×

” മനസ്സിലുള്ളത് മുഖത്തും, മുഖത്തുള്ളത് വാക്കിലും പ്രകടിപ്പിക്കുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രകൃതം” – എം പി യായ ബ്രിട്ടാസ് പറയുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണ വിശേഷങ്ങളും കരുതല്‍ കഥകളുമായി മാധ്യമ ഉപദേഷ്ടാവും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. മനോരമ ആഴ്ചപ്പതിപ്പില്‍ ജോണ്‍ ബ്രിട്ടാസ് എഴുതിയ കരുതലാണ് പിണറായി എന്ന ലേഖനം അദ്ദേഹം ഫേസ്ബുക്കിലും പങ്കുവച്ചു.

പിണറായിയുടെ ഭക്ഷണ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വിദേശയാത്രകളിലെ തമാഴകളും കൈരള ചാനല്‍ പടുത്തുയര്‍ത്തിയതതും പല അവസരങ്ങളും തനിക്ക് അനുഭവപ്പെട്ട കരുതലിന്റെ വിവരങ്ങളുമാണ് ലേഖനത്തില്‍

ബ്രിട്ടാസ് ഫേസ്ബുക്കില്‍ പങ്കുവച്ച ലേഖനത്തിന്റെ പൂര്‍ണരൂപം-

കരുതലാണ് പിണറായി

മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പുള്ള ചെറിയൊരു സംഭവമാണ്. കൊച്ചുകൊച്ചു കാര്യങ്ങളാണല്ലോ മനസ്സില്‍ പലപ്പോഴും മിന്നുക. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനായി തുടക്കം കുറിച്ചിട്ടേയുള്ളു. അന്ന് സ്വന്തം വാഹനമില്ല. അതുകൊണ്ട് ബസ്സിലോ മറ്റുള്ളവരുടെ സഹായത്തോടെയോ ആണ് പരിപാടികളില്‍ എത്തുന്നത്. പ‍ഴയങ്ങാടി സഹകരണ ബാങ്കിന്റെ പരിപാടിക്ക് സ്പീക്കറായിരുന്ന വര്‍ക്കല രാധാകൃഷ്ണന്‍ എത്തുന്നുണ്ട്​.​ സിപിഐ(എം) ജില്ലാ സെക്രട്ടറി പിണറായി വിജയനും ആ പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. ഞാനും കൂടി പോരട്ടെയെന്ന ചോദ്യത്തിന് “വാഹനം ആള്‍ക്കാര്‍ക്ക് സഞ്ചരിക്കാനുള്ളതല്ലേ?” എന്ന മറുചോദ്യത്തോടെ എന്റെ അഭ്യര്‍ത്ഥന സര്‍വാത്മനാ അദ്ദേഹം സ്വീകരിച്ചു. പരിപാടിയുടെ സ്ഥലത്തെത്തിയ ഞാന്‍ മാധ്യമ പ്രവര്‍ത്തകരും മറ്റും ഇരിക്കുന്നിടത്തേക്ക് പോയി. അതിനിടയില്‍ ബാങ്ക് കെട്ടിടത്തിനുള്ളില്‍ വിശിഷ്ടാതിഥികള്‍ക്ക് ചെറിയൊരു തേയില സത്കാരം നടത്തുന്നുണ്ടായിരുന്നു. തന്റെ കൂടെ വന്ന ആള്‍ക്കാര്‍ ചായയും പലഹാരവും കഴിച്ചിരിക്കണം എന്നത് പിണറായിയുടെ ചിട്ടയുടെ ഭാഗമാണ്. ഞാന്‍ ഒഴിഞ്ഞു മാറിയതാണ് എന്ന് മനസ്സിലാക്കിയ അദ്ദേഹം ഡ്രൈവര്‍ മോഹനനെ വിട്ട് ആള്‍ക്കൂട്ടത്തില്‍ നിന്നും ബലമായി എന്നെ കൂട്ടിക്കൊണ്ടുപോയി ചായ ക‍ഴിപ്പിച്ച്‌ മടക്കി വിട്ടു. പിണറായിയെ അറിയാവുന്നവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ ഈ കരുതല്‍ ബോധ്യപ്പെട്ടിട്ടുണ്ടാകും. ജില്ലാ സെക്രട്ടറിയില്‍ നിന്ന് മന്ത്രിയിലേക്കും സംസ്ഥാന സെക്രട്ടറിയിലേക്കും മുഖ്യമന്ത്രിയിലേക്കും അദ്ദേഹം വളര്‍ന്നപ്പോള്‍ ഈ കരുതലും പടര്‍ന്നു പന്തലിച്ചു.

പിണറായി ബ്രാന്‍ഡ് ചെയ്യപ്പെട്ടതാണ് അദ്ദേഹത്തിന്റെ തിളക്കമാര്‍ന്ന വിജയത്തിന് കാരണം എന്ന് ഇപ്പോള്‍ വിധി എഴുതുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെക്കുറിച്ചുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും നീങ്ങി എന്നായിരിക്കും ഞാന്‍ വിധിയെഴുതുക. മനസ്സിലുള്ളത് മുഖത്തും, മുഖത്തുള്ളത് വാക്കിലും പ്രകടിപ്പിക്കുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രകൃതം. ഇഷ്ടവും അനിഷ്ടവും അദ്ദേഹം മറച്ചു വയ്ക്കാറില്ല. ഭക്ഷണകാര്യങ്ങളില്‍ പോലുമുള്ള ഇഷ്ടാനിഷ്ടങ്ങള്‍ അദ്ദേഹം കൂടെയുള്ളവരുമായി പങ്കുവയ്ക്കും. കണ്ണൂര്‍കാര്‍ക്ക് പൊതുവേ ചൂരയെന്ന മല്‍സ്യം ഇഷ്ടമല്ല. അയ്ക്കൂറ എന്ന് അവര്‍ വിളിക്കുന്ന നെയ്മീനും ആവോലിയുമൊക്കെയാണ് ഏറെ പഥ്യം. പണ്ട് ഞങ്ങള്‍ ഒരു വിദേശ യാത്രയ്ക്കിടയില്‍ എ.വിജയരാഘവന്‍ (ഇപ്പോഴത്തെ പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി) വിശിഷ്ട വിഭവം എന്ന നിലയ്ക്ക് ചൂരചമ്മന്തിയുമായി മേശക്കരിക്കില്‍ വന്നു. ഇത് കണ്ടപാടെ പിണറായി തന്റെ നീരസം പ്രകടിപ്പിച്ചു. “ഇതല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ?” എന്ന ചോദ്യത്തില്‍ വിജയരാഘവന് കാര്യം പിടികിട്ടി. അന്ന് ഉപേക്ഷിച്ചതാണ് വിജയരാഘവന്‍ ചൂര. ഞങ്ങള്‍ ഇപ്പോഴും കളിയായി വിജയരാഘവനോട് ചൂരചമ്മന്തിയെ കുറിച്ച്‌ പറയും. ഇങ്ങനെ ഒരുപാട് നുറുങ്ങുകള്‍ ഞങ്ങളുടെ യാത്രകളില്‍ ഉണ്ടായിട്ടുണ്ട്. പിണറായിയെ കുറിച്ചുള്ള പൊതു ധാരണ അദ്ദേഹത്തിന് തമാശയൊന്നും ‍വ‍ഴങ്ങില്ല എന്നാണ്. എന്നാല്‍ നര്‍മ്മം ഏറെ ആസ്വദിക്കുകയും അതില്‍ ഭാഗമാകുകയും ചെയ്യും.പാലൊളി മുഹമ്മദുകുട്ടി സാത്വികനായ കമ്യൂണിസ്റ്റ് നേതാവാണല്ലോ. ഗള്‍ഫ് യാത്രാ സംഘത്തില്‍ പഴയകാല പാര്‍ട്ടി ഫലിതങ്ങളുടെ കെട്ടഴിച്ചാല്‍, പിണറായി ചിരിച്ചു മറിയും. സംഘത്തിലെ ചെറുപ്പക്കാരെപ്പോലെ പാലൊളി ഒരു ദിവസം ഷര്‍ട്ട് പാന്റ്സില്‍ ഇന്‍ ചെയ്തുവന്നു. കൂടെയുള്ളവര്‍ക്കൊക്കെ ചിരിപൊട്ടി. ഉടന്‍ പിണറായിയുടെ കമന്റ്. “ഭയങ്കര സ്റ്റൈലിലാണല്ലോ മൂപ്പര്‍.”

വേറൊരു യാത്രയ്ക്ക് പാലൊളി എയര്‍പോര്‍ട്ടിലെത്തിയതു കടയില്‍ നിന്നു കിട്ടിയ പ്ലാസ്റ്റിക് കവര്‍ പൊളിച്ചു കളയാത്ത പെട്ടിയുമായാണ്. പിണറായി ഗൗരവം വിടാതെ തന്നെ ചോദിക്കുന്നു ”കടയില്‍ നിന്നു പെട്ടി കടം വാങ്ങിയതാണോ?”

പാലൊളി പകച്ചു നിന്നപ്പോള്‍ പിണറായി തുടര്‍ന്നു പറഞ്ഞു: “പ്ലാസ്റ്റിക് കവര്‍ പൊളിക്കാത്തതുകൊണ്ടു ചോദിച്ചതാ.” സ്നേഹമുള്ളവരെ കളിയാക്കാനും ശാസിക്കാനും അദ്ദേഹം മറക്കാറില്ല. ബഹ്റൈനില്‍ എപ്പോള്‍ ചെന്നാലും പി.ടി. നാരായണന്റെ നേതൃത്വത്തിലുള്ള പ്രതിഭ എന്ന സംഘടനയാണു ഞങ്ങളുടെ സഹകാരികള്‍. എന്തു സഹായത്തിനും തയാറായി നാരായണനും ഞങ്ങളോടൊപ്പമുണ്ടാകും. അദ്ദേഹം ഞങ്ങളുടെ കൂടെയുള്ള റഷീദിനെ (ടൈറ്റാനിയം ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ്) റാഷിദ് എന്നാണ് വിളിച്ചിരുന്നത്. ഒരാളുടെ പേര്‍ തെറ്റായി ഉച്ചരിക്കുന്നതു പിണറായിക്ക് ഇഷ്ടമല്ല. ഓരോ തവണ റഷീദിന്റെ പേര് തെറ്റി വിളിക്കുമ്ബോഴും പിണറായി നോക്കും. സഹികെട്ട് നാരായണനെ മുറിയില്‍ ഒരിടത്ത് ഇരുത്തിയ ശേഷം പിണറായി വിശദീകരിക്കാന്‍ തുടങ്ങി. “റഷീദ് എന്നു പറഞ്ഞാല്‍ അറബിക്കില്‍ പ്രജ എന്നാണര്‍ഥം. അതായതു ഭരിക്കപ്പെടുന്നവന്‍. റാഷീദ് എന്നു പറഞ്ഞാല്‍ അര്‍ഥം മാറി. ഭരിക്കുന്നവന്‍”. നാരായണന്‍ അവശനായി തന്നെത്തന്നെ നോക്കിയിരുന്നപ്പോള്‍ പിണറായി തുടര്‍ന്നു ”ഓരോ പേരിനുമുണ്ട് ഓരോ അര്‍ഥതലം. അല്ലെങ്കില്‍, അതു കേള്‍ക്കുന്നവര്‍ എന്റെ നാരായണാ എന്നു വിളിച്ചു പോകും.”

ചിട്ടയും കണിശവും പിണറായിക്കു പ്രധാനം. അതേ സമയം മലയാളി എവിടെ പോയാലും ചോറും മീന്‍കറിയും അന്വേഷിക്കുമെന്നു പറയാറില്ലേ? എന്നാല്‍, പിണറായിക്ക് എപ്പോഴും ചെന്ന രാജ്യത്തെ ഭക്ഷണങ്ങളാണ് ഇഷ്ടം. വിഭവങ്ങള്‍ ഓരോന്നും രുചിച്ചിരുന്നു സമയമെടുത്ത് ആസ്വദിച്ച്‌ അദ്ദേഹം ഭക്ഷണം കഴിക്കുന്നതു കാണാന്‍ തന്നെ ഒരു സ്റ്റൈലാണ്. ആവശ്യത്തിനുള്ളതേ പ്ലേറ്റിലിടൂ. പ്ലേറ്റിലിട്ടതു മുഴുവന്‍ കഴിക്കും. ഭക്ഷണം കൂട്ടിക്കുഴച്ചുവച്ചു വെറുതെ കളയുകയില്ല.

ഗള്‍ഫ് യാത്രയില്‍ യൂസഫലി വന്ന് ഒരു കാര്യം പറയുന്ന അതേ ശ്രദ്ധയോടെ തന്നെയാണു ലേബര്‍ ക്യാംപില്‍നിന്നു വരുന്ന ഒരാളെ പിണറായി കേള്‍ക്കുക. ആരു പറയുന്നുവെന്നല്ല, എന്തു പറയുന്നുവെന്നതാണ് അദ്ദേഹത്തിനു പ്രധാനം. ക്വാളിറ്റി ടൈമിന്റെ അര്‍ഥം ഇത്ര നന്നായി അറിയുന്ന ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഒരാള്‍ക്ക് ഒരു സമയം നല്‍കിയാല്‍ ആ സമയം പൂര്‍ണമായി അയാളുടേതു തന്നെ (ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായ സമയത്തേതുപോലെ മുറി നിറയെ സന്ദര്‍ശകരുണ്ടാവില്ല). അയാള്‍ക്കു പറയാനുള്ളതു മുഴുവന്‍ പറയാം. അതെല്ലാം ശ്രദ്ധയോടെയും ക്ഷമയോടെയും ഇരുന്നു കേള്‍ക്കും. ഇതു തന്നെയാണ് വീട്ടിലേക്ക് അതിഥിയായി വിളിക്കപ്പെടുന്നവര്‍ക്കും ലഭിക്കുന്ന സൗഭാഗ്യം. അതുകൊണ്ടു തന്നെ ഒരു അതിഥിക്കും വീര്‍പ്പുമുട്ടലില്ല. വിളിക്കുന്ന വ്യക്തിക്കു നല്‍കാവുന്ന ആദരവും ശ്രദ്ധയും നല്‍കുന്നതില്‍ കുടുംബാംഗങ്ങളായ ഭാര്യ കമലയും മകള്‍ വീണയും ഒപ്പമുണ്ടാകും.

അതിഥികള്‍ക്കു രുചികരമായ ഭക്ഷണം വിളമ്ബുന്നതോടൊപ്പം ഗൃഹനാഥന്‍ ഓരോ വിഭവത്തിന്റെയും പ്രത്യേകത, അതിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ എന്നിവ പറഞ്ഞു കൊടുക്കുന്നു. ഒരിക്കല്‍ ആ ആതിഥേയത്വം സ്വീകരിച്ചവര്‍ ജീവിതകാലം മുഴുവന്‍ ആനന്ദകരമായ ഒരനുഭവമായി മനസ്സില്‍ സൂക്ഷിക്കും. അതിഥിയെ സ്വീകരിക്കുന്നതിലും ശ്രദ്ധാപൂര്‍വമായ മര്യാദ ഒട്ടും കുറയ്ക്കില്ല. തിരിച്ചയയ്ക്കുമ്ബോള്‍, പടിയിറങ്ങുന്നതു വരെ കൂടെയുണ്ടാകും. അപ്പോള്‍ പിണറായി മുഖ്യമന്ത്രിയല്ല, നല്ലൊരു ആതിഥേയ കുടുംബത്തിന്റെ കാരണവരാണ്. പിണറായി നല്ലൊരു കുടുംബസ്ഥനാണ്. ഭാര്യയ്ക്കും മക്കള്‍ക്കും അദ്ദേഹം നല്‍കുന്ന ശ്രദ്ധയും കരുതലും കണ്ടുപഠിക്കണം. ഏതു തിരക്കിനിടയിലും വീട്ടിലെ ഏതു കൊച്ചുകാര്യത്തിലും അദ്ദേഹത്തിന്റെ കണ്ണുണ്ടാകും. എവിടെ പോകുമ്ബോഴും ഭാര്യയെ കൂടെ കൊണ്ടുപോകാന്‍ ശ്രമിക്കും. പറ്റിയാല്‍ മക്കളെയും കൊച്ചുമക്കളെയും കൂട്ടും. അവരുടെ സന്തോഷം പിണറായിക്കു പ്രധാനം തന്നെ.

പിണറായി എന്നും പോസിറ്റീവാണ്. പരദൂഷണം പറയാറില്ലെന്നു മാത്രമല്ല, അതു കേള്‍ക്കാറുമില്ല. മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞ് അങ്ങോട്ടു ചെല്ലേണ്ട. നിരാശപ്പെടേണ്ടി വരും. മറുപടികള്‍ ഉരുളയ്ക്ക് ഉപ്പേരി പോലെയാകും. ആ പറച്ചിലോടെ അതു തീരുന്നു. തന്നെ നഖശിഖാന്തം എതിര്‍ത്തവരോടുപോലും പകപോക്കാന്‍ പിണറായി നില്‍ക്കാറില്ല. ചിലര്‍ ആ പാറയില്‍ തലതല്ലി വീഴുന്നുണ്ടെങ്കില്‍ അതവരുടെ പ്രശ്നം.

വന്ന വഴിയില്‍ പരിചയപ്പെട്ട ഒരാളെപ്പോലും മറക്കുകയോ പഴയ വഴിത്താരയിലെ കണ്ണികളെ അദ്ദേഹം അറുത്തുകളയുകയോ ചെയ്യാറില്ല. അതുപോലെ തന്നെ സംഘടനാപരമായ അച്ചടക്കത്തിന് അദ്ദേഹം വലിയ പ്രാധാന്യം കാണുന്നു. ഏതു തീരുമാനമെടുക്കുമ്ബോഴും സഹപ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയായ ശേഷം ഏറ്റവും കൂടുതല്‍ തവണ എകെജി സെന്ററില്‍ പോയ മുഖ്യമന്ത്രിയാണു പിണറായി. സംഘടനാ സംവിധാനത്തോട് എന്നും നീതി പുലര്‍ത്തുന്നു. കൂട്ടത്തില്‍ ഒരു സ്വകാര്യം കൂടി പറയാം. ഈ മനുഷ്യന്റെ അസാമാന്യ നേതൃത്വപാടവവും എന്തു പ്രശ്നങ്ങളെയും നേരിടാനുള്ള നെഞ്ചുറപ്പും നേരത്തേ കണ്ട ആരോ ചിലരാണ്, ലാവ്‌ലിനില്‍ കുടുക്കി നിര്‍വീര്യനാക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുള്ള നഷ്ടം വന്നതു കേരള ജനതയ്ക്കാണെന്നു കാലം തെളിയിക്കും. നമ്മളൊക്കെ കേള്‍ക്കുന്നതിലും കൂടുതല്‍ പറയുന്നവരാണ്. പിണറായിയാകട്ടെ, പറയുന്നതിലും കൂടുതല്‍ കേള്‍ക്കുകയും അതു പഠിക്കുകയും ചെയ്യുന്നു. കൈരളി ചാനല്‍ എന്നത് ഇത്തരം ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ്. എം.എ. ബേബിയും ഞാനുമൊക്കെ തുടക്കത്തില്‍തന്നെ ആ ആശയ ത്തിന്റെ കൂടെയുണ്ടായിരുന്നു. ഡല്‍ഹിയിലെ കേരള ഹൗസില്‍ പലതവണ ഇതേക്കുറിച്ചു ഞങ്ങള്‍ ചര്‍ച്ച നടത്തി. കോടിക്കണക്കിനു രൂപ വേണ്ടിവരുന്ന സംരംഭം കെട്ടിപ്പടുത്തതു പിണറായി വിജയന്‍ എന്ന ഒരൊറ്റ ആളുടെ ഇച്ഛാശക്തി കൊണ്ടായിരുന്നുവെന്ന് പറയാതിരിക്കാന്‍ വയ്യ.

എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ആ ചാനല്‍ വരുന്നതിനെ നഖശിഖാന്തം എതിര്‍ത്തു. പക്ഷേ, ആ ചാനലിന്റെ വഴിത്താരയില്‍ ഏറ്റവും സുപ്രധാനമായതും 100 കോടി ആസ്തിയുള്ളതുമായ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നു കേന്ദ്ര മന്ത്രിയായിരുന്ന ആന്റണി തന്നെ. കണ്ണൂരില്‍ ദേശാഭിമാനി ലേഖകനായിരിക്കുമ്ബോഴുണ്ടായ ഒരനുഭവം കൂടി പറയാം. ദൂരദര്‍ശനില്‍ രാമാനന്ദ സാഗറിന്റെ രാമായണം പൊടിപൊടിക്കുന്ന കാലം. നൂറുകണക്കിനു രോഗികള്‍ പുറത്തു ക്യൂ നില്‍ക്കുമ്ബോള്‍ ഡോക്ടര്‍മാര്‍ ഇതു കാണാന്‍ ഒരു മുറിയില്‍ കയറിയിരിക്കുന്നുവെന്ന വിവരം കിട്ടി. ഫൊട്ടോഗ്രഫര്‍ ജയദേവനെയും കൂട്ടി അവിടെയെത്തി. ചാരിയിട്ട വാതില്‍ തള്ളിത്തുറന്ന് ഞങ്ങള്‍ അകത്തു കയറി. ഫ്ലാഷുകള്‍ തുരുതുരാ മിന്നി. ജയദേവന്‍ പുറത്തു കടന്നതും എന്നെ ഡോക്ടര്‍മാര്‍ പിടിച്ചുവച്ചതും ഒന്നിച്ചായി. ജയദേവനില്‍നിന്നു വിവരം കിട്ടി പാര്‍ട്ടി ഓഫിസില്‍ നിന്നും വിവിധ പത്ര ഓഫിസുകളില്‍ നിന്നും വലിയൊരു സംഘം ഓടിയെത്തി എന്നെ മോചിപ്പിച്ചു. വലിയ പരുക്കൊന്നും എനിക്കുണ്ടായിരുന്നില്ലെങ്കിലും പിണറായി നിര്‍ബന്ധിച്ച്‌. അദ്ദേഹത്തിന്റെ കാറില്‍ എകെജി ആശുപത്രിയിലെത്തിച്ചു. ആ സ്നേഹവും കരുതലും പിണറായി എനിക്കു മാത്രമല്ല, അദ്ദേഹത്തെ വിശ്വസിക്കുന്ന എല്ലാവര്‍ക്കും നല്‍കുന്നു. അതാണു കേരള ജനതയ്ക്ക് പിണറായി നല്‍കുന്ന കരുതല്‍.

പിണറായിയെ സംബന്ധിച്ചു വിശ്വാസത്തില്‍ അല്‍പമോ അധികമോയെന്ന വ്യത്യാസമില്ല. ഒന്നുകില്‍ വിശ്വസിക്കുക, അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക എന്നേയുള്ളൂ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസമെന്നതു സമ്ബൂര്‍ണമാണ്. അതെ, അദ്ദേഹം കേരള ജനതയെ വിശ്വസിക്കുന്നു. അത് അല്‍പ വിശ്വാസമല്ല, ഹൃദയപൂര്‍വമുള്ള വിശ്വാസമാണ്. അവര്‍ക്കു കരുതലായി, താങ്ങായി, തണലായി പിണറായി വിജയന്‍ ഒപ്പമുണ്ടാകും. ഇത് ഉറപ്പ്. ചെയ്യാവുന്നതു മാത്രം പറയുകയും പറയുന്നതു മുഴുവന്‍ ചെയ്യുകയും ചെയ്യുന്ന പിണറായിയുടെ വാക്കാണത്. മലയാളികള്‍ അദ്ദേഹത്തെ നെഞ്ചിലേറ്റുന്നതില്‍ പിന്നെ എന്ത് അതിശയം?

( മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം )

Dailyhunt

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top