×

എക്‌സ്‌‌പ്രസ് ട്രെയിനില്‍ തീയിട്ടത് ഉത്തര്‍പ്രദേശ് സ്വദേശി ഷഹറുഖ് സെയ്‌ഫി

കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്‌‌പ്രസ് ട്രെയിനില്‍ തീയിട്ടത് ഉത്തര്‍പ്രദേശ് സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്.

നോയിഡ സ്വദേശിയായ ഷഹറുഖ് സെയ്‌ഫിയാണ് പ്രതിയെന്നാണ് വിവരം. ഇയാള്‍ കോഴിക്കോട് കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നെന്ന സൂചനയുമുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നതും.

ഇയാള്‍ ട്രെയിനിന് തീയിട്ടതിനുശേഷം ഇറങ്ങിയോടുകയായിരുന്നു. പ്രതി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതിയുടേതെന്ന നിലയില്‍ പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്നത് അക്രമിയല്ലെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ രേഖാചിത്രത്തിലെ വ്യക്തിയുമായി രൂപസാദൃശ്യമുള്ളയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. കാലിന് പൊള്ളലേറ്റതിനാല്‍ ആശുപത്രിയിലെത്തിയതായിരുന്നു ഇയാള്‍. തുടര്‍ന്ന് പൊലീസ് സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

പ്രതി ഉപേക്ഷിച്ചതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കണ്ടെടുത്ത ഫോണും കേസില്‍ നിര്‍ണായകമാകും. മാര്‍ച്ച്‌ 30നാണ് ഫോണ്‍ അവസാനമായി ഉപയോഗിച്ചിരിക്കുന്നത്. ഫോണിലെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഫോണും നോട്ട്ബുക്കുമുള്‍പ്പെടെയുള്ള സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നത്. പുകയില ഉപയോഗം കുറക്കണം, പണം കുറച്ച്‌ ചെലവാക്കണം, ജീവിതത്തില്‍ നേടേണ്ട ലക്ഷ്യങ്ങള്‍, വിവിധ സ്ഥലപ്പേരുകള്‍ തുടങ്ങി പരസ്‌‌പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്. ഇംഗ്ലീഷില്‍ ‘എസ്’ എന്ന് പല ആകൃതിയില്‍ എഴുതിയിട്ടുണ്ട്. നോട്ട്ബുക്കിന്റെ പല ഭാഗങ്ങളിലായി ചില പേരുകളും എഴുതിയിട്ടുണ്ട്. അക്രമിക്ക് മറ്റ് പലരുടെയും സഹായം ലഭിച്ചേക്കാമെന്ന സംശയത്തിന് ആക്കംകൂട്ടുന്നതാണിത്. നോയിഡ എന്ന് എഴുതിയ ഒരു പേജും കണ്ടെത്തിയിരുന്നു.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡി ജി പി അനില്‍കാന്ത് അറിയിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും. സംഭവത്തെക്കുറിച്ച്‌ നിര്‍ണായക തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും ഡി ജി പി അറിയിച്ചിരുന്നു.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ആലപ്പുഴ – കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ സഹയാത്രികര്‍ക്ക് നേരെ തീ കൊളുത്തിയത്. ഡി വണ്‍ കമ്ബാര്‍ട്ട്മെന്റിലെ യാത്രക്കാര്‍ തമ്മില്‍ വഴക്കുണ്ടായെന്നും പിന്നാലെ ഒരാള്‍ പെട്രോളൊഴിച്ച്‌ സഹയാത്രികനെ തീകൊളുത്തിയെന്നുമാണ് പ്രാഥമിക വിവരം. കോഴിക്കോട് എലത്തൂര് വച്ചാണ് സംഭവം.

സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പൊള്ളലേറ്റിരുന്നു.പരിക്കേറ്റവരെ പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ഇതില്‍ ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രിന്‍സ് എന്ന യാത്രക്കാരന്റെ നില ഗുരുതരമാണെന്നാണ് വിവരം. തലശേരി സ്വദേശി അനില്‍കുമാര്‍, ഭാര്യ സജിഷ, മകന്‍ അദ്വൈത് തളിപ്പറമ്ബ് സ്വദേശി റൂബി, തൃശൂര്‍ സ്വദേശി അശ്വതി എന്നിവര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മട്ടന്നൂര്‍ സ്വദേശികളായ നൗഫിക്, റഹ്മത്ത്, സഹോദരിയുടെ മകള്‍ സഹറ എന്നിവരാണ് മരിച്ചത്. തീപിടിത്തമുണ്ടായപ്പോള്‍ ഇവര്‍ ഭയന്ന് പുറത്തേയ്ക്ക് ചാടുകയായിരുന്നെന്നാണ് നിഗമനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top