×

40 മിനുറ്റുകൊണ്ട് ഏറ്റുമാനൂരുള്ള കരസേനാംഗം മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു.

പാലക്കാട്: തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെ മലമ്ബുഴയില്‍ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന 23 വയസുള്ള ചെറുപ്പക്കാരനെ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം രക്ഷാസൈന്യം പുറത്തെത്തിച്ചു.

പ്രദേശവാസികളും സൈന്യം ഒഴികെയുള്ള മറ്റുഫോഴ്‌സുകളും പരിശ്രമിച്ച്‌ പരാജയപ്പെട്ടിടത്താണ് സുരക്ഷാസേന വിജയം കണ്ടത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്ഷാദൗത്യമെന്ന നിലയില്‍ ശ്രദ്ധേയമാണ് ഈ ദൗത്യം. ട്രക്കിങ്ങിനിടെ കാല്‍ വഴുതിയാണ് മലയുടെ പ്രത്യേക വിള്ളലിലേക്ക് യുവാവ് വീണത്. രണ്ടു ദിവസം പൂര്‍ണമായും ജലപാനം പോലും എടുക്കാതെ, രാതിയിലെ കൊടും തണുപ്പും പകലിലെ അസാമാന്യ വെയിലും സഹിച്ചാണ് ഈ യുവാവ് പിടിച്ചു നിന്നത്. സുരക്ഷാസേനയെ പ്രശംസിക്കുന്നതിന് ഒപ്പം ആദരിക്കപ്പെടേണ്ടതാണ് യുവാവിന്റെ അസാധാരണമായ ഇഛാശക്‌തിയെന്ന് ആയിരകണക്കിന് ആളുകളാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ രേഖപ്പെടുത്തുന്നത്.

ബാബുവും 3 സുഹൃത്തുക്കളും ചേര്‍ന്ന് തിങ്കളാഴ്‌ചയാണ് മലകയറാന്‍ പോയത്. 1 കിലോമീറ്ററില്‍ കൂടുതല്‍ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ തിരികെപോകാന്‍ തീരുമാനിച്ചു. പക്ഷെ, ബാബു കുറച്ചുകൂടി ഉയരത്തില്‍ പോയശേഷമേ മടങ്ങു എന്ന് കൂട്ടുകാരോട് പറഞ്ഞു മുന്നോട്ടുപോയി. മുകളിലേക്കുള്ള കയറ്റത്തിനിടയില്‍ കാല്‍ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു ഊര്‍ന്നുപോയി പാറയിടുക്കില്‍ കുടുങ്ങി എന്നാണ് അനുമാനം.

സുരക്ഷാ സൈന്യത്തിന് പോലും ബാബുവിന്റെ ആത്‌മവിശ്വാസവും മനോധൈര്യവും അല്‍ഭുതമായി. തിങ്കളാഴ്‌ച രാത്രി തന്നെ വനം, പൊലീസ്, അഗ്‌നി രക്ഷാസേന ഉദ്യോഗസ്‌ഥരുടെ സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇന്നലെ (ചൊവ്വാഴ്‌ച) രാവിലെ മറ്റൊരു സംഘവും മല കയറി, ഫലമുണ്ടായില്ല. ദേശീയ ദുരന്തനിവാരണ സേന കയര്‍ ഇറക്കി പാറയിടുക്കില്‍ എത്താന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല.

കോസ്‌റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും ഭൂപ്രകൃതിയും ശക്‌തമായ കാറ്റും പൊടിയും കാരണം കോപ്‌റ്ററിനെ അന്തരീക്ഷത്തില്‍ നിറുത്തി രക്ഷാസംഘത്തിന് ഇറങ്ങാനായില്ല. ഡ്രോണില്‍ വെള്ളമെത്തിക്കാനുള്ള ശ്രമവും മലയുടെ ചെരിവും വളവും കാരണം പരാജയപ്പെട്ടു. സന്നദ്ധ സംഘടനകളും ആദിവാസികളും അരികിലെത്താന്‍ ശ്രമിച്ചു. ഇവയെല്ലാം ഇന്നലെ രാത്രിയോടെ പരാജയപ്പെട്ടതോടെ കരസേനയുടെ രക്ഷാസൈന്യത്തെ ആശ്രയിക്കേണ്ടി വന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top