×

5 ഓണ സദ്യക്ക് 1300 രൂപ വാങ്ങി; കാത്തിരുന്നിട്ടും സദ്യ എത്തിയില്ല ; ഹോട്ടലിന് 45,000 രൂപ പിഴയിട്ടു

കൊച്ചി: തിരുവോണസദ്യ മുടക്കിയ ഹോട്ടല്‍, പരാതിക്കാരിയായ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടു.

‘ഓരോ മലയാളിക്കും തിരുവോണസദ്യയുമായി വൈകാരിക ബന്ധമാണുള്ളത്. പണം നല്‍കി ഏറെ സമയം കാത്തിരിന്നിട്ടും സദ്യ എത്തിക്കാതെ പരാതിക്കാരിയെ നിരാശയിലാഴ്ത്തിയ എതിര്‍കക്ഷി സദ്യയ്ക്കായി ഈടാക്കിയ 1295 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും 9% പലിശ സഹിതം ഒരു മാസത്തിനകം നല്‍കണമെന്ന് കോടതി വിധിച്ചു.

എറണാകുളം വൈറ്റില സ്വദേശി ബിന്ധ്യ സുല്‍ത്താന്റെ പരാതിയില്‍ ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രന്‍ , ടി.എന്‍. ശ്രീവിദ്യ എന്നിവരാണ് എറണാകുളം മെയ്‌സ് റസ്റ്റോറന്റിനെതിരെ ഉത്തരവിട്ടത്.

ഓണത്തിന് വീട്ടിലെത്തുന്ന അതിഥികള്‍ക്കായി ‘സ്‌പെഷ്യല്‍ ഓണസദ്യ ‘ പരാതിക്കാരി ബുക്ക് ചെയ്തിരുന്നു. അഞ്ച് ഊണിന് 1295 രൂപയും നല്‍കി. എന്നാല്‍ അതിഥികളെത്തി ഊണ് സമയം കഴിഞ്ഞിട്ടും ഹോട്ടലില്‍ നിന്ന് പാഴ്സല്‍ എത്തിച്ചില്ല. സദ്യ എത്തുമെന്ന പ്രതീക്ഷയില്‍ വീട്ടിലൊന്നും ഉണ്ടാക്കിയിരുന്നുമില്ല. ഹോട്ടലുകാരെ ഫോണില്‍ ബന്ധപ്പെടാന്‍ പലവട്ടം ശ്രമിച്ചിട്ടും അവര്‍ പ്രതികരിച്ചില്ല. വൈകിട്ട് 6 മണിയായപ്പോഴാണ് തിരികെ വിളിച്ചത്. അഡ്വാന്‍സ് തുക മടക്കിനല്‍കാനും തയ്യാറായില്ല.

‘എതിര്‍കക്ഷിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് പരാതിക്കാരിയും കുടുംബവും അനുഭവിച്ച കടുത്ത മനോവിഷമത്തിന് കാരണം. സദ്യ എത്തിക്കാന്‍ കഴിയില്ലെന്ന കാര്യം യഥാസമയം പരാതിക്കാരിയെ അറിയിച്ചില്ലെന്ന് മാത്രമല്ല ഫോണില്‍ പലതവണ വിളിച്ചിട്ടും മറുപടി നല്‍കാന്‍ പോലും എതിര്‍കക്ഷി കൂട്ടാക്കിയില്ലെന്നും ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top