×

ചുംബനസമരം

പ്രകാശന്‍ പുതിയേട്ടി

എന്നും മദ്യപിച്ചുപദ്രവിച്ച
അച്ഛന്‍
എരിഞ്ഞടങ്ങിയപ്പോള്‍
അന്ത്യചുംബനം
നല്‍കാന്‍ തോന്നിയിരുന്നു
ഇങ്ങോട്ടില്ലാത്ത സ്‌നഹം
എന്തിനങ്ങോട്ടെന്ന് കരുതി
ഇടറി നിന്നു

തോളെല്ലുപൊട്ടി
മരവിച്ചു കിടന്നപ്പോള്‍
താലോലിച്ചുറക്കിയ അമ്മ
മരിക്കാന്‍ കിടന്നപ്പോഴും
ഒന്നു കെട്ടിപ്പിടിച്ചുമ്മ
വെക്കാന്‍ തോന്നി
കൂടുതല്‍ സ്‌നഹം
പെങ്ങള്‍ക്ക് കൊടുത്തതിന്റെ
കണക്ക് ബാക്കിയുണ്ടെന്ന
സന്ദേഹത്താല്‍
കഠിനഹൃദയനായി

കനവിലെന്നും നോക്കിച്ചിരിച്ച
നക്ഷത്രക്കണ്ണുള്ള
കാമുകിയോട്
പ്രണയം പറഞ്ഞ്
പുണരണമെന്നുണ്ടായിരുന്നു
ഇഷ്ടപ്പെട്ടില്ലെങ്കിലോ
എന്ന ഭയത്താല്‍
ഒഴിഞ്ഞുമാറി

തീവണ്ടിയില്‍
ദൈന്യം നിറഞ്ഞ
കണ്ണുകളുള്ള
പിഞ്ചോമന ഒരൊറ്റ
നാണയത്തിനായി
ഒതുങ്ങിനിന്നപ്പോള്‍
ആ കവിളില്‍ നുള്ളി
ഒരു കുഞ്ഞുമ്മ
നല്‍കണമെന്ന് വിങ്ങി
മറ്റുള്ളവരുടെ
നോട്ടത്തിലത്
പീഡനമാവുമോ
എന്ന് ഭയന്ന്
പിന്‍വലിഞ്ഞു

അപ്പോഴാണ്
ചുംബനസമരം വന്നത്
ആള്‍ക്കൂട്ടത്തിലലിഞ്ഞ്
ആവേശത്തിമിര്‍പ്പില്‍
കണ്ട പെണ്ണുങ്ങളെയെല്ലാം
തെരുതെരെ ചുംബിച്ചു
പോലീസിന്റെ ലാത്തിയടി
തലക്കേല്‍ക്കും വരെ

 

 

 

പ്രകാശന്‍ പുതിയേട്ടി
പുതിയേട്ടി ഹൗസ്
പാലോട്ടുകുന്നുമ്പ്രം
അഴീക്കോട് പി.ഒ.
കണ്ണൂര്‍ പിന്‍: 670009
ഫോണ്‍: 9249235105

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top