×

“രാത്രിയില്‍ ചെല്ലാന്‍ മീശ മാധവനല്ല; ” ഒരു പയ്യന്‍ കാമുകിയുടെ വീട്ടിലെ മതിലു ചാടിയാല്‍ അവിടെ പ്രേമവുമില്ല കോപ്പുമില്ല; ആകെ കാമം മാത്രം = അഞ്‍ജു പാര്‍വതി

അഞ്‍ജു പാര്‍വതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

സൈമണ്‍ ലാലയെന്ന പ്രവാസിയായ അച്ഛന്‍ തന്റെ വീട്ടില്‍ വെളുപ്പിന് ദുരൂഹസാഹചര്യത്തില്‍ അയല്‍വാസിയായ അനീഷിനെ കാണുന്നു. സൈമണിന്റെ മകളും ഈ പയ്യനും പയ്യന്റെ അമ്മയുമൊക്കെ ഒരേ പള്ളിയിലെ ക്വയറില്‍ പാടുന്നവരാണ്. ( രാവിലെ ചില വാര്‍ത്തകള്‍ക്ക് കീഴേ ലാലു എന്ന പേരും അനീഷ് ജോര്‍ജ്ജ് എന്ന പേരും മാത്രം കണ്ട് പാലാ ബിഷപ്പിനെ വരെ സ്മരിച്ച കമന്റുകളുണ്ട് ) . കാണരുതാത്ത സമയത്ത് സ്വന്തം വീട്ടില്‍ ഒരു അയല്‍വാസി പയ്യനെ കണ്ടാല്‍ ഏതൊരു അച്ഛനും തോന്നുന്ന അവസ്ഥയുണ്ടല്ലോ – അതായത് വികാരം വിവേകത്തെ മറികടക്കുന്ന ഒന്ന് അതാണ് ആ മനുഷ്യനും സംഭവിച്ചത്. . ആ സമയത്ത് ആ ചെയ്തിയെ പത്തൊമ്ബതു വയസ്സുള്ള ഒരു കുട്ടിയുടെ കൗമാരചാപല്യമായി കണ്ട് ഉപദേശിക്കാന്‍ എത്ര പേര്‍ക്ക് കഴിയുമെന്നറിയില്ല. എന്തായാലും ഈ അച്ഛന് അത് കഴിഞ്ഞില്ല ! അതി തീവ്രമായ വൈകാരികതയോടെ അയാള്‍ പ്രതികരിച്ചു. ആ പയ്യന്‍ കൊല്ലപ്പെട്ടു. സൈമണ്‍ ലാലയെന്ന അച്ഛന്റെ മാനസികാവസ്ഥ പോലെ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ് മരണപ്പെട്ട പയ്യന്റെ മാതാപിതാക്കളുടെ ദയനീയ അവസ്ഥയും. വീട്ടില്‍ നിന്നും വെറും 800 മീറ്ററുകള്‍ക്കകലെ സ്വന്തം മകന്‍ മരണപ്പെട്ടതറിയാതെ ഉറങ്ങിയ ആ അച്ഛനും അമ്മയും നേരം പുലര്‍ന്നപ്പോള്‍ കേട്ട വാര്‍ത്ത സഹിക്കുന്നതെങ്ങനെ?

ഇനി സംഭവത്തിലെ പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും കുറിച്ച്‌ കൂടി പറയണം . പതിനാറു വയസ്സുള്ള ഒരു മോളും പത്തൊമ്ബത് വയസ്സുള്ള ഒരു മോനും. ഇതേ പ്രായത്തിലുള്ള കുറേ കുട്ടികളെ പഠിപ്പിച്ച ഒരു അദ്ധ്യാപികയെന്ന നിലയില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുന്നില്ല. ഈ പ്രായത്തിലെ കുട്ടികള്‍ക്ക് എന്ത് പരിശുദ്ധ പ്രണയം ? അതൊക്കെ നിര്‍വ്വചിക്കാനുള്ള ഒരു പാകത അവര്‍ക്കുണ്ടോ ? മാംസനിബദ്ധമല്ല രാഗം എന്നതൊക്കെ ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാകുമോ ? തെറ്റും ശരിയും പ്രണയവും കാമവുമൊക്കെ വേര്‍തിരിച്ചറിയാനുള്ള പാകത അവര്‍ക്കുണ്ടാകുമോ ഈ പ്രായത്തില്‍ ?

 

വളര്‍ത്തു ദോഷം എന്ന ഉപായത്തിലൂന്നി നമുക്ക് അവരെ വിമര്‍ശിക്കാം; കല്ലെടുത്തെറിയാം. പക്ഷേ നമുക്കുള്ള ചുറ്റുപാടും സോഷ്യല്‍ സെറ്റിംഗ്സും ആ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ നേര്‍ വഴിക്ക് നടത്താന്‍ പാകത്തിലുള്ളതാണോ ? ഡേറ്റിങ്ങ് ഇല്ലെങ്കില്‍ സോഷ്യല്‍ സ്റ്റാറ്റസ് ആവില്ലെന്നു ധരിച്ചിരിക്കുന്ന പുത്തന്‍ തലമുറയ്ക്ക് എന്ത് ഗൈഡന്‍സാണ് കൊടുക്കാന്‍ നമുക്ക് കഴിയുന്നത് ? എന്റെ ശരീരം, എന്റെ സ്വാതന്ത്ര്യം എന്ന വാഴ്ത്തുപ്പാട്ടിന്റെ അകമ്ബടിയോടെ നവോത്ഥാനമെന്നാര്‍ത്തു വിളിക്കുന്നവരില്‍ നിന്നും എന്ത് പാഠമാണ് കുഞ്ഞുങ്ങള്‍ പഠിക്കേണ്ടത് ? വീടുകളിലെ രണ്ടാം നിലകള്‍ ഇന്ന് പല കുട്ടികള്‍ക്കും തങ്ങളുടെ തോന്ന്യാസം ചെയ്യാനുള്ള വേദികളാണ്.

 

വീട്ടുകാരറിയാതെ പ്രസവവും കുഞ്ഞിനെ കൊല്ലല്ലും വരെ അവിടെ നടക്കുന്നു. പാരന്റ് ഹുഡ് എന്നാല്‍ മക്കള്‍ക്ക് എല്ലാവിധ തോന്ന്യാസങ്ങള്‍ക്കുമുള്ള സൗകര്യമൊരുക്കല്‍ എന്നല്ല. അവരുടെ വൃക്തിത്വവികസനത്തിന് നമ്മള്‍ വഴി ഒരുക്കേണ്ടത് മുകള്‍നിലയിലെ മുറി സ്വകാര്യമായി പതിച്ചു നല്കി പേഴ്സണല്‍ സ്പേസ് ഒരുക്കിയല്ല . നിങ്ങളുടെ മനസ്സില്‍ അവര്‍ക്കായി പേഴ്സണല്‍ സ്പേസ് ഒരുക്കിയാണ് .

സിനിമയില്‍ തന്റെ ആണത്തം കാണിക്കാന്‍ നായകന്‍ പാതിരാത്രിയോ കൊച്ചുവെളുപ്പാന്‍ കാലത്തോ കാമുകിയുടെ വീട്ടിലെ മതിലു ചാടിയാല്‍ അത് ഹീറോയിസം. ഭഗീരഥന്‍ പിള്ളയുടെ വീട്ടില്‍ രാത്രി മതിലു ചാടി ഓടിളക്കി എന്റെ എല്ലാമെല്ലാം അല്ലേന്നു മകളെ നോക്കി പാടിയ മീശ മാധവനു നിറഞ്ഞ കൈയ്യടി . രാത്രി ആരുമില്ലാത്ത വീട്ടിലേയ്ക്ക് മാത്തനെ വിളിച്ചു കയറ്റിയ അപ്പു daring പെണ്ണാണ്. ഒരു പെണ്ണ് വിളിച്ചപ്പോള്‍ പാതിരാത്രി വീട്ടില്‍ ചെന്ന മാത്തന്‍ നമ്മുടെ പൊതുബോധത്തിന് മുന്നില്‍ ദിവ്യപ്രണയമുള്ള പുരുഷുവാണ്.

 

അങ്ങനെയെത്രയെത്ര നരേഷന്‍സ് . പക്ഷേ ജീവിതത്തില്‍ ഒരു പയ്യന്‍ കാമുകിയുടെ വീട്ടിലെ മതിലു ചാടിയാല്‍ അവിടെ പ്രേമവുമില്ല കോപ്പുമില്ല; ആകെ കാമം മാത്രം ! അവന്‍ പടമായി തീരണമെന്നാണ് പൊതുബോധത്തിന്റെ ആജ്ഞ! മാധ്യമങ്ങള്‍ അര മണിക്കൂറിടവിട്ട് പേട്ടയിലെ കൊലപാതക വാര്‍ത്ത പൊടിപ്പും തൊങ്ങലും വച്ച്‌ എഴുതിക്കൊണ്ടേയിരിക്കുന്നു. ഓരോ വാര്‍ത്തയ്ക്ക് കീഴേയും കാണാം പൊളിറ്റിക്കല്‍ കറക്‌ട്നെസ്സ് കൂട്ടത്തോടെയെടുത്ത് കത്തിച്ചു വലിക്കുന്ന മനുഷ്യരെ . !

 

ചിലര്‍ക്കിത് അച്ഛന്റെ വീരസാഹസികതയാണ്. മറ്റു ചിലര്‍ക്ക് പെണ്ണിന്റെ സ്വഭാവദൂഷ്യം കൊണ്ടുണ്ടായ ദുര്യോഗമാണ്. വേറെ കുറേപ്പേര്‍ക്ക് ചെറുക്കന്‍ അസമയത്ത് മതിലു ചാടിയതിനുള്ള ശിക്ഷയാണ്. വിചാരണ അങ്ങനെ പൊടിപ്പൊടിക്കുകയാണ്. നടക്കട്ടെ ! കുറച്ചു നാള്‍ കൂടി കിട്ടിയ നല്ല എരിവുള്ള വാര്‍ത്തയല്ലേ ; അപ്പോള്‍ ആ രീതിയില്‍ ചൂടോടെ വിളമ്ബുകയും ചൂടാറാതെ തന്നെ അണ്ണാക്കില്‍ തള്ളുകയും വേണമല്ലോ! ഇതില്‍ ആരാണ് തെറ്റുകാര്‍ ?

 

ആരെയെങ്കിലും വിമര്‍ശിക്കാന്‍ തക്ക ശരിയുടെ പക്ഷത്ത് മാത്രം സഞ്ചരിക്കുന്നവരാണോ നമ്മള്‍ ? ഓരോരുത്തരും ആത്മ വിശകലനം നടത്തുക ! നമ്മളില്‍ പാപം ചെയ്യാത്തവര്‍ അവരെ കല്ലെറിയട്ടെ ! തല്ക്കാലം ഞാന്‍ ആരെയും കല്ലെറിയാന്‍ മുതിരുന്നില്ല

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top