×

മീഡിയാവണ്ണും പ്രവര്‍ത്തനം തുടങ്ങി ; ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള ശ്രമമെന്ന മുഖ്യമന്ത്രി

തിരുവനന്തപുരം : മലയാളത്തിലെ രണ്ടു വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇരു ചാനലുകളും സംപ്രേഷണം വീണ്ടും തുടങ്ങി. ഡല്‍ഹി കലാപ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഏഷ്യനെറ്റിനും മീഡിയാ വണ്ണിനുമായിരുന്നു വിലക്ക്. എന്നാല്‍ രണ്ടു ചാനലുകളും രാവിലെ മുതല്‍ വീണ്ടും സംപ്രേഷണം ആരംഭിച്ചു. 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്ക്.

കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ വിലക്ക് നീക്കിയതോടെ മീഡിയാവണ്‍ രാവിലെ 11 മണിയോടെ സംപ്രേഷണം പുന:രാരംഭിച്ചു. വിലക്ക് നീക്കിയതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.45 മുതല്‍ ഏഷ്യാനെറ്റ് വീണ്ടും സംപ്രേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ മീഡിയാവണ്‍ അടഞ്ഞു കിടക്കുകയായിരുന്നു. മാര്‍ച്ച്‌ ആറിന് രാത്രി ഏഴരയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് രാവിലെ 9.30 ഓടെ മീഡിയാ വണ്ണിന്റെയും വിലക്ക് നീക്കി.

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. അതിക്രമ സമയത്ത് പൊലീസ് നിഷ്ക്രിയമായിരുന്നുവെന്ന് വാര്‍ത്ത കൊടുക്കുകയും, ആര്‍.എസ്.എസിനെ വിമര്‍ശിക്കുകയും ചെയ്തെന്നാണ് വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ കെയുഡബ്ല്യൂജെ തിരുവനന്തപുരത്ത് പ്രകടനം നടത്തി. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ഗസറ്റഡ് ഓഫീസേഴ്സ് സംഘടനയും രംഗത്ത് വന്നു.

ഇതിന് പിന്നാലെയാണ് വിലക്ക് നീക്കിയത്. മാധ്യമ വിലക്കിനെതിരേ പത്രപ്രവര്‍ത്തക യൂണിയനുകള്‍ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും ​സിപിഎം സിപിഐ, കോണ്‍ഗ്രസ് നേതാക്കളും ശക്തമായി അപലപിച്ചു രംഗത്തു വന്നിരുന്നു. അപകടകരമായ പ്രവണതയുടെ വിളംബരമെന്നും അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് രാജ്യത്ത് നില നില്‍ക്കുന്നതെന്നും മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധതയാണെന്നും ഭയപ്പെടുത്തി ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top