×

സര്‍ക്കാര്‍ എതിര്‍ത്തു; ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തിന് അനുമതിയില്ല

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുന്നതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ നോട്ടീസ് നിയമസഭയുടെ കാര്യോപദേശക സമിതി തള്ളി. പ്രമേയ അവതരണത്തെ കാര്യോപദേശക സമിതി യോഗത്തില്‍ സര്‍ക്കാര്‍ എതിര്‍ത്തു. തുടര്‍ന്നു പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പോടെയാണ് കാര്യോപദേശക സമിതിയുടെ തീരുമാനം.

പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി ഗവര്‍ണര്‍ വിരുദ്ധ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ച സാഹചര്യത്തിലാണ്, ചട്ടം 130 പ്രകാരം രമേശ് ചെന്നിത്തല നോട്ടീസ് നല്‍കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം നിയമ വിരുദ്ധമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. സഭയെ അവഹേളിക്കുന്ന രീതിയില്‍ സസാരിച്ച ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കണമെന്നാണ്, പ്രമേയ നോട്ടീസില്‍ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ഗവര്‍ണര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കുന്നതിനെ കാര്യോപദേശക സമിതി യോഗത്തില്‍ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ നടപടിയെന്ന്, യോഗശേഷം പാര്‍ലമെന്ററികാര്യ മന്ത്രി എകെ ബാലന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭിന്നതയുണ്ടാക്കി അതില്‍നിന്നു രാഷ്ട്രീയ മുതലെടുപ്പു നടത്തുകയാണ് ലക്ഷ്യം. അത് അംഗീകരിക്കാനാവില്ലെന്നും ബാലന്‍ പറഞ്ഞു.

ഗവര്‍ണറെ തിരിച്ചുവിളിക്കല്‍ നിയമത്തിലോ ചട്ടത്തിലോ ഇല്ലാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ ചട്ടം 130 പ്രകാരം പ്രതിപക്ഷ നേതാവ് നല്‍കിയ നോട്ടീസ് അംഗീകരിക്കാനാവില്ലെന്ന് എകെ ബാലന്‍ പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് നല്‍കിയ പ്രമേയ നോട്ടീസ് നിലനില്‍ക്കുന്നതാണെന്ന് നേരത്തെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top