×

11 തവണ 100 മണിക്കൂര്‍ ചോദ്യം ചെയ്തു – ഇനിയെന്താണ് അറിയേണ്ടത് – എന്‍ഐഎ കോടതിയില്‍ ശിവശങ്കറിന്റെ വക്കീല്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. എം. ശിവശങ്കര്‍ കേസില്‍ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും എന്‍ഐഎ അന്വേഷണ സംഘം കോടതിയെ അറിയിച്ചതോടെയാണ് ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കിയത്. ഇക്കാര്യം ശിവശങ്കറിന്റെ അഭിഭാഷകന്‍ സമ്മതിക്കുക കൂടി ചെയ്തതോടെ കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

 

നാളെ വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നാളെ രണ്ട് ഏജന്‍സികളുടെയും വാദം കേട്ടശേഷം ശിവശങ്കറിന്റെ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 തവണ വിവിധ ഏജന്‍സികള്‍ നൂറിലേറെ മണിക്കൂര്‍ തന്നെ ചോദ്യം ചെയ്തതായി ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിക്കുന്ന പശ്ചാത്തലത്തില്‍ അറസ്റ്റ് ഇല്ലാതെ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നത്.

 

 

ശിവശങ്കറിനെ എന്‍ഐഎ പ്രതി ചേര്‍ക്കുന്ന വിവരം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് എന്‍ഐഎ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍ അറസ്റ്റ് നീക്കമുണ്ടെങ്കില്‍ അത് കോടതിയെ അറിയിച്ച ശേഷമേ ഉണ്ടാകൂ എന്നും എന്‍ഐഎയ്ക്കു വേണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു. ശിവശങ്കറിനെതിരെ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും അറസ്റ്റിനുള്ള നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഐഎ കോടതിയില്‍ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്‍ഐഎ കോടതി നല്കി ജാമ്യം ശിവശങ്കരനെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുന്നതാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top