×

അഞ്ചാംദിവസത്തില്‍ ഒന്നും നേടാതെ ബസ് സമരം പിന്‍വലിച്ചു; പെര്‍മിറ്റ് റദ്ദാക്കാനുള്ള നീക്കം

തിരുവനന്തപുരം: അഞ്ചാംദിവസത്തില്‍ ഒന്നും നേടാതെ ബസ് സമരം പിന്‍വലിച്ചു. സമരത്തെ കര്‍ശനമായി നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് സമരത്തില്‍ നിന്ന് ആവശ്യങ്ങളൊന്നും നേടാതെ ബസ് മതുലാളിമാര്‍ പിന്‍വാങ്ങുന്നത്. പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്കു സര്‍ക്കാര്‍ കടന്നതോടെ ചില ബസുടമകള്‍ സമരത്തില്‍നിന്നു പിന്മാറിയിരുന്നു തൊടുപുഴയിലും തിരുവനന്തപുരത്തും ചില സ്വകാര്യബസുകള്‍ സര്‍വീസ് നടത്തി. തൃശൂര്‍ ജില്ലയില്‍ നൂറോളം ടൂറിസ്റ്റ് ബസും സര്‍വീസ് നടത്തി. ഇതോടെ സമരം പിന്‍വലിക്കാന്‍ ബസ് മുതലാളിമാരുടെ സംഘടന തീരുമാനിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുമായി സംഘടന ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇവരുടെ ആവശ്യമൊന്നും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തു. ശക്തമായ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. ഇതോടെ ബസ് ഉടമകള്‍ സമരം പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായി. ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സമരം പിന്‍വലിക്കുന്നതെന്ന് വിശദീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും പങ്കെടുത്തു.

ബസ് ഉടമകളുടെ സംഘടനയില്‍ ഭിന്നതയും രൂക്ഷമായിരുന്നു.. 12 സംഘടനകളുള്‍പ്പെട്ട കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ സമരം പെട്ടെന്നു തീര്‍ക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം. സര്‍വീസ് നടത്താന്‍ തയാറാവുന്ന സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചിരുന്നു. ബസ് നിരക്കില്‍ വര്‍ധന വരുത്താനും മിനിമം ചാര്‍ജ് എട്ടു രൂപയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം നടത്തിയത്. ഇതൊന്നും സര്‍ക്കാര്‍ അംഗീകരിച്ചില്ല. സമരം നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നു നടപടിയെടുക്കാന്‍ കമ്മിഷണര്‍ ആര്‍.ടി.ഒമാരോട് ആവശ്യപ്പെട്ടു. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കലായിരുന്നു ആദ്യഘട്ട നടപടി. മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവുമെന്നും അറിയിച്ചു. ഇതോടെ സമരം പിന്‍വലിക്കാന്‍ ബസ് ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ അറിവും സമ്മതവും സമരത്തിന് ഉണ്ടെന്ന വിമര്‍ശനം ഉയരുന്നിരുന്നു. ബസ് നിരക്ക് കൂട്ടിയതിലെ ജനരോഷം ഭയന്ന് ഗതാഗത മന്ത്രി തന്നെ കെഎസ്‌ആര്‍സിയിലെ ഉന്നതന്‍ വഴി മലബാര്‍ ബസ് ലോബിയുമായി നടത്തിയ രഹസ്യ ധാരണയാണ് സര്‍ക്കാര്‍ സ്പോണ്‍സേര്‍സ് ബസ് സമരമെന്നായിരുന്നു ഉയരുന്ന വാദം. ഇത് ശരിവയ്ക്കുന്നതാണ് സമരം പിന്‍വലിച്ച നടപടി.

1997 ല്‍ ബസ് ഉടമകള്‍ സമരം നടത്തിയിരുന്നു. ഇത് പൊളിച്ചത് പാലായിലെ സെന്റര്‍ ഫോണ്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നടത്തിയ നിയമപോരാട്ടമായിരുന്നു. ഇത് ആയുധമാക്കി അന്ന് മുഖ്യമന്ത്രിയായിരുന്ന ഇകെ നയനാര്‍ സമരം പൊളിച്ചു. ജനങ്ങളുടെ ദുരിതം അകറ്റാന്‍ പിണറായിയും ഈ ഹൈക്കോടതി വിധി തന്നെ ഉപയോഗിച്ചു. കെഎസ്‌ആര്‍ടിസി കുത്തക റൂട്ടുകളിലെ സമരം ചെയ്യുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ മാത്രം ഇന്ന് റദ്ദാക്കിയാല്‍ പോലും ബസ് ഉടമകള്‍ വന്‍ പ്രതിസന്ധിയിലാകും. ഇത് കെ എസ് ആര്‍ ടി സിയുടെ വരുമാന ഇരട്ടിയാക്കുകയും ചെയ്യും. ഇതിലൂടെ കെ എസ് ആര്‍ ടിസിക്ക് നേട്ടവും ഉണ്ടാകും. ഇത് തിരിച്ചറിഞ്ഞ് കൂടിയാണ് സമരത്തില്‍ നിന്ന് പിന്മാറിയത്.

സമരം ചെയ്യുന്നവരുടെ ബസ് പെര്‍മിറ്റ് റദ്ദാക്കല്‍ കേരള മോട്ടോര്‍ വാഹന ചട്ടം 152 മത്രം ഉപയോഗിച്ചാല്‍ മതി. ഇതിന് സര്‍ക്കാരിന് പുര്‍ണ്ണ അധികാരവുമുണ്ട്. തമിഴ്നാട്ടില്‍ കിലോമീറ്ററിന് 60 പൈസയാക്കി കൂട്ടിയ തമിഴ്നാട് ബസുകൂലി സിപിഐ (എം) സമരത്തെ തുടര്‍ന്ന് 58 പൈസയാക്കി കുറച്ചിരുന്നു. തമിഴ്നാട്ടില്‍ ഇടതുപക്ഷ നിലപാടാണ് നിര്‍ണ്ണായകമായത്. എന്നാല്‍ അയല്‍ സംസ്ഥാനമായ കേരളത്തില്‍ സിപിഐ (എം) ഓര്‍ഡിനറി യാത്രാക്കൂലി ഇരട്ടിയാക്കി. 10 കിലോ മീറ്ററിനും 1200 പൈസയാണ് ഇവിടെ. ആതായത് കിലോമീറ്റര്‍ നിരക്ക് 120 പൈസയും. ഇതില്‍ ജനരോഷം ശക്തമാണ്. ഇത് മറികടക്കാനാണ് ബസ് ഉടമകളെ സ്വാധീനിച്ച്‌ സമരം നടത്തിച്ചതെന്ന സംശയവും സജീവമായിരുന്നു.

കേരളത്തില്‍ ബസ് ചാര്‍ജ് കൂട്ടുന്നതിനായി ഗതാഗത മന്ത്രി നിരത്തിയ കണക്കുകള്‍ തെറ്റെന്ന് നാറ്റ്പാര്‍ക്ക് രേഖകളും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ബസ് ചാര്‍ജ് വര്‍ദ്ധനവ് സമയത്ത് ഡീസല്‍ വില 63. 32 രൂപ. ഇന്നത് 69 രൂപ എന്ന് നാറ്റ്പാര്‍ക്ക് പറയുന്നു. എന്നാല്‍ ഗതാഗതമന്ത്രി പറയുന്നത് അന്ന് 56. 71 രൂപയായിരുന്നു എന്ന്. അങ്ങനെയെങ്കില്‍ പോലും പിന്നീട് ഡീസല്‍ വില കുത്തനെ കുറഞ്ഞിരുന്നു. അന്ന് ഫെയര്‍ ഡിവിഷന്‍ കമ്മറ്റി ചെയര്‍മാന്‍ റിപ്പോര്‍ട്ട് നല്‍കിയത് വില കുറഞ്ഞാലും പിന്നെയും കൂടും അതിനാല്‍ നിരക്ക് കുറക്കേണ്ടതില്ലെന്ന്. ഈ സമയമത്ത് ബസുടമകള്‍ക്ക് അധികലാഭം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഡീസല്‍ വില ഉയരുമ്ബോള്‍ നിരക്ക് കൂട്ടേണ്ടതില്ലെന്നാണ് വാദം. ഇതിനൊപ്പം ഡീസല്‍ വില ഉടന്‍ കുറയാനും സാധ്യതയുണ്ട്. അങ്ങന കുറയുമ്ബോള്‍ നിരക്ക് കുറയ്ക്കുകയുമില്ല. ഇതാണ് ജനരോഷം ശക്തമാകാന്‍ കാരണം.

തൊഴിലാളിയുടെ കൂലി 55% ഉയര്‍ന്നുവെന്നാണ് മന്ത്രി പറയുന്നത്. ഇതും തെറ്റാണ്. 11, 000 രൂപയില്‍ നന്നും 17000 രൂപയായി പോലും ഈ കണക്ക് തെറ്റാണ്. എന്നാല്‍ 2014 ല്‍ നാറ്റ്പാര്‍ക്ക് കണക്കുകള്‍ പ്രകാരം ഒരു തൊഴിലാളിയുടെ 8 മണിക്കൂര്‍ കൂലി 637. 75 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 796. 25 രൂപ മത്രം. കൂടിയത് 24% മാത്രം. ഇതില്‍ നിന്ന് തന്നെ നിരക്ക് വര്‍ദ്ധനവിനായി സര്‍ക്കാരിനെ മന്ത്രി തെറ്റിധരിപ്പിച്ചുവെന്ന വാദമാണ് ശക്തമാകുന്നത്. എന്നാല്‍ ശമ്ബളം കൊടുത്തു മുടിക്കുന്നു എന്നവകാശപ്പെടുന്ന ആനവണ്ടിയുടെ എം പാനല്‍ ജീവനക്കാര്‍ക്ക് തൊഴിലാളി സര്‍ക്കാര്‍ നല്‍കുന്നത് വെറും 440 രൂപ മാത്രം. 2014 ല്‍ ഇത് 400 രൂപയായിരുന്നു. മന്ത്രി പറയുന്ന ശമ്ബള വര്‍ദ്ധനവ് കെ എസ് ആര്‍ ടി സിയില്‍ പോലും ഇല്ലെന്നതാണ് വസ്തുത.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top