×

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവില്‍ കോണ്‍ഗ്രസ് രണ്ടുതട്ടില്‍

ന്യൂഡല്‍ഹി: സര്‍വകലാശാല വിസിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവില്‍ കോണ്‍ഗ്രസ് രണ്ടുതട്ടില്‍. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് നിലപാടില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ ഗവര്‍ണറെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഒമ്ബത് സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചട്ടവിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ എല്ലാ സര്‍വകലാശാലാ നിയമനങ്ങളും എതിര്‍ക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണെന്ന വസ്തുത നിലനില്‍ക്കെത്തന്നെ, സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാന്‍സലര്‍ സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ സ്വീകരിച്ചാല്‍പ്പോലും ചോദ്യം ചെയ്യേണ്ടതാണ്. കേരളത്തിലെ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടതുമുന്നണി സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്.

സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അനുസരിക്കേണ്ടതാണ്. ഇത്തരത്തില്‍ നിയമപരമായാണ് ഓരോ അനധികൃത നിയമനങ്ങളും തിരുത്തപ്പെടേണ്ടത്. മറിച്ച്‌, കേന്ദ്രസര്‍ക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പിലാക്കുന്ന ഗവര്‍ണര്‍ വഴിയല്ല- കെസി വേണുഗോപാല്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top