×

കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേയ്ക്ക് പോകില്ലെ – ദേവനന്ദയെ തട്ടിക്കൊണ്ടുപോയതെന്ന് മുത്തച്ഛന്‍;

കൊല്ലം : കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ആറ്റില്‍ നിന്നും നിന്നും കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് മുത്തച്ഛന്‍ ആരോപിച്ചു. അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിരുന്നില്ലെന്നും കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേയ്ക്ക് പോകില്ലെന്നും മുത്തച്ഛന്‍ പറയുന്നു.

കുഞ്ഞ് അടുത്ത ദിവസങ്ങളിലൊന്നും ക്ഷേത്രത്തില്‍ പോയിട്ടില്ല. അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദയെന്നും മുത്തച്ഛന്‍ പറയുന്നു.

വെള്ളം കുടിച്ചു മരിച്ചതാണെങ്കില്‍ വയറില്‍ വെള്ളം നിറഞ്ഞു വീര്‍ക്കേണ്ടേയെന്നും അവര്‍ ചോദിക്കുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയിരുന്നില്ല. പരിശോധന നിര്‍ത്തിയതിന് 20 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയതെന്നും അവര്‍ പറയുന്നു. മൃതദേഹം പൊങ്ങിക്കിടന്നത് കഴിഞ്ഞ ദിവസം മുഴുവന്‍ മുങ്ങല്‍വിദഗ്ധര്‍ പരിശോധിച്ച സ്ഥലത്താണ്.

ക്ഷേത്രത്തിലെ ഉത്സവത്തിനായി കെട്ടിയ താല്‍കാലിക പാലത്തിന് അപ്പുറത്തുനിന്നു മൃതദേഹം ഒഴുകിയെത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. പാലത്തിലെ വിള്ളലിലൂടെയുള്ള അതിശക്തമായ ഒഴുക്കില്‍ എത്തിയ ശരീരത്തെ തടഞ്ഞു നിര്‍ത്തിയതു വള്ളിക്കെട്ടില്‍ കുടുങ്ങിയ കുട്ടിയുടെ തലമുടിയാണെന്നാണു മുങ്ങല്‍ വിദഗ്ധര്‍ പറയുന്നത്. കുട്ടിയെ കാണാതായപ്പോള്‍ ധരിച്ചിരുന്ന അതേ വസ്ത്രങ്ങള്‍ തന്നെയാണ് ശരീരത്തിലുണ്ടായിരുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയതിനെത്തുടര്‍ന്ന് എല്ലാ സാധ്യതകളും പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.

വീട്ടില്‍നിന്നു വസ്ത്രങ്ങളുടെ മണം പിടിച്ചോടിയ പോലീസ് നായ ആറിനു കുറുകെ നിരത്തിയിട്ട മണല്‍ചാക്കുകള്‍ കടന്ന് 200 മീറ്ററോളം അകലെയുള്ള ആളില്ലാ വീടിന്റെ വരാന്തയില്‍ എത്തിയിരുന്നു. പിന്നീട് തിരികെ ഓടി അര കിലോമീറ്ററോളം ദൂരെയുള്ള വള്ളക്കടവിലെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടി വാതില്‍ തുറന്ന് പൊന്തക്കാട്ടിനിടയിലൂടെ ആറ്റിലേക്ക് എങ്ങനെ എത്തിയെന്ന സംശയമാണ് എല്ലാവര്‍ക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top