×

അഡാര്‍ ലവ് കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലൂടെ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായ നടി പ്രിയ പി. വാര്യര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഹര്‍ജിയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന പ്രിയയുടെ അഭിഭാഷകന്‍ ഹാരിസ് ബീരാന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ തെലുങ്കാനയിലും മഹാരാഷ്ട്രയിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രിയയും സംവിധായകനായ ഒമര്‍ ലുലുവും കോടതിയെ സമീപിച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുക.

പ്രവാചകനെയും പത്നി ഖദീജയെയും അവരുടെ അനശ്വര പ്രണയത്തെയും വാഴ്ത്തുന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അഡ്വ. ഹാരീസ് ബീരാന്‍ മുഖേന നല്‍കിയ റിട്ട് ഹര്‍ജിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. 1978ല്‍ പി.എം.എ. ജബ്ബാര്‍ എഴുതി തലശേരി റഫീഖ് ആലപിച്ചതാണ് ഈ ഗാനം.

യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന ചില സംഘടനകളാണ് ഗാനത്തിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഗാനത്തിലെ വരികളെ തെറ്റായി വ്യാഖ്യാനിച്ച്‌ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ഹര്‍ജിയിലുണ്ട്. ഗാനത്തിനെതിരെ ഹൈദരാബാദിലെ ഫലക്നാമ പൊലീസ് സ്റ്റേഷനില്‍ റാസാ അക്കാഡമിയും മഹാരാഷ്ട്രയില്‍ ജന്‍ജാഗരണ്‍ സമിതിയും നല്‍കിയ പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top