×

കൊറോണ: പുതിയതായി ആര്‍ക്കും രോഗബാധയില്ല,​ – ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആയതും ആശ്വാസം

തിരുവനന്തപുരം : കൊറോണ രോഗത്തിനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി അതീവ ജാഗ്രത പാലിക്കുന്ന കേരളത്തില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതും ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആയതും ആശ്വാസം പകര്‍ന്നു.

അതേസമയം, കൊറോണ വൈറസ് ബാധിച്ച്‌ ഇറ്റലിയില്‍ നിന്ന് പത്തനംതിട്ടയില്‍ എത്തിയ മൂന്നംഗ കുടുംബവുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മൂന്ന് ജില്ലകളിലെ 1160 പേരെ നിരീക്ഷണത്തിലാക്കിയെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പത്തനംതിട്ടയില്‍ ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 129 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. ഇവരില്‍ 13ശതമാനം 60വയസില്‍ കൂടുതലുള്ളവരാണ്.

കോട്ടയത്ത് ഇവരുമായി ബന്ധപ്പെട്ട 60പേരെയാണ് തിരിച്ചറിഞ്ഞത്. എറണാകുളത്ത് ഇവരില്‍ നിന്ന് വൈറസ് ബാധിച്ച മൂന്ന് വയസുള്ള കുഞ്ഞുമായും മാതാപിതാക്കളുമായും സമ്ബര്‍ക്കം പുലര്‍ത്തിയ 131പേരെയും കണ്ടെത്തി. ഇതില്‍ 33പേര്‍ ഹൈ റിസ്‌ക് ഉള്ളവരാണ്.

പത്തനംതിട്ടയില്‍ എത്തിയ മൂന്നു പേര്‍ പോയ സ്ഥലം, സമയം, തീയതി എന്നിവ അടങ്ങുന്ന റൂട്ട് മാപ്പ് പുറത്തിറക്കിയതിന് പിന്നാലെ നിരവധി പേര്‍ കാള്‍ സെന്ററുമായി ബന്ധപ്പെട്ടു ഇതോടെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയേറെ ആളുകളെ നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി ശൈലജ പറഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ നിരീക്ഷണം കര്‍ശനമായി തുടരുകയാണ്. ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേരുടെ ആരോഗ്യ നിലയില്‍ ചെറിയ വ്യത്യാസം വന്നിരുന്നെങ്കിലും ഇപ്പോള്‍ തൃപ്തികരമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ഉന്നതലയോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

അതേസമയം, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ സാമ്ബിള്‍ പരിശോധന ആരംഭിച്ചു

വിവിധ ജില്ലകളില്‍ നിരീക്ഷണത്തില്‍ 3313 പേര്‍

വീടുകളില്‍ നിരീക്ഷണത്തില്‍ 3020 പേര്‍

ആശുപത്രികളില്‍ 293പേര്‍

 പരിശോധനയ്ക്ക് അയച്ച സാമ്ബിളുകള്‍ 1179

 889 സാമ്ബിളുകളുടെ ഫലം നെഗറ്റിവ്

213 സാമ്ബിളുകളുടെ ഫലം ലഭിക്കാനുണ്ട്

എല്ലാവര്‍ക്കും മാസ്ക് വേണ്ട

കൊറോണ രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കണം. ഉപയോഗശേഷം മാസ്‌ക് ശാസ്ത്രീയമായി സംസ്‌കരിക്കണം. പുറത്തുപോയി വരുന്നവര്‍ സോപ്പ് ഉപയോഗിച്ച്‌ കൈകഴുകണം. സാനിറ്റൈസര്‍ ലഭ്യത കുറവ് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ലക്ഷണം ഉള്ളവര്‍ പരീക്ഷയ്ക്ക് പോകരുത്

രോഗലക്ഷണങ്ങളുള്ളവര്‍ പരീക്ഷയെഴുതാന്‍ പോകരുതെന്ന് മന്ത്രി ആവര്‍ത്തിച്ചു. നിരീക്ഷണത്തിലുള്ള വീടുകളിലെ കുട്ടികള്‍ക്ക് പ്രത്യേക മുറിയും സൗകര്യങ്ങളും സ്‌കൂള്‍ അധികൃതര്‍ ഒരുക്കണം. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ 40 ലക്ഷം കുട്ടികളില്‍ ബോധവത്ക്കരണം നടത്തി.

ഇറ്റലിയില്‍ നിന്നെത്തിയവരെ വിമാനത്താവളത്തില്‍ സ്വീകരിച്ച ചെങ്ങളം സ്വദേശികളായ മകളും മരുമകനും പനിക്ക് ചികിത്സ തേടിയ കോട്ടയം തിരുവാതുക്കല്‍ കവലയിലെ എബി ക്ലിനിക്ക് കളക്ടര്‍ അടപ്പിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 89 വയസുള്ള മാതാവിന്റെയും 96 വയസുള്ള പിതാവിന്റെ നിലയും മോശമാണെന്ന് സൂചനയുണ്ടായിരുന്നു. ഇവരുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top