×

നാട്ടിലെത്താന്‍ തിരക്ക് ; രണ്ടര ലക്ഷം പേര്‍ ഗള്‍ഫില്‍ നിന്ന് അര ലക്ഷം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന്

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക റൂട്ട്സില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രവാസികളുടെ എണ്ണം മൂന്നുലക്ഷം കടന്നതോടെ വിവിധ വിദേശരാജ്യങ്ങളില്‍നിന്ന്‌ നാട്ടിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. പ്രവാസിക്ഷേമ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പൊലീസ് ,​ തദ്ദേശസ്വയം ഭരണവകുപ്പുകളുടെ പങ്കാളിത്തതോടെയാണ് തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നത്. നിലവിലെ കണക്കനുസരിച്ച്‌ ഏറ്റവുമധികം പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യു.എ.ഇ യില്‍ നിന്നാണ്. രണ്ട് ലക്ഷത്തോളം പേരാണ് ഇവിടെ നിന്ന് കേരളത്തിലെത്താന്‍ തയ്യാറെടുത്തിരിക്കുന്നത്. സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. മുക്കാല്‍ ലക്ഷത്തോളം പേര്‍ ഇതുവരെ ഇവിടെ നിന്ന് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ യു.എസ്.എ,​ റഷ്യ,​ മാലദ്വീപ്,​ ബ്രിട്ടന്‍,​ ആസ്ട്രേലിയ,​ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരും അരലക്ഷത്തിലേറെയായി.

വിസ കാലാവധി അവസാനിച്ചശേഷവും വിദേശത്ത് തുടരുന്നവര്‍,​ ഗര്‍ഭിണികള്‍,​വയോധികര്‍,​ കുട്ടികള്‍ എന്നിവര്‍ക്കാകും പ്രഥമ പരിഗണന. വിമാനത്തില്‍ കയറുംമുമ്ബ്‌ ഓരോ പ്രവാസിയേയും അവര്‍ ഇപ്പോള്‍ താമസിക്കുന്ന രാജ്യത്ത്‌തന്നെ കൊവിഡ്‌ രോഗലക്ഷണമുണ്ടോ എന്ന പരിശോധനയ്‌ക്ക്‌ വിധേയമാക്കും. ഫലം നെഗറ്റീവ്‌ ആയവരെ മാത്രമേ ഇപ്പോള്‍ നാട്ടിലേക്ക്‌ കൊണ്ടുവരുന്നുള്ളൂ. ഈ പരിശോധന തൃപ്‌തികരമെങ്കിലും നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ വീണ്ടും പരിശോധനയ്‌ക്ക്‌ വിധേയരാകണം.

തുടര്‍ന്ന്‌ സ്വന്തം ഉത്തരവാദിത്തത്തില്‍ 28 ദിവസം ഇവര്‍ ക്വാറന്റൈനില്‍ പോകണമെന്നാണ്‌ മാര്‍ഗനിര്‍ദേശം. വിദേശത്ത്‌ നിന്നെത്തുന്നവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ നാട്ടിലുള്ള കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ അനുവദിക്കില്ല. പകരം സര്‍ക്കാര്‍ ക്രമീകരിക്കുന്ന പ്രീപെയ്‌ഡ്‌ ടാക്സിയില്‍ ഇവര്‍ക്ക് വീടുകളിലെത്താം. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവര്‍ക്ക്‌ സ്വന്തം ഉത്തരവാദിത്തത്തില്‍ ഹോട്ടലുകളിലോ മറ്റിടങ്ങളിലോ മാറിത്താമസിക്കാം. അതിനും സൗകര്യമില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ ചെലവില്‍ ക്വാറന്റൈന്‍ സൗകര്യമൊരുക്കും. അതിനുള്ള ക്രമീകരണം ഏര്‍പ്പാടാക്കി.

നോര്‍ക്കയില്‍ ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്‌ത മുറയ്‌ക്കായിരിക്കും വിദേശത്ത്‌ നിന്നും പ്രവാസികളുടെ ഒഴിപ്പിക്കല്‍ നടക്കുക. ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവും നോര്‍ക്ക അധികൃതര്‍ വിദേശ മന്ത്രാലയത്തോട്‌ ഉന്നയിച്ചിട്ടുണ്ട്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top