news

വേങ്ങര ഉപതെരഞ്ഞെടുപ്പ്: യു.എ. ലത്തീഫ് ലീഗ് സ്ഥാനാര്‍ഥി

Story Dated: Monday, Sep 18, 2017 05:43 hrs IST
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. പാണക്കാട്ട് രാവിലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി വേദികളില്‍ ആളെക്കൂട്ടുന്ന പ്രാസംഗികനായ ലത്തീഫ് വിവിധ കോര്‍പ്പറേഷനുകളുടെ ചെയര്‍മാന്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയാകാനില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് യു.എ. ലത്തീഫിന് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ. ഖാദര്‍, സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരും സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഉണ്ടായിരുന്നു. സ്ഥാനാര്‍ഥിയാക്കാനില്ലെന്ന് ഇന്നലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചതായി മജീദ് മാധ്യമങ്ങളോട് പറഞ്ഞു.സംഘടനാ ചുമതലയുള്ളതിനാല്‍ പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു മജീദ് പറഞ്ഞു. അതെസമയം കടുത്ത സമ്മര്‍ദം മൂലമാണു മജീദിന്റെ പിന്മാറ്റമെന്നാണു റിപ്പോര്‍ട്ട്. പി.കെ. കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞ വേങ്ങര സീറ്റിലേക്ക് തുടക്കം മുതല്‍ കണ്ണുവച്ചിരുന്നത് മജീദായായിരുന്നു. ഇതിനിടെ, കെ.എന്‍.എ. ഖാദറിന്റെയും പേരും ചര്‍ച്ചയായി. എന്നാല്‍, യുവാക്കള്‍ക്കു പ്രാതിനിധ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് എംഎസ്‌എഫ് ദേശീയ ജോയന്റ് സെക്രട്ടറി എന്‍.എ. കരീം ഫെയ്സ്ബുക്കില്‍ കുറിച്ചതാണു കീഴ്മേല്‍ മറിച്ചത്. വിദ്യാര്‍ഥി നേതാവിന്റെ പരസ്യാധിക്ഷേപം മുതിര്‍ന്ന നേതാക്കള്‍ കണ്ടില്ലെന്ന് നടിച്ചെങ്കിലും തന്നെ അപമാനിക്കുന്നതാണ് ഫെയ്സ്ബുക്ക് പരാമര്‍ശമെന്നായിരുന്നു മജീദ് പ്രതികരിച്ചത്. ഇതിന് പിന്നില്‍ ചില മുതിര്‍ന്ന നേതാക്കളുടെ പങ്കുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് സ്ഥാനാര്‍ഥിയാവാനില്ലെന്ന പ്രഖ്യാപനവുമായി ഇന്നലെ വൈകിട്ടോടെ മജീദ് രംഗത്തെത്തിയത്. പിന്നീട് ജില്ലാ ജനറല്‍ സെക്രട്ടറി ഖാദറിന്റെ പേരാണു സാധ്യതകളില്‍ മുന്നിലുണ്ടായിരുന്നത്. 2011ല്‍ വള്ളിക്കുന്നില്‍നിന്നു മത്സരിച്ചു ജയിച്ച അദ്ദേഹത്തിനു കഴിഞ്ഞതവണ സീറ്റ് നല്‍കിയില്ല. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് സി.പി. ബാവ ഹാജി, മുന്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണി എന്നിവരുടെ പേര് ആദ്യഘട്ടത്തിലുയര്‍ന്നെങ്കിലും പിന്നീടു മങ്ങി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും ലീഗിലെ പടയ്ക്ക് പുറമെ കോണ്‍ഗ്രസുമായുള്ള ഒടുങ്ങാത്ത തര്‍ക്കങ്ങളും വേങ്ങരയിലെ തലവേദനയാണ്. വേങ്ങരയിലെ ആറു പഞ്ചായത്തിലും ലീഗും കോണ്‍ഗ്രസും എതിര്‍ചേരിയിലാണ്.തെരഞ്ഞെടുപ്പ് ജയത്തിന് സംസ്ഥാന നേതാക്കള്‍ ഇടപെട്ട് കോണ്‍ഗ്രസ്- ലീഗ് ഐക്യമുണ്ടാക്കുന്നുണ്ടെങ്കിലും അത് എത്രത്തേളം ഫലപ്രദമാകുമെന്ന് ഇരുകൂട്ടരും ഒരു ഉറപ്പും പറയുന്നില്ല. മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ തുണച്ച എസ്ഡിപിഐ ഇക്കുറി വേങ്ങരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ബിജെപിയും വേങ്ങരയില്‍ കാര്യമായിതന്നെ കച്ചമുറുക്കുന്നുണ്ട്. അഡ്വ. പി.പി.ബഷീറാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്നലെ സിപിഎം പ്രഖ്യാപിച്ചിരുന്നു.
facebook share
Related News
Top News
advertisements
alt
alt