×

” കെ റെയിൽ – എം എൽഎ മാർക്ക് ക്ലാസ് ” – 100 കിലോമീറ്റർ വീതം 5 വലിയ കരാറുകൾ നൽകി 3 വർഷം കൊണ്ട് പൂർത്തിയക്കും – എം എൽഎ മാരോട് എം ഡി അജിത് കുമാറിന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ ട്രാക്ക് സ്ഥാപിക്കാനുള്ള മണ്‍ത്തിട്ടകള്‍ പ്രളയമുണ്ടാക്കില്ലെന്നും മഴക്കാലത്ത് വെള്ളത്തെ സമീപത്തെ ഒഴുക്കുള്ള സ്ഥലങ്ങളിലേക്ക് തിരിച്ചുവിടാനുള്ള എന്‍ജിനിയറിംഗ് പ്ലാന്‍ നടപ്പാക്കുമെന്നും കെ-റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി.അജിത്കുമാര്‍ പറഞ്ഞു.

പദ്ധതി സംബന്ധിച്ച്‌ നിയമസഭയില്‍ എം.എല്‍.എമാര്‍ക്കായി നടത്തിയ അവതരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 9 മീറ്റര്‍വരെ ഉയരത്തില്‍ മണ്‍ത്തിട്ടകളുണ്ടാവും. ഇവയുടെ അടിയിലൂടെ വെള്ളമൊഴുകാന്‍ സംവിധാനമുണ്ടാക്കും. ഇതിനായി ഹൈഡ്രോഗ്രാഫി സര്‍വേ തുടങ്ങി.

പദ്ധതിക്ക് ദേശീയപാത നിര്‍മ്മിക്കുന്നതിലും പകുതി പാറയും മണ്ണും മതി. കേരളത്തില്‍ ലഭ്യമായ ക്വാറിയുത്പന്നങ്ങള്‍ എടുത്തശേഷം തമിഴ്നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എത്തിക്കും. ഇതിനായി പ്രത്യേക നിരക്കില്‍ റെയില്‍വേ വാഗണുകള്‍ വിട്ടുനല്‍കും. 68.49ലക്ഷം ക്യുബിക് മീറ്റര്‍ കരിങ്കല്ലാണ് വേണ്ടത്. കരാറുകാരാണ് ഇവ എത്തിക്കേണ്ടത്. എവിടെനിന്നും കരാറുകാര്‍ക്ക് വാങ്ങാം. കൊണ്ടുവരാന്‍ കെ-റെയില്‍ സൗകര്യമൊരുക്കും. പ്രളയം ഒഴിവാക്കാന്‍ നടപടിവേണമെന്നും പാറയും കല്ലും എവിടെ നിന്നെത്തിക്കുമെന്ന് വ്യക്തത വേണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

നൂറു കിലോമീറ്റര്‍ വീതം അഞ്ച് വലിയ കരാറുകള്‍ നല്‍കി മൂന്നുവര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് തോമസ്.കെ തോമസിന് എം.ഡി മറുപടി നല്‍കി. പരിസ്ഥിതി ആഘാത പഠനത്തിനും പ്രാഥമിക സര്‍വേയ്ക്കും വിജ്ഞാപനമിറക്കിയെങ്കിലും ഭൂമി വില്‍ക്കാനോ വാങ്ങാനോ തടസമില്ല. നിര്‍മ്മാണഘട്ടത്തില്‍ പ്രതിദിനം 50,000പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് സേവ്യര്‍ചിറ്റിലപ്പള്ളിക്കും പി.വി.അന്‍വറിനും മറുപടി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി.രാജേഷ്, മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, പി.പ്രസാദ്, ആര്‍.ബിന്ദു, കെ.രാജന്‍, കെ.കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

സംശയങ്ങളും എം.ഡിയുടെ മറുപടിയും

സച്ചിന്‍ദേവ്: സ്റ്റേഷനുകള്‍ 11ല്‍ കൂടിയാല്‍ കാസര്‍കോട് വരെ യാത്രാസമയം 3.54 മണിക്കൂറില്‍ കൂടില്ലേ?

മറുപടി: കൂടുതല്‍ സ്റ്റോപ്പ് വേണ്ടെന്നാണ് നിലവിലെ തീരുമാനം.

പി.പി.ചിത്തരഞ്ജന്‍: പദ്ധതി ചെലവ് 63,491കോടിയില്‍ തീരുമോ?

മറുപടി: പദ്ധതി ഒരുവര്‍ഷം വൈകിയാല്‍ 3500കോടി കൂടും. ഇപ്പോള്‍തന്നെ രണ്ടുവര്‍ഷം നഷ്ടമായി.

കെ.വി.സുമേഷ്: ബ്രോഡ്ഗേജ് പാതയിലൂടെ ഓടിക്കാനാവില്ലേ?

മറുപടി: നിലവിലെ ബ്രോഡ്ഗേജ് പാതയിലൂടെ 160 കിലോമീറ്ററിനുമേല്‍ വേഗത്തില്‍ ഓടിക്കാനാവില്ല. വേഗം കൂട്ടണമെങ്കില്‍ ട്രാക്ക്, സിഗ്നല്‍, ഇലക്‌ട്രിക്കല്‍, കോച്ച്‌ എന്നിവയെല്ലാം പുതുതായി ഉണ്ടാവണം. ഇതിന് 20 വര്‍ഷമെടുക്കും.

പി.വി.ശ്രീനിജന്‍: നഗരങ്ങളില്‍ റോഡ് വീതികൂട്ടല്‍ അടക്കം അനുബന്ധ പദ്ധതികള്‍ നടപ്പാക്കുമോ?

മറുപടി: 11സ്റ്റേഷനുകളില്‍ നിന്നും തുടര്‍യാത്രയ്ക്ക് ബസ്, ട്രെയിന്‍, ടാക്സി സൗകര്യം ഒറ്റടിക്കറ്റില്‍ ലഭ്യമാക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top