×

ദിലീപിന് കുരുക്ക് മുറുകുന്നു? നിര്‍ണ്ണായക ശബ്ദരേഖ അടങ്ങിയ സംവിധായകന്റെ മൊബൈല്‍ ഫോണ്‍ കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ചു.

നിര്‍ണ്ണായക ശബ്ദരേഖ അടങ്ങുന്ന സംവിധായകന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവര്‍ നടിയെ ആക്രമിച്ച വിവരങ്ങള്‍ സംസാരിച്ചുവെന്നും താനിത് റെക്കോര്‍ഡ് ചെയ്‌തെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഈ റെക്കോര്‍ഡുകള്‍ അടങ്ങിയ ഫോണാണ് കോടതിയില്‍ ഹാജരാക്കിയത്.

മൊബൈല്‍ ഫോണ്‍ ഫൊറെന്‍സിക് പരിശോധനയ്‌ക്ക് അയക്കും. ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും. സംവിധായകന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തി ജനുവരി 20ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വിചാരണ കോടതിയുടെ നിര്‍ദ്ദേശം. വിചാരണ നിര്‍ത്തിവെച്ച്‌ തുടരന്വേഷണം നടത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ഈ മാസം 20ന് പരിഗണിക്കും.

സംവിധായകന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സമഗ്ര തുടരന്വേഷണം ആവശ്യമാണെന്നും അതിനാല്‍ നിലവില്‍ നടക്കുന്ന വിചാരണകള്‍ നിര്‍ത്തിവെക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിയ്‌ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ വിചാരണ തുടരണമെന്ന് നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് പരിഗണിക്കുന്നത് ജനുവരി 20 ലേക്ക് മാറ്റിയത്.

നടന് ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയിരുന്നുവെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷനാണെന്നാണ് ദിലീപിന്റെ വാദം. പ്രോസിക്യുഷനെതിരെ ആരോപണമുയര്‍ത്തിയ ദിലീപ് ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top