×

“ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു'”; റെക്കോഡുകള്‍ തകര്‍ന്നുവീണ ഗൗരിയമ്മയുടെ ഒറ്റയാള്‍ പോരാട്ടം

അനുഭവങ്ങളുടെ അതിസമ്ബന്നമായ പശ്ചാത്തലത്തില്‍ വളര്‍ന്നുപന്തലിച്ച അസാധാരണവും താരതമ്യമില്ലാത്തതുമായ ജീവിതമാണ് കെ ആര്‍ ഗൗരിയുടേത്. ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ അംഗമായിരുന്നു ഗൗരിയമ്മ. അവര്‍ അന്ന് അതിനോട് പ്രതികരിച്ചത്, പ്രായമല്ല ജനങ്ങളുടെ കൂടെ നില്‍ക്കുക എന്നതാണ് ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകയുടെ മാനദണ്ഡം എന്നാണ്. മരണം വരെയും ഗൗരി അത് പാലിച്ചു.

 

മീന്‍ വെളളത്തില്‍ കഴിയുന്നത് പോലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ ജീവിക്കണമെന്നാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഗൗരി പറഞ്ഞുവച്ചത്. മക്കളില്ലാത്ത ഗൗരിയ്ക്ക് പാര്‍ട്ടിയും സഹ ജീവികളും ആയിരുന്നു എല്ലാം. അങ്ങനെ സഖാക്കള്‍ക്ക് അവര്‍ അമ്മയുമായി. ചുവന്ന വഴിയിലൂടെ ഒരു ജനതയെ നയിച്ച, വിപ്ലവ പ്രസ്ഥാനത്തിനോടൊപ്പം നടന്നപ്പോള്‍ തന്നെ ശ്രീകൃഷ്ണ വിഗ്രഹം നെഞ്ചോട് ചേര്‍ത്ത സാക്ഷാല്‍ ഗൗരിയമ്മ ഇനി മലയാളിയുടെ ചരിത്രബോധത്തിന്റെ ഭാഗമാവുകയാണ്.

 

‘ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു’ എന്നു പറഞ്ഞ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അപൂര്‍വ്വതയാണ് ഗൗരിയമ്മയുടെ ജീവിതം. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ ചുവപ്പിന്റെ വഴിയിലേക്ക് ആകൃഷ്ടയായ ഗൗരിയമ്മയുടെ കുടുംബ പശ്ചാത്തലം അതിന് ആക്കം കൂട്ടി.

 

നിയമ ബിരുദം കരസ്ഥമാക്കിയ കേരളത്തിലെ ആദ്യത്തെ ഈഴവ പെണ്‍കുട്ടിയും ഗൗരിയമ്മ തന്നെ.

 

സമ്ബന്ന കുടുംബത്തിന്റെ കൊടിക്കൂറകള്‍ അവരെ ആകര്‍ഷിച്ചതേയില്ല. പകരം ചെളിയിലാണ്ട ജനജീവിതത്തിന് ഒപ്പം നിന്നു. പ്രിയപ്പെട്ടവരുടെ ശവശരീരം, പായയില്‍ പൊതിഞ്ഞ് കെട്ടി ആറ്റില്‍ താഴ്‌ത്തേണ്ടി വന്നിരുന്ന ജനതക്ക് താങ്ങായി നിന്നു. ശവം ദഹിപ്പിക്കാന്‍ പോലും ആറടി മണ്ണില്ലാത്ത മനുഷ്യര്‍ക്ക് സ്വന്തം ഭൂമി എന്ന സ്വപ്‌നം സാക്ഷത്കരിക്കുന്നതിന് ഗൗരിയമ്മ വഹിച്ച പങ്ക് വലുതാണ്.

1957ല്‍ ലോകത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ റവന്യു മന്ത്രിയായി ചരിത്രത്തിന്റെ തോളോട് തോള്‍ ചേര്‍ന്നു നിന്ന ഗൗരിയമ്മ സഹചാരിയായ സഖാവ് ടി വി തോമസിനെ പാര്‍ട്ടി നിര്‍ദേശപ്രകാരം ആ വര്‍ഷം തന്നെ ജീവിതപങ്കാളിയാക്കി.

 

ഗൗരിയമ്മയുടെ ആദ്യത്തെ തടവുജീവിതം തുടങ്ങുന്ന 1950 മുതല്‍ പിന്നീടുളള അരനൂറ്റാണ്ടിലേറെ കാലവും അതിനുശേഷവും കേരള രാഷ്ട്രീയത്തിലെ അനിവാര്യതയായി നിലനിന്നു ഗൗരിയമ്മ.

ആദ്യ കേരള മന്ത്രിസഭയിലെ ഏക വനിതാ അംഗമായി തുടങ്ങി ഭരണപക്ഷത്തും പ്രതിപക്ഷത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒപ്പവും അല്ലാതെയും ഏതാണ്ട് ഒരു ഒറ്റയാള്‍ പോരാട്ടം. ഒട്ടേറെ റെക്കോഡുകള്‍ തകര്‍ന്നുവീണ യാത്ര. ചരിത്രം രചിച്ച നിയമപരിഷ്‌കാരങ്ങള്‍ക്കു പിന്നിലെ പ്രേരക ശക്തി. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതിനും മുമ്ബായിരുന്നു ഗൗരിയമ്മയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടം.

 

1949ല്‍ പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം വോട്ടവകാശം കിട്ടിയ ആദ്യത്തെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥി പോലും വിജയിച്ചില്ല. ടി വി തോമസ് ഉള്‍പ്പെടെയുള്ള പ്രമുഖരെല്ലാം തോറ്റു. കെട്ടിവച്ച കാശു കിട്ടിയതു നാലു പേര്‍ക്കു മാത്രം. അവരിലൊരാളായിരുന്നു ഗൗരിയമ്മ. മൂന്നുവര്‍ഷം കഴിഞ്ഞ് 1951 ഡിസംബറില്‍ ജയിലില്‍ കിടന്നുകൊണ്ടു വിജയിച്ച്‌ പരാജയത്തിന്റെ കണക്ക് ഗൗരിയമ്മ തീര്‍ക്കുകയായിരുന്നു.

ജന്മികള്‍ക്കും ഗുണ്ടകള്‍ക്കും എതിരെയായിരുന്നു രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ തുടക്കത്തിലെ ഗൗരിയമ്മയുടെ പോരാട്ടമെങ്കില്‍ എല്ലാത്തരം ഛിദ്രശക്തികളെയും ചെറുത്തുനിന്നുകൊണ്ടാണ് അവസാനംവരെയും ജീവിച്ചത്. ജീവശ്വാസം പോലെ കൊണ്ടുനടന്ന പാര്‍ട്ടിയില്‍നിന്നു പുറത്തായിട്ടും മാസ്മര പ്രഭാവമുളള തന്റെ വ്യക്തിത്വത്തിന്റെ പരിവേഷത്തില്‍ ഒരു പാര്‍ട്ടി കെട്ടിപ്പടുക്കുകയും തന്നെ വിജയിപ്പിച്ച പാര്‍ട്ടിയെ തോല്‍പിക്കുകയും ചെയ്തിട്ടുണ്ട് ഈ സ്ത്രീ. കേരം തിങ്ങും കേരളനാട്ടിലെ സ്ത്രീമനസുകളില്‍ പ്രതീക്ഷയുടെ അണയാത്ത തിരിനാളം ജ്വലിപ്പിച്ച ജീവിതമാണ് ഗൗരിയമ്മയുടേത്.

 

രാഷ്ട്രീയത്തിലെ ഗൗരിയമ്മയ്ക്ക് ഒരിക്കലും നിലപാടില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നില്ല. തുടക്കംമുതല്‍ തിരഞ്ഞെടുത്ത ഓരോ വിഷയവും ഏറ്റവും ദുര്‍ബലരായവരെ മുന്നില്‍ക്കണ്ടായിരുന്നു. എല്ലാ നീക്കവും സ്ത്രീകള്‍ക്കും പിന്നെ ആദിവാസി വിഭാഗങ്ങള്‍ക്കും വേണ്ടിയായിരുന്നു. ഭൂപരിഷ്‌കരണം നടപ്പാക്കിയിട്ടും ആദിവാസികള്‍ക്ക് ഭൂമിയില്‍ അവകാശം കിട്ടാത്തത് കണ്ട് ഗൗരിയമ്മ നടത്തിയത്ര ശ്രമങ്ങള്‍ മറ്റൊരു ജനപ്രതിനിധിയും നടത്തിയിട്ടില്ല. സി പി എം പോലും വേണ്ടത്ര പിന്തുണയ്ക്കാത്ത വിഷയത്തില്‍ എത്ര സ്വകാര്യ ബില്ലുകളാണ് ഗൗരിയമ്മ അവതരിപ്പിച്ചത്.

 

വോട്ട് ലക്ഷ്യമിട്ടായിരുന്നെങ്കില്‍ ഈ വിഷയം ഗൗരിയമ്മയുടെ മുന്‍ഗണനയില്‍ ഒരിക്കലും വരുമായിരുന്നില്ല. അരൂരില്‍ വോട്ട് ചെയ്യാന്‍ ആദിവാസി വിഭാഗത്തിലെ ആരും ഉണ്ടായിരുന്നില്ലെന്നത് മാത്രം മതി ഗൗരിയമ്മ ആരെന്ന് മനസിലാക്കാന്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top