×

ശനിയാഴ്‌ച കെ വി തോമസിന്റെ സുപ്രധാന പ്രഖ്യാപനം; കോണ്‍ഗ്രസ് വിട്ട് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സി പി എം

കൊച്ചി: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് കെ വി തോമസ് ഇടതുപക്ഷത്തേക്കെന്ന് സൂചന. ശനിയാഴ്‌ച കൊച്ചിയില്‍ മാദ്ധ്യമങ്ങളെ കാണുമെന്ന് കെ വി തോമസ് അറിയിച്ചു. അന്ന് തനിക്ക് പറയാനുളളതെല്ലാം തുറന്നു പറയുമെന്നും കെ വി തോമസ് വ്യക്തമാക്കി.

ഇടതുപക്ഷത്തേക്കാണോ എന്ന ചോദ്യത്തിന് വരട്ടെ പറയാം എന്നായിരുന്നു തോമസിന്റെ മറുപടി. ശനിയാഴ്ച കൊച്ചിയിലെ ബി ടി എച്ചില്‍ വച്ചാണ് കെ വി തോമസ് മാദ്ധ്യമപ്രവര്‍ത്തകരെ കാണുക. നേരത്തെ 28ന് അദ്ദേഹം മാദ്ധ്യമങ്ങളെ കാണുമെന്നാണ് പറഞ്ഞിരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് തഴഞ്ഞതോടെയാണ് കെ വി തോമസ് കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നത്. ഇതേത്തുടര്‍ന്ന് ഇടഞ്ഞുനിന്ന കെ വി തോമസിന് അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ചുമതല നല്‍കിയിരുന്നു. ഇതിന് ശേഷം കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം ആ പദവി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.

നിയമസഭ തെരഞ്ഞെടുപ്പിലും സീറ്റ് ലഭിച്ചേക്കില്ല എന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ഇതിനിടെ കെ വി തോമസ് ഇടതു നേതാക്കളുമായി ചര്‍ച്ച നടത്തിയതായും വാര്‍ത്തകള്‍ പുറത്തു വന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഒരു പദവിയും തത്ക്കാലം കെ വി തോമസിന് നല്‍കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചെയര്‍മാനായി കെ വി തോമസിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് തീരുമാനം സോണിയഗാന്ധി മരവിപ്പിച്ചത്.

അതേസമയം, കെ വി തോമസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സി പി എമ്മും രംഗത്തെത്തി. കെ വി തോമസ് കോണ്‍ഗ്രസ് വിട്ട് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് വിട്ട് വന്നാല്‍ നേതൃത്വം അക്കാര്യം ആലോചിക്കും. ഇതുവരെ കെ വി തോമസുമായി സി പി എം ചര്‍ച്ച നടത്തിയിട്ടില്ല. തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും സി എന്‍ മോഹനന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top