×

തിമിര ശസ്ത്രക്രിയ – 35 ലക്ഷം രൂപാ കേസില്‍ നിര്‍ണ്ണായക വിധി ; രോഗികള്‍ക്ക് ആശ്വാസം

കൊച്ചി: ഡോക്ടര്‍മാരുടെ സേവനം ഉള്‍പ്പെടുന്ന മെഡിക്കല്‍ പ്രഫഷന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര നിയമത്തിന്റെ പരിധിയില്‍ വരുമെന്നു ഹൈക്കോടതി വ്യക്തമാക്കുമ്ബോള്‍ ആശുപത്രി കൊള്ളകള്‍ക്ക് ഇനി അടിയന്തര ഇടപെടലുകള്‍ക്ക് സാധ്യത.

ചികിത്സ പിഴവ് ആരോപിച്ചുള്ള പരാതികള്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങള്‍ക്ക് ഇനി പരിഗണിക്കാം. ഇതോടെ നൂലാമാലകളില്ലാതെ ഈ കേസുകളില്‍ ഇരകള്‍ക്ക് നിയമനടപടികള്‍ എടുക്കാനാകും. പാവങ്ങള്‍ക്ക് നിയമ നൂലാമാലകള്‍ പരമാവധി കുറഞ്ഞു കിട്ടുമെന്നതാണ് ഈ ഉത്തരവിന്റെ പ്രത്യേകത.

നാം പണം കൊടുത്ത് വാങ്ങുന്ന സാധനത്തിനോ സേവനത്തിനോ പോരായ്മ ഉണ്ടായെങ്കില്‍ പരിഹാരം ഉണ്ട്. ഒന്നാമതായി പോരായ്മയുണ്ടായ സാധനം തന്നയാളെ, അതായത് കച്ചവടക്കാരനേയോ നിര്‍മ്മാതാവിനേയോ വിവരം അറിയിക്കുക. അത് നേരില്‍ പറയാം. ഫോണ്‍ ചെയ്യാം. കത്തയക്കാം. തനിക്ക് കേടില്ലാത്തതും ഉപയോഗപ്രദവുമായ പകരം സാധനം തരാന്‍ ആവശ്യപ്പെടാം. നഷ്ടപരിഹാരം ആവശ്യപ്പെടാം. അതിന് അവര്‍ തയ്യാറായില്ലെങ്കില്‍, ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കാം. അതുപോലെ സാധനത്തിലോ സേവനത്തിലോ ഉള്ള പോരായ്മമൂലമുള്ള കഷ്ടനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതുമാണ്.

സംഭവം നടന്ന ജില്ലയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ വേണം പരാതി നല്‍കേണ്ടത്. അല്ലെങ്കില്‍ എതിര്‍ കക്ഷിയുടെ വീടോ ഓഫീസോ ബ്രാഞ്ചോഫീസോ ഉള്ള ജില്ലയിലും പരാതി നല്‍കാം. പരാതി നല്‍കുന്നതിന് പ്രത്യേകം മാതൃക ഒന്നും ഇല്ല. വെള്ളപേപ്പറില്‍ മതി.പരാതി എഴുതി ആവശ്യമായ പകര്‍പ്പുകളോടെ ഫയല്‍ ചെയ്യണം. എത്ര എതിര്‍കക്ഷികളുണ്ടോ അത്രയും എണ്ണവും പരാതികളും കൂടെ മൂന്നു കോപ്പികളും ചേര്‍ത്ത് ഫോറത്തില്‍ സൂപ്രണ്ടിനെകണ്ട് ഫയല്‍ ചെയ്ത് നമ്ബര്‍ വാങ്ങണം. എതിര്‍ കക്ഷികള്‍ രണ്ടുപേരെങ്കില്‍ അഞ്ച് കോപ്പികളും ഒരാളേ ഉള്ളുവെങ്കില്‍ നാല് കോപ്പികളും എന്ന കണക്കില്‍ വേണം പരാതിയുടെ കോപ്പികള്‍ എടുക്കേണ്ടത്.

ഫോറത്തില്‍ കേസു വിളിക്കാന്‍ നിശ്ഛയിക്കുന്ന തീയതിയില്‍ പരാതിക്കാരന്‍ കൃത്യമായും ഹാജരാവണം.സ്വയം ഹാജരാവാന്‍ കഴിയില്ലെങ്കില്‍ അധികാരപ്പെടുത്തിയ സമ്മതപത്രവും നല്‍കി ഒരാളെ അയച്ചിരിക്കണം. എതില്‍ കക്ഷി ഹാജരുണ്ടോ ഇല്ലയോ എന്നത് ഒരു പ്രശ്‌നമല്ല. പരാതിക്കാരന്‍ ഹാജരായേ പറ്റൂ. അത്രമാത്രം. ലളിത നടപടികളിലൂടെ നീതി ഉറപ്പാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ആരോഗ്യ മേഖലയെ ഇതിലേക്ക് കൊണ്ടു വരുമ്ബോള്‍ സാധാരണക്കാര്‍ക്ക് പ്രതീക്ഷ ഏറെയാണ്. ആശുപത്രിക്കൊള്ളകളിലെ നീതി നിഷേധത്തില്‍ ആര്‍ക്കും തനിച്ചു തന്നെ പോരാട്ടം നയിക്കാന്‍ കഴിയും.

തിമിരത്തിനുള്ള ചികിത്സയെ തുടര്‍ന്ന് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കണ്ണൂര്‍ സ്വദേശിനി ടി.പി.അംബുജാക്ഷി 32.52 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചതാണ് തര്‍ക്കത്തിന് ആധാരം. ഇത്തരം പരാതികള്‍ ഉപഭോക്തൃ കമ്മിഷനില്‍ നിലനില്‍ക്കില്ലെന്നു ഡോക്ടര്‍മാര്‍ വാദിച്ചു. ഇത് അംഗീകരിച്ചില്ല. നിയമപോരാട്ടം ഹൈക്കോടതിയിലും എത്തി. കണ്ണൂരിലെ ഡോ.വിജില്‍ ഉള്‍പ്പെടെ ഒരുകൂട്ടം ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് എന്‍.നഗരേഷിന്റെ വിധി. ഇനി സുപ്രീംകോടതിയെ ഡോക്ടര്‍മാര്‍ സമീപിച്ചേക്കും. എങ്കിലും അനുകൂല വിധി ഉണ്ടാകാന്‍ സാധ്യതയില്ല.

ഡോക്ടര്‍മാര്‍ പല സ്ഥലങ്ങളില്‍ കേസ് നടത്താന്‍ പോകുന്നതു മെഡിക്കല്‍ സേവനങ്ങളെ ബാധിക്കുമെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍, സൗജന്യമോ വ്യക്തിഗത സേവന കരാറില്‍പ്പെട്ടതോ അല്ലാതെ ഉപയോക്താക്കള്‍ക്കു ലഭ്യമാകുന്ന ഏതു സേവനവും 2(42) വകുപ്പിന്റെ പരിധിയില്‍ വരുമെന്ന് 2019 ലെ നിയമത്തില്‍ പറയുന്നതു കോടതി ചൂണ്ടിക്കാട്ടി. സൗജന്യം അല്ലാത്ത മെഡിക്കല്‍ സേവനങ്ങളും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ഡോക്ടര്‍മാരുടെ കണ്‍സല്‍റ്റേഷന്‍, രോഗനിര്‍ണയം, ചികിത്സ തുടങ്ങിയവ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന്, 1986 ലെ നിയമം വ്യാഖ്യാനിച്ചു സുപ്രീം കോടതി പറഞ്ഞിട്ടുള്ളതു കോടതി ചൂണ്ടിക്കാട്ടി.

അതുകൊണ്ട് തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയാലും വലിയ ഫലമുണ്ടാകില്ല. നിര്‍ണ്ണായക വിധിയാണ് ഹൈക്കോടതി നിയമങ്ങള്‍ വിശദീകരിച്ച്‌ പുറത്തിറക്കുന്നത്. ഡോ. വിജില്‍, ഡോ. സോണിയ, ഡോ. ഭട്ട് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്.2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ മെഡിക്കല്‍ സേവനം ഉള്‍പ്പെടാത്തതിനാല്‍ ഫോറത്തിന് ഇടപെടാനാവില്ലെന്ന് കാട്ടി ഡോ. വിജില്‍ ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ ഫോറത്തില്‍ ഉപഹര്‍ജി നല്‍കിയിരുന്നു. ഇതു തള്ളിയതിനെത്തുടര്‍ന്ന് സംസ്ഥാന ഉപഭോക്തൃ കമ്മിഷനെ സമീപിച്ചെങ്കിലും അവിടെയും തള്ളിയപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്.

2019 ലെ ഉപഭോക്തൃ തര്‍ക്ക പരിഹാര നിയമത്തില്‍ ബാങ്കിങ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഗതാഗതം തുടങ്ങിയ മേഖലകള്‍ എടുത്തു പറയുന്നുണ്ടെങ്കിലും മെഡിക്കല്‍ സേവനം ഉള്‍പ്പെടുന്നില്ലെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍, പൊതു ഉപയോഗ സേവന മേഖലകളില്‍ ചിലതു മാത്രം എടുത്തു പറഞ്ഞതാണെന്നു കോടതി പറഞ്ഞു. അതിനു പുറത്തുള്ള മേഖലകളും ഉള്‍പ്പെടും. പരിമിതി ഇല്ലെന്നു നിയമത്തില്‍ തന്നെ പറയുന്നുണ്ട്. നിയമത്തിന്റെ കരടില്‍ മെഡിക്കല്‍ സേവനങ്ങളെക്കുറിച്ച്‌ പറഞ്ഞിട്ടും നിയമം വന്നപ്പോള്‍ ഒഴിവാക്കിയതിനു വ്യക്തമായ ഉദ്ദേശ്യമുണ്ടെന്നു ഹര്‍ജിക്കാര്‍ പറയുന്നത് അംഗീകരിക്കാനാവില്ല. നിയമത്തില്‍ വ്യക്തതയുള്ള സാഹചര്യത്തില്‍ കരട് നോക്കി നിയമത്തിനു വ്യാഖ്യാനം നല്‍കേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി.

ബാങ്കിങ്, ഫിനാന്‍സ്, ഇന്‍ഷ്വറന്‍സ് തുടങ്ങി സൗജന്യമല്ലാത്ത ഏതു സേവനവും ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് 2019ലെ നിയമത്തില്‍ പറഞ്ഞിട്ടുള്ളതെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. മെഡിക്കല്‍ സര്‍വീസ് എന്നു എടുത്തു പറഞ്ഞിട്ടില്ലാത്തതിനാല്‍ ഈ സേവനത്തെ ഒഴിവാക്കിയെന്നു പറയാനാവില്ല. മെഡിക്കല്‍ സേവനങ്ങള്‍ ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top