×

ചിത്തിര തിരുനാള്‍ മഹാരാജാവാണ് തങ്കയങ്കി സമര്‍പ്പിച്ചത് – യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെ

കോട്ടയം: പന്തളം കൊട്ടാരത്തിലെ തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ തര്‍ക്കമില്ലെന്ന് ക്ഷത്രിയ ക്ഷേമസഭ. ഭഗവാന് സമര്‍പ്പിച്ചത് തിരുവാഭരണമല്ല, തങ്കയങ്കിയാണ്. ചിത്തിര തിരുനാള്‍ മഹാരാജാവാണ് തങ്കയങ്കി സമര്‍പ്പിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആറന്‍മുള സ്‌ട്രോങ് റുമിലാണ് ഇത് സമര്‍പ്പിച്ചിരിക്കുന്നത് എന്നും ക്ഷത്രിയ ക്ഷേമസഭ പറഞ്ഞു.

മകരസംക്രമ പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ നൂറ്റാണ്ടുകളായി പന്തളം കൊട്ടാരത്തിന്റെ ഉടമസ്ഥതയിലാണ്. മണികണ്ഠനെ യുവരാജാവായി അഭിഷേകം ചെയ്യുമ്ബോള്‍ അണിയിക്കാന്‍ പിതൃസ്ഥാനീയരായ പന്തളം കൊട്ടാരം പണിയിച്ചതാണ് തിരുവാഭരണം. പന്തളത്തിലെ സാമ്ബ്രിക്കല്‍ കൊട്ടാരത്തിലാണ് സൂക്ഷിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര സുരക്ഷിതത്വം കണക്കിലാക്കി ദേവസ്വത്തിന്റെ നേതൃത്വത്തിലാണെന്ന് മാത്രം. സുപ്രീംകോടതിയുടെ പരാമര്‍ശത്തിന്റെ പേരില്‍ ദേവസ്വംബോര്‍ഡ് പാഴ്കിനാവ് കാണുകയാണെന്നും ക്ഷത്രിയ ക്ഷേമസഭ പറഞ്ഞു.

തിരുവാഭരണം എവിടെയും സമര്‍പ്പിച്ചിട്ടില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശി കുമാരവര്‍മ പറഞ്ഞു. സമര്‍പ്പിച്ചുവെന്ന് ചിലര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നൂറ്റാണ്ടുകളായി നടക്കുന്ന ആചാരമാണ് ഇപ്പോഴും തുടരുന്നത്. സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന്റെ പക്കല്‍ രേഖകള്‍ ഉണ്ടാകുമായിരുന്നു. സമര്‍പ്പിച്ച തിരുവാഭരണം തിരിച്ചെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നുവെന്നും ശശികുമാരവര്‍മ പറഞ്ഞു.

അതേസമയം, തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സുരക്ഷയിലാണ് പന്തളം രാജകൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്നത്. കൂടുതല്‍ സുരക്ഷയും സംരക്ഷണവും വേണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞില്ലല്ലോയെന്ന് മന്ത്രി വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിക്കുമെന്നേ പറഞ്ഞിട്ടുള്ളൂ. സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ അത് ചെയ്യുമെന്നാണ് പറഞ്ഞത്. ഏറ്റെടുക്കുമെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എന്താ. അങ്ങനെ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് എന്ത് കാര്യമെന്നും മന്ത്രി ചോദിച്ചു. സര്‍ക്കാര്‍ സംരക്ഷിക്കാന്‍ തയ്യാറാണെന്നാണ് പറഞ്ഞതിന്റെ അര്‍ത്ഥമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറയുന്നതാണ്. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച്‌ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ദൈവത്തിനു സമര്‍പ്പിച്ച തിരുവാഭരണത്തില്‍ രാജകുടുംബത്തിന് എന്ത് അവകാശമെന്ന് സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. തിരുവാഭരണം ഇപ്പോഴും രാജകുടുംബത്തിന്റെ പക്കല്‍ സൂക്ഷിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ സൂചിപ്പിച്ചപ്പോഴാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്. തുടര്‍ന്ന് തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top