×

‘സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് പിരിഞ്ഞു പോകേണ്ടിവരും’; നയരേഖയുമായി ഏരീസ് ഗ്രൂപ്പ്

സ്ത്രീധനം വാങ്ങുന്നവര്‍ക്ക് ജോലിയില്ലെന്ന് ഏരീസ് ഗ്രൂപ്പ്. ‘ആന്റി ഡൗറി സെല്‍ ‘ രൂപീകരിക്കും.

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക്, പിരിഞ്ഞു പോകേണ്ടി വരുമെന്ന് ഏരീസ് ഗ്രൂപ്പ്. മാത്രമല്ല ഇവര്‍ക്ക് നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് അറിയിച്ചു.

മൂന്നു മാസങ്ങള്‍ക്ക് മുന്‍പ്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച ‘ആന്റി ഡൗറി പോളിസി ‘ യുടെ ഭാഗമായ നയരേഖ, ഔപചാരികമായി തൊഴില്‍ കരാറിന്റെ ഭാഗമാക്കി. സ്ഥാപനത്തിലെ വനിതാജീവനക്കാര്‍ക്ക് സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളുണ്ടായാല്‍, അതിലെ നിയമപരമായ അനുബന്ധ നടപടികള്‍ സ്ഥാപനം ഏറ്റെടുക്കുമെന്ന് നയരേഖയില്‍ സ്ഥാപനമേധാവി ഡോ.സോഹന്‍ റോയ് പറയുന്നു.

 

നിലവിലുള്ള തൊഴില്‍ കരാര്‍ പുതുക്കുന്ന ജീവനക്കാര്‍ക്കും പുതിയതായി ജോലിക്ക് കയറുന്നവര്‍ക്കും ‘സ്ത്രീധന നിരാകരണ സമ്മതപത്രവും’ ഒപ്പിട്ടു നല്‍കേണ്ടിവരും. പതിനാറോളം രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ക്കിടയിലും സ്ത്രീധനവിരുദ്ധ പ്രചാരണം ശക്തമാക്കും. പരിഷ്‌കൃത സമൂഹത്തിലെ കാന്‍സറായി നിലനില്‍ക്കുന്ന സ്ത്രീധന സംസ്‌കാരത്തെ പാടെ തുടച്ചു മാറ്റാന്‍ സാധിച്ചില്ലെങ്കിലും അതു തങ്ങളുടെ സ്ഥാപനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇത്.

 

ഇവയൊന്നും പുതിയതായി നടപ്പാക്കിയ നയപരിപാടികള്‍ അല്ല. ജീവനക്കാരുടെ തൊഴിലില്ലാത്ത വീട്ടമ്മമാര്‍ക്ക് ശമ്ബളം നല്‍കുന്നത് ഉള്‍പ്പെടെയുള്ള സ്ത്രീ ശാക്തീകരണ പരിപാടികളുടെ തുടര്‍ച്ചയാണെന്നും ഏരീസ് മാനേജ്‌മെന്റ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഈ നയരേഖയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

1. സ്ത്രീധനം സ്വീകരിക്കുകയോ നല്‍കുകയോ ചെയ്യുന്നത് നിയമപരമായും സാമൂഹികപരമായും ഒരു കുറ്റമായി കണക്കാക്കപ്പെടുന്നു.അതിനാല്‍, ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും ഈ ‘സ്ത്രീധന വിരുദ്ധ നയം ‘ അടിയന്തര പ്രാധാന്യത്തോടെ ബാധകമാക്കിയിരിക്കുന്നു.

ഇതനുസരിച്ച്‌, ഭാവിയില്‍ സ്ത്രീധനം സ്വീകരിക്കുകയോ നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ഈ സ്ഥാപനത്തിലെ ജീവനക്കാരായി തുടരുവാന്‍ യാതൊരുവിധ അവകാശങ്ങളും ഉണ്ടായിരിക്കുന്നതല്ലെന്നും ഈ നയരേഖ പ്രഖ്യാപിക്കുന്നു.

2. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എല്ലാ വനിതാ ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും, ഇതുസംബന്ധമായി നിയമപരവും ധാര്‍മ്മികവുമായ പൂര്‍ണ്ണ പിന്തുണ ഏരീസ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു.

 

3. ഈ നയം പില്‍ക്കാല പ്രാബല്യത്തോടെയല്ല നടപ്പാക്കുന്നതെങ്കിലും, ജീവനക്കാരുടെ ഭാര്യമാരോ അവരുടെ മാതാപിതാക്കളോ സ്ത്രീധന സംബന്ധമായ ദേഹോപദ്രവങ്ങളെ സംബന്ധിച്ച്‌ പരാതിപ്പെട്ടാല്‍, അത് ഗുരുതരമായ നയ ലംഘനമായി കണക്കാക്കുകയും,
അത്തരം ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്ഥാപനം സ്വീകരിക്കുന്നതുമായിരിക്കും.

4.. കരാര്‍ ഒപ്പിടുകയോ പുതുക്കുകയോ ചെയ്യുന്ന സമയത്ത് ഈ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ‘ ഏരീസ് ആന്റി ഡൗറി പോളിസി ‘ അംഗീകരിച്ചതായുള്ള സമ്മതപത്രം നല്‍കേണ്ടതാണ്.

5.. എല്ലാ ജീവനക്കാരും സ്ത്രീധന വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുക്കണം.

6.. സ്ത്രീധനവുമായി ബന്ധപ്പെട്ട എരീസ് ജീവനക്കാരുടെ പരാതികളില്‍ തീരുമാനമെടുക്കാന്‍ സ്ത്രീ ജീവനക്കാര്‍ക്കോ ജീവനക്കാരുടെ പങ്കാളികള്‍ക്കോ ഭൂരിപക്ഷമുള്ള ഒരു ‘ആന്റി ഡൗറി സെല്‍’ രൂപീകരിക്കും. ഏരീസ് ജീവനക്കാരുടെയോ പങ്കാളികളുടെയോ സ്ത്രീധനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും , കോടതികളുടെ പരിഗണനയില്‍ ഇല്ലാത്തതുമായ പരാതികള്‍, ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഈ സെല്ലിലെ ‘അവൈലബിള്‍ മെമ്ബഴ്സ് ‘ പരിശോധിക്കുകയും തുടര്‍ നടപടികള്‍ കൂട്ടായി തീരുമാനിക്കുകയും ചെയ്യും. അവ സങ്കീര്‍ണ്ണവും ഗുരുതരവുമായ പ്രശ്നങ്ങളാണെന്ന് ബോധ്യപ്പെട്ടാല്‍, അതാത് സ്ഥലത്തെ നീതിന്യായ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് നിയമപരമായ പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും.

7. മുന്‍കാലങ്ങളില്‍ ഇതുസംബന്ധിച്ച ഏതെങ്കിലും പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെങ്കില്‍, അവ സ്വഭാവദൂഷ്യം ആയി പരിഗണിച്ച്‌ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായതില്‍ പശ്ചാത്തപിക്കുന്ന ജീവനക്കാര്‍ക്ക്, ശരിയായ കൗണ്‍സിലിംഗ് നല്‍കും.

8. സ്ത്രീധനം കൊടുക്കേണ്ടി വന്നത് മൂലം ഏതെങ്കിലും മാതാപിതാക്കള്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍, ആ കടങ്ങള്‍ തീര്‍ത്തു കൊടുക്കേണ്ടത് അതിന്റെ ഗുണഭോക്താവായ ജീവനക്കാരന്റെ ധാര്‍മിക ഉത്തരവാദിത്വമാണ്.

9. സമൂഹത്തില്‍ നിന്ന് സ്ത്രീധനം നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ പര്യാപ്തമായ എല്ലാ സ്ത്രീധനവിരുദ്ധ കാമ്ബയിനുകള്‍ക്കും ഏരീസ് ഗ്രൂപ്പ് പൂര്‍ണമായ പിന്തുണ നല്‍കും. സ്ഥാപനത്തിനുള്ളിലെ ബോധവല്‍ക്കരണം ലക്ഷ്യമാക്കി ഉടന്‍തന്നെ ‘ സ്ത്രീധനവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ ‘ ആരംഭിക്കുകയും രണ്ടായിരത്തി ഇരുപത്തി മൂന്നോട് കൂടി ആ ലക്ഷ്യം നിറവേറ്റുകയും ചെയ്യും.

10. ‘ആന്റി ഡൗറി അംബാസ്സഡര്‍ ‘ എന്ന പേരില്‍ ഒരു പുരസ്‌കാരം പ്രഖ്യാപിക്കാനും, സ്ഥാപനത്തിനുള്ളിലോ പുറത്തോ ക്രിയാത്മകവും ഫലപ്രദവുമായ പ്രവര്‍ത്തനത്തിലൂടെ സ്ത്രീധനവിരുദ്ധ പ്രചാരണം ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു വ്യക്തിക്ക് അത് നല്‍കാനും തീരുമാനിച്ചിരിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top