×

‘അപമാനിച്ചു’ – മാറണമായിരുന്നുവെങ്കില്‍ താന്‍ നേരത്തെ പിന്‍മാറുമായിരുന്നു- രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധം അറിയിച്ച്‌ രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് കത്തയച്ചു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ വ്യക്തമായ ഗൂഢാലോചന നടന്നിരുന്നു. കെസി വേണുഗോപാലാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും എ ഐ ഗ്രൂപ്പുകള്‍ വിലയിരുത്തുന്നു. രമേശ് ചെന്നിത്തലയ്ക്ക് മാന്യമായി സ്ഥാനമൊഴിയാന്‍ കെസി അവസരം നല്‍കിയില്ല. ചെന്നിത്തലയ്ക്ക് ഇനി അധികാരമൊന്നും ഉണ്ടാകില്ലെന്ന സന്ദേശം നല്‍കി ഐ ഗ്രൂപ്പിലെ നേതാവാകാനാണ് കെസിയുടെ ശ്രമം. ഇതിന വേണ്ടിയാണ് ചെന്നിത്തലയെ അപമാനിച്ചത്. ഈ സാഹചര്യത്തിലാണ് ചെന്നിത്തല സോണിയയ്ക്ക് കത്തയയ്ക്കുന്നത്.

വികാരനിര്‍ഭരമായ കത്താണ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് അയച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തേ പറയാമായിരുന്നു. തീരുമാനം നേരത്തേ അറിയിച്ചിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ താന്‍ അപമാനിതനായി. സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു. കെസി വേണുഗോപാലിനെതിരെ ഐ ഗ്രൂപ്പിനെ ഒരുമിപ്പിക്കാനാകും ചെന്നിത്തലയുടെ ശ്രമം. കെ സുധാകരനെ കെപിസിസി പ്രസിഡന്റായി പിന്തുണയ്ക്കാനും ചെന്നിത്തല തീരുമാനിച്ചു കഴിഞ്ഞു.

നിയമസഭാ കക്ഷി നേതാവായുള്ള തലയെണ്ണലിന് ഹൈക്കമാണ്ട് എത്തിയപ്പോള്‍ 21 എംഎല്‍എമാരും വ്യക്തിപരമായ അഭിപ്രായം അറിയിച്ചിരുന്നു. ഇതില്‍ ബഹുഭൂരിപക്ഷവും സതീശന് എതിരായിരുന്നു. പകുതിയില്‍ അധികം പേര്‍ ചെന്നിത്തലയുടെ പേരും പറഞ്ഞു. എയിലേയും ഐയിലേയും എംഎല്‍എമാരില്‍ കൂടുതലും ചെന്നിത്തലയ്ക്കൊപ്പമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 12 പേര്‍ രമേശ് ചെന്നിത്തലയുടെ പേരാണ് പ്രതിപക്ഷ നേതാവായി എടുത്തു കാട്ടിയത്. ഇതില്‍ ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടും. രണ്ടു പേര്‍ സ്വന്തം പേരും പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിടി തോമസുമാണ് സീനിയോറിട്ടിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവാകാന്‍ അര്‍ഹതയുണ്ടെന്ന് അഭിപ്രായപ്പെട്ടത്. മറ്റാരും ഇവരുടെ പേര് പറഞ്ഞില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top