×

ക്യാമറയ്ക്ക് ചെലവ് 232.25 കോടിക്കല്ല വെറും 83.63 കോടി ; ബാക്കി മുഴുവന്‍ ഇടനിലക്കാര്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ്

തിരുവനന്തപുരം: എ.ഐ കാമറ സ്ഥാപിച്ചതില്‍ കോടികളുടെ വെട്ടിപ്പ് നടന്നെന്ന സംശയം ബലപ്പെടുന്നതിനിടെ ഇന്റലിജന്‍സ് ബ്യൂറോയും (ഐ.ബി) വിവര ശേഖണം തുടങ്ങി.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. ഐ.ബിയുടെ തിരുവനന്തപുരം യൂണിറ്റാണ് ഇടപാടിന്റെ രേഖകള്‍ ശേഖരിക്കുന്നത്.

സാമ്ബത്തിക തിരിമറി കണ്ടെത്തിയാല്‍ കള്ളപ്പണക്കേസില്‍ ഇ.ഡി അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ ഐ.ബിക്കാവും. ലൈഫ് കേസിലെപ്പോലെ സി.ബി.ഐ അന്വേഷണത്തിനും വഴിവച്ചേക്കും.

അതിനിടെ, 232.25 കോടിക്കല്ല വെറും 83.63 കോടി രൂപയ്ക്ക് കാമറ സ്ഥാപിക്കാനാണ് കരാറെന്ന രേഖ ഇന്നലെ പുറത്തായതും തിരിച്ചടിയായി. മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രേഖകള്‍ പുറത്തുവിട്ടത്.

കെല്‍ട്രോണില്‍ നിന്ന് കരാറെടുത്ത എസ്.ആര്‍.ഐ.ടി, കാമറകളും അനുബന്ധ ഉപകരണങ്ങളും സോഫ്‌റ്റ്‌വെയറുമുള്‍പ്പെടെ 75.33 കോടിക്ക് വാങ്ങാനാണ് ഉപകരാറുകാരായ ലൈറ്റ്മാസ്റ്ററിന് ഓര്‍ഡര്‍ നല്‍കിയത്. സിവില്‍ ജോലികള്‍ക്ക് 8.3 കോടി രൂപ കൂടി കണക്കാക്കിയാണ് 83.63 കോടിയാവുന്നത്. ഇതിന് കെല്‍ട്രോണ്‍ എസ്.ആര്‍.ഐ.ടിക്ക് 151.22കോടിയുടെ കരാറാണ് നല്‍കിയത്.

മൂന്ന് മെഗാപിക്സലിന്റെ 175, അഞ്ച് മെഗാപിക്സലിന്റെ 500 എ.ഐ കാമറകള്‍, നോപാര്‍ക്കിംഗ് കണ്ടെത്താനുള്ള 25 പി.ടി.സെഡ് കാമറകളും അനുബന്ധ ഉപകരണങ്ങളും 18% ജി.എസ്.ടിയും അടക്കമാണ് 75.33 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍. 2 വര്‍ഷത്തെ അറ്റകുറ്റപ്പണിക്കുമുള്ള തുകയും ഇതില്‍പ്പെടുന്നു.

പ്രസാഡിയോയും ലൈറ്റ്മാസ്റ്ററും കൂടിയാണ് പദ്ധതി നടപ്പാക്കേണ്ടതെന്നാണ് കരാറുണ്ടാക്കിയത്. ഇതില്‍ സാക്ഷിയായി ഒപ്പിട്ടത് കെല്‍ട്രോണിലെ ഉദ്യോഗസ്ഥയാണ്. ഉപകരാറുകളെക്കുറിച്ച്‌ ഒന്നുമറിയില്ലെന്നാണ് കെല്‍ട്രോണ്‍ പറഞ്ഞിരുന്നത്. ഉപകരണങ്ങളുടെ വിതരണക്കാര്‍ ലൈറ്റ്മാസ്റ്ററാണ്. കെല്‍ട്രോണിന് ആറു കോടി സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കിയത് പ്രസാഡിയോ ആണ്. 5വര്‍ഷം കൊണ്ട് 20 തവണകളായി സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ നിന്ന് എസ്.ആര്‍.ഐ.ടിക്ക് 9 കോടി സര്‍വീസ്‌ ചാര്‍ജ്ജുമുണ്ട്.

പദ്ധതി മേല്‍നോട്ടച്ചുമതലയുള്ളവര്‍ പര്‍ച്ചേസ് നടത്തരുതെന്ന ഉത്തരവും കെല്‍ട്രോണ്‍ ലംഘിച്ചു. സാങ്കേതിക സഹായം നല്‍കുന്ന ടെക്നോപാര്‍ക്കിലെ ട്രോയ്സ്, കെ-ഫോണ്‍ പദ്ധതിയിലെയും നടത്തിപ്പുകാരാണ്. ജനങ്ങളുടെ ചിത്രങ്ങളടക്കം ഡേറ്റാ സൂക്ഷിക്കുന്നതും സ്വകാര്യകമ്ബനിയാണ്.

66 കോടി പുറമേ

സംസ്ഥാന, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കാല്‍, ലാപ്ടോപ്പ് പര്‍ച്ചേസ്, കണ്‍ട്രോള്‍ റൂമിലെ 146 ജീവനക്കാരുടെ ശമ്ബളം, കണക്ടിവിറ്റി, കാമറഘടിപ്പിക്കാനുള്ള 4 വൈദ്യുത കാറുകള്‍ എന്നിവയ്ക്ക് 66കോടി വേറെയുമുണ്ട്

എ.ഐ 675

675 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളാണ് ഘടിപ്പിച്ചിട്ടുള്ളതെന്നാണ് മന്ത്രി ആന്റണിരാജു ഫെബ്രുവരി 8ന് നിയമസഭയില്‍ പറഞ്ഞത്. ഇതടക്കമാണ് 726കാമറകള്‍. 14 കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കി.

തിരിച്ചടവ് ഇങ്ങനെ

കാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവിനത്തില്‍ മൂന്നു മാസത്തിലൊരിക്കല്‍ 3.5 കോടി, കാമറകള്‍ സ്ഥാപിച്ചതിന് 8.5 കോടി എന്ന കണക്കില്‍ കെല്‍ട്രോണിന് സര്‍ക്കാര്‍ നല്‍കണം. പിഴത്തുകയില്‍ ഇത് കഴിച്ചുള്ളത് സര്‍ക്കാരിനാണ്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top