news

ഡല്‍ഹിയ്ക്കു പകരം അഹമ്മദാബാദില്‍ ഒരു വിദേശ പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിച്ചത് ദുരുദ്ദേശപരമെന്ന് കോണ്‍ഗ്രസ്

Story Dated: Thursday, Sep 14, 2017 05:04 hrs IST
ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ഗുജറാത്തില്‍ സ്വീകരണമൊരുക്കിയതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. റോഡ് ഷോ അടക്കമുള്ള സ്വീകരണപരിപാടികള്‍ തലസ്ഥാനമായ ഡല്‍ഹിക്കു പകരം അഹമ്മദാബാദില്‍ ഒരുക്കിയത് വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് ആരോപണം. ഡല്‍ഹിയ്ക്കു പകരം അഹമ്മദാബാദില്‍ ഒരു വിദേശ പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിച്ചത് തികച്ചും അസ്വാഭാവികമായ നടപടിയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ജപ്പാനെപ്പോലൊരു രാജ്യത്തിന്റെ പ്രധാനമന്ത്രി, ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു നയതന്ത്ര പങ്കാളികൂടിയാണ്. ആ നിലയ്ക്ക് കീഴ്വഴക്കങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള ഇത്തരമൊരു നടപടി തീര്‍ത്തും അസ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനുമായി ഇന്ത്യയ്ക്ക് ആഴത്തിലുള്ള നയതന്ത്ര ബന്ധമാണുള്ളത്. അത് സ്ഥാപിക്കപ്പെടുന്നതും ഉറപ്പിക്കപ്പെടുന്നതും യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. ഒരു വിദേശ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. റോഹിംഗ്യ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട്, അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യയ്ക്കുള്ള പാരമ്ബര്യത്തിന് തീര്‍ത്തും വിരുദ്ധമാണെന്നും തിവാരി പറഞ്ഞു. റോഹിംഗ്യ വിഷയവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ സമിതിയുടെ വിമര്‍ശനത്തിന് ഇന്ത്യ പാത്രമാകേണ്ടിവന്നത് ആദ്യ സംഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ തീവണ്ടിപ്പാതയുടെ നിര്‍മാണോദ്ഘാടനം അടക്കം രണ്ടു ദിവസത്തെ പരിപാടികളാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ഇന്ത്യയില്‍ ഉള്ളത്. ഇന്നലെ ഇന്ത്യയിലെത്തിയ ഷിന്‍സോ ആബെയ്ക്ക് അഹമ്മദാബാദില്‍ വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. സബര്‍മതി ഗാന്ധി ആശ്രമം വരെയുള്ള എട്ടു കിലോമീറ്റര്‍ ദൂരം ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് റോഡ് ഷോ നടത്തി.
facebook share
Related News
Top News
advertisements
alt
alt