×

സംഭവം ചാലക്കുടിയില്‍ ; മൃതദേഹത്തിന്റെ നഗ്നദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചു; നടപടി എടുക്കാതിരുന്ന പോലീസിന്റെ മുഖത്ത് നോക്കി വിജയ ചോദിച്ചത് ഇങ്ങനെ..

തൃശൂര്‍: മകളുടെ മൃതദേഹത്തിന്റെ നഗ്നദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാഴ്ച്ചയ്ക്ക് ശേഷം മൊഴിയെടുക്കാനെത്തിയ പോലീസിനോട് ഒരമ്മയുടെ ചോദ്യം..’സാറിന്റെ ഭാര്യയ്ക്കാണ് ഈ ഗതി വന്നിരുന്നതെങ്കില്‍ എന്തു ചെയ്യുമായിരുന്നു..?’ എന്നാല്‍ പോലീസുകാര്‍ക്ക് ആ ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല.

ചാലക്കുടി കുറ്റിച്ചറ നടുമുറ്റത്ത് വിജയയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

34കാരിയായ മകളുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് സമയത്തെ നഗ്ന ദൃശ്യങ്ങള്‍ പ്രദേശവാസിയായ സ്റ്റുഡിയോ ഉടമ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. ഈ പരാതിയില്‍ മൊഴിയെടുക്കാന്‍ വെളളിക്കുളങ്ങര സിഐ എത്തിയപ്പോഴായിരുന്നു ആ അമ്മയുടെ ചോദ്യം. അതേസമയം ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ പുറത്തു വിട്ടെന്നറിഞ്ഞ് സ്റ്റുഡിയോ ഉടമയെ മര്‍ദിച്ച കേസില്‍ പൊന്നാംപള്ളില്‍ തെക്കേക്കുന്നേല്‍ സിജു ജോസഫ് ജയിലിലാണ്. ലിജിയുടെ 13 ഉം 11 ഉം വയസ്സ് മാത്രം പ്രായമുള്ള മക്കളുടെ സംരക്ഷണം കൂടി ഇപ്പോള്‍ മുത്തശ്ശി വിജയയുടെ ചുമലിലാണ്.

കഴിഞ്ഞ ഏപ്രില്‍ 24 നാണ് വീരന്‍ചിറങ്ങരയില്‍ ഓട്ടോറിക്ഷ അപകടത്തില്‍ വിജയയുടെ മകള്‍ ലിജി മരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കെത്തിയ പൊലീസ് ഫൊട്ടോഗ്രഫര്‍മാരെ കൊണ്ടുവന്നിരുന്നില്ല. പകരം ഫൊട്ടോഗ്രാഫര്‍മാരെ അന്വേഷിച്ചെങ്കിലും ഞായറാഴ്ചയായിരുന്നതിനാല്‍ ആരെയും കിട്ടിയില്ല. തുടര്‍ന്ന് കോടശേരി പഞ്ചായത്തിലെ പത്താം വാര്‍ഡ് അംഗം ജോഫിന്‍ ഫ്രാന്‍സിസിന്റെ മൊബൈല്‍ ഫോണില്‍ ഇന്‍ക്വസ്റ്റ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പൊലീസ് നിര്‍ദേശിച്ചു. ഇതു പ്രിന്റ് ചെയ്യാനാണ് കുറ്റിച്ചിറയിലുള്ള സിന്ദൂരി സ്റ്റുഡിയോ ഉടമ സിദ്ധാര്‍ഥനെ ഏല്‍പിച്ചത്. ചിത്രങ്ങള്‍ പ്രിന്റെടുത്തു പൊലീസിനു കൈമാറുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ സിദ്ധാര്‍ഥന്‍ മൃതദേഹത്തിന്റെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ അപ്‍ലോഡ് ചെയ്തെന്നാണ് പരാതി. ചിത്രങ്ങളും സ്ക്രീന്‍ ഷോട്ടുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു‍. മരണത്തിന്റെ 40 ാം ദിവസത്തെ ചടങ്ങുകള്‍ നടക്കുമ്ബോഴാണ് ഭാര്യയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിവരം ലിജിയുടെ ഭര്‍ത്താവ് സിജു അറിഞ്ഞത്. അതു ചോദിക്കാന്‍ സ്റ്റുഡിയോയില്‍ എത്തിയ സിജുവും സിദ്ധാര്‍ഥനുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. മര്‍ദനമേറ്റ സിദ്ധാര്‍ഥന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. മകളുടെ മൃതദേഹത്തോട് അനാദരവു കാട്ടിയ വിവരം അറി​ഞ്ഞതോടെയാണ് വിജയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പട്ടികജാതി വിഭാഗത്തില്‍ പെട്ട വിജയയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചതിനാല്‍ മകളും കുടുംബവുമായിരുന്നു ഏക ആശ്രയം. വിജയയുടെ മകന്‍ ഭിന്നശേഷിക്കാരനാണ്. സിജു ജയിലിലായതോടെ അദ്ദേഹത്തിന്റെ വയോധികയായ മാതാവിന്റെ പരിചരണവും വിജയയുടെ ചുമതലയിലാണ്. മകളോടു ചെയ്ത ദ്രോഹത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ തിങ്കളാഴ്ച നടപടി ഉണ്ടാകുമെന്നു പറ‍ഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നു വിജയ പറഞ്ഞു. പകരം സ്റ്റുഡിയോ ഉടമ സിദ്ധാര്‍ഥനെ മര്‍ദിച്ചെന്ന കേസില്‍ മരുമകനുമായി തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. അന്നു തന്നെ വിട്ടയയ്ക്കുമെന്ന ഉറപ്പിലാണ് ഹാജരാക്കിയത്. പക്ഷേ സ്റ്റുഡിയോ ആക്രമിച്ചു, ക്യാമറ മോഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സിജുവിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചെന്നു വിജയ പറയുന്നു.

സിദ്ധാര്‍ഥനെതിരെ നേരത്തെയും സമാന പരാതി ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. മൃതദേഹത്തോട് അനാദരവു കാട്ടിയ സംഭവത്തില്‍ ഒരാഴ്ചയായിട്ടും നടപടി എടുക്കാതിരുന്ന പൊലീസ്, മാധ്യമങ്ങള്‍ സ്ഥലത്തെത്തിയ വിവരം അറിഞ്ഞതോടെയാണ് വിജയയുടെ മൊഴിയെടുക്കാനെത്തിയത്. സംഭവത്തില്‍ നിയമപരമായ നടപടിയുണ്ടാകുമെന്ന് തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റെ പറഞ്ഞു.

Dailyhunt

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top