ടോം ഉഴുന്നാലിനെ വിട്ടയച്ചതിന് മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് മന്ത്രി വികെ സിംഗ്

Story Dated: Wednesday, Sep 13, 2017 07:53 hrs IST
ദില്ലി: യെമനില്‍ ഐഎസ് ഭീകരര്‍ ബന്ദിയാക്കിയിരുന്ന മലയാളി വൈദികന്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഭീകരര്‍ക്ക് മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വികെ സിംഗ്. മോചനദ്രവ്യം നല്‍കിയാണ് ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനമെന്ന വാര്‍ത്തകളോട് പ്രതികകരിച്ചാണ് വിദേശകാര്യമന്ത്രിയുടെ വിശദീകരണം. നയതന്ത്ര നീക്കങ്ങള്‍ നടത്തിയത് നിശബ്ദമായിട്ടാണന്ന് മന്ത്രി പറഞ്ഞു. മോചിതനായി ഒമാനിലെ മസ്കറ്റിലെത്തിയ ഫാദര്‍ ടോം തുടര്‍ന്ന് അദ്ദേഹം ഉള്‍പ്പെടുന്ന സലേഷ്യന്‍ സന്യാസ സമൂഹത്തിന്റെ റോമിലെ ആസ്ഥാനത്തേക്ക് ഇന്നലെ വൈകുന്നേരം തിരിച്ചിരുന്നു. ഫാദര്‍ ടോം ഇന്ത്യയിലേക്ക് എത്തുന്നത് അദ്ദേഹത്തിന്റെ തീരുമാനമനുസരിച്ചാകുമെന്നും മന്ത്രി വികെ സിംഗ് പറഞ്ഞു. അതേസമയം, ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലില്ലാതെയാണ് സാധ്യമായതെന്ന് കരുതുന്നത് വിഡ്ഢിത്തരമായിരിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കത്തോലിക്ക സഭാ ആസ്ഥാനമായ വത്തിക്കാനില്‍ നിന്ന് നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഫാദര്‍ ടോം മോചിതനായതെന്നുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി കണ്ണന്താനം. മലയാളി വൈദികന്റെ മോചനത്തിന് പിന്നില്‍ നടന്ന ഇടപെടലുകളെക്കറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്തുപറയാനാകില്ല. രഹസ്യാക്കി വെയ്ക്കേണ്ട കാര്യങ്ങള്‍ പരസ്യമാക്കാാനാകില്ലെന്നും കണ്ണന്താനം പറഞ്ഞു. ഇന്നലെ രാവിലെയാണ് യെമനിലിലെ ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി ഫാദര്‍ ടോം, ഒമാന്‍ തലസ്ഥനമായ മസ്കറ്റിലെത്തിയത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖ്വാബൂസിന്റെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ക്കൊടുവിലാണ് മലയാളി വൈദികന്റെ മോചനം സാധ്യമായത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫാദര്‍ ടോമിന്റെ മോചനത്തിനായി ശ്രമം നടത്തിവരുകയായിരുന്നു. സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാദര്‍ ടോം, യെമനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2016 മാര്‍ച്ച്‌ നാലിനാണ് ഐഎസ് തീവ്രവാദികള്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാല് കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. തുടര്‍ന്ന് കത്തോലിക്കാ സഭയും ഇന്ത്യന്‍ വിദേശകാര്യവകുപ്പും വിവിധ തലങ്ങളില്‍ ഫാദര്‍ ടോമിന്റെ മോചനത്തിനായി ശ്രമം നടത്തിവരുകയായിരുന്നു. ഫാദര്‍ ടോമിനെ വിടണമെങ്കില്‍ വന്‍തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകര്‍ ഉപാധിവച്ചിരുന്നു. ഇതിനിടെ മൂന്നു തവണ ഫാദര്‍ ഉഴുന്നാലിന്റെ വീഡിയോ ചിത്രങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു.
facebook share
Related News
Top News
advertisements
alt
alt