദവും ഇല്ല. രാജ്യത്തെ ഏക ഹിന്ദുപാര്‍ട്ടിയെന്നാണ് ബിജെപി സ്വയം അവകാശപ്പെടുന്നത്. എന്നാല്‍ ഹിന്ദുക്കളെ സംരക്ഷിക്കാനാണ് ബിജെപി നിലനില്‍ക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ബിജെപിയുടെ നിലപാട് സത്യമായിരുന്നെങ്കില്‍ ശബരിമല സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ ഇപ്പോള്‍ ചരിത്രമായി മാറുമായിരുന്നോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍

ശശി തരൂര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്നാല്‍ കൂട്ടത്തില്‍ നില്‍ക്കുന്ന ആളുകള്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാണ്?. അധോഗതി എന്നല്ലാതെ എന്ത് പറയാന്‍ സുകുമാരന്‍ നായര്‍ ചോദിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്നം ജയന്തിക്ക് തരൂരിനെ മുഖ്യാതിഥിയാക്കിയത് ഒരു തെറ്റുതിരുത്താനാണ്. അദ്ദേഹത്തെ താന്‍ ഡല്‍ഹി നായരെന്ന് വിളിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും അറിവും ലോകപരിചയവും ശരിക്കും അറിയാന്‍ കഴിഞ്ഞപ്പോള്‍ വിശ്വപൗരനാണ്, കേരളീയനാണെന്ന് ബോധ്യമായി. അതുകൊണ്ടാണ് വിളിച്ചത്. ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ അല്ല അദ്ദേഹത്തെ വിളിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു

തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് പോലും അദ്ദേഹത്തെ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഡല്‍ഹി നായര്‍ വിളിച്ചത്. ആരും പറഞ്ഞിട്ടല്ല അന്ന അങ്ങനെ വിളിച്ചത്. ഒരു നായര്‍ മറ്റൊരു നായരെ അംഗീകരിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാവും. ചിലയാളുകള്‍ അദ്ദേഹം നേതൃത്വത്തിലേക്ക് വരാന്‍ ആഗ്രഹിച്ചിട്ടില്ല. അത് അവരുടെ അല്‍പ്പത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ പിടിപ്പുകേടാണ് കഴിഞ്ഞ തവണത്തെ ഭരണം നഷ്ടമാകാന്‍ കാരണം. പാര്‍ട്ടിക്ക് നല്ല നേതൃത്വം ഉണ്ടാകുമെന്ന പ്രതീക്ഷ ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടമായി. ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്തതാണ് പിണറായി വീണ്ടും അധികാരത്തില്‍ വരാന്‍ കാരണം. രമേശ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് ഇരുത്തിയത് താനാണ്. അഞ്ചാം മന്ത്രി സ്ഥാനത്തേക്ക് മുസ്ലീമിന്റെ പേര് വരുന്ന സാഹചര്യത്തിലാണ് അതുണ്ടായതെന്ന് ആലോചിക്കണം. എന്നാല്‍ താക്കോല്‍ സ്ഥാനത്ത് വന്നപ്പോള്‍ തന്നെ ആരും ജാതിയായി ബ്രാന്‍ഡ് ചെയ്യേണ്ട എന്നാണ് അന്ന് ചെന്നിത്തല പറഞ്ഞത്. അതില്‍ ഒരു വിരോധവുമില്ല.

യുഡിഎഫിന്റെ ഭരണം പോയത് ചെന്നിത്തലയെ കഴിഞ്ഞ തവണ പ്രൊജക്‌ട് ചെയ്തതുകൊണ്ടാണ്. ഉമ്മന്‍ചാണ്ടിയാണെങ്കില്‍ ഇത്രയും വലിയ തോല്‍വി ഉണ്ടാകുമായിരുന്നില്ല. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. ന്യൂനപക്ഷത്തിന് ആശയക്കുഴപ്പമുണ്ടായി. അവര്‍ എന്നും കോണ്‍ഗ്രസിനൊപ്പമാണ് ഉണ്ടായിരുന്നത്. രമേശിനെ പ്രൊജക്‌ട് ചെയ്തപ്പോള്‍ ഇത് രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന തോന്നലാണ് ഉണ്ടായതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top