×

ചെങ്ങന്നൂരില്‍ മനസ്സാക്ഷി വോട്ട് ? ; കേരള കോണ്‍ഗ്രസ് തീരുമാനം വെള്ളിയാഴ്ച

കോട്ടയം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ മനസാക്ഷി വോട്ടു ചെയ്യുന്നതു സംബന്ധിച്ച്‌ വെള്ളിയാഴ്ചത്തെ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി അറിയിച്ചു. ഉപതെരഞ്ഞെടുപ്പുകള്‍ മുന്നണി ബന്ധം സംബന്ധിച്ച തീരുമാനം എടുക്കാന്‍ അനുയോജ്യമായ സമയമല്ല. അത്തരം തീരുമാനം പൊതുതെരഞ്ഞെടുപ്പിലേ എടുക്കൂ. യുഡിഎഫിനോടും എല്‍ഡിഎഫിനോടും തുല്യദൂരം പാലിച്ചു സ്വതന്ത്രമായാണ് കേരള കോണ്‍ഗ്രസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കെ എം മാണി വ്യക്തമാക്കി.

ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടുചെയ്യാനാണ് കെഎം മാണിയ്ക്കും ജോസ് കെ മാണിയ്ക്കും താല്‍പ്പര്യം. എന്നാല്‍ പിജെ ജോസഫിന്റെ നേതൃത്വത്തില്‍ ഒരു വിഭാ​ഗം ഇടതുമുന്നണിയുമായുള്ള സഹകരണത്തെ എതിര്‍ക്കുകയാണ്. രാഷ്ട്രീയ നീക്കുപോക്ക് സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തല്‍ക്കാലം മനസാക്ഷി വോട്ടെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയതെന്നാണ് സൂചന.

കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കു തിരികെ വരണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹത്തോടു തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്ന് കെ എം മാണി പറഞ്ഞു. ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി മികച്ചയാളാണ്. എന്നാല്‍ വിജയസാധ്യത സംബന്ധിച്ച്‌ രണ്ടുതരത്തിലുള്ള അഭിപ്രായം കേള്‍ക്കുന്നുണ്ട്. ബാര്‍ കോഴ കേസില്‍ യുഡിഎഫിലെ ചിലരുടെ നിര്‍ബന്ധം മൂലമാണ് പൊലീസ് എഫ്‌ഐആര്‍ എടുത്തത്. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്കു വരുന്നതിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്കുള്ളത് അപകര്‍ഷതാ ബോധമാണെന്നും കെഎം മാണി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top