×

ഈ ബില്ലിന് ഇന്ത്യയിലെ മുസ്ലീങ്ങളുമായി എന്ത് ബന്ധമാണുള്ളതെ ? രാജ്യത്തെ ഒരു മുസ്ലീമും ആശങ്കപ്പെടേണ്ടതില്ലെ   -അവര്‍ എല്ലായ്‌പ്പോഴും ഇന്ത്യയിലെ പൗരന്മാരാണ് – അമിത് ഷാ

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ബില്ലില്‍ ചില പാര്‍ട്ടികള്‍ പാക്കിസ്ഥാന്റെ അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന. സുരക്ഷിതമായ ഭൂരിപക്ഷത്തോടെ തന്നെ ബില്‍ പാസാക്കുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി അവകാശപ്പെട്ടു.

മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കായുള്ള പൗരത്വ ഭേദഗതി ബില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടും. ചില പാര്‍ട്ടികള്‍ പാക്കിസ്ഥാന്‍ സംസാരിക്കുന്ന അതേ ഭാഷയിലാണ് പ്രതികരിക്കുന്നത്- മോദി പറഞ്ഞു. ബില്ലിനെതിരെ കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ കമ്മീഷനും രംഗത്തെത്തിയിരുന്നു. ബില്‍ രാജ്യസഭയിലും പാസാക്കിയാല്‍ അമിത് ഷാക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

പൗരത്വഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തിലാണ് ബിജെപി പാര്‍ലമെന്ററി യോഗം ചേര്‍ന്നത്. അതിന് ശേഷം ബില്‍ രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ലോക്സഭയില്‍ അനുകൂലിച്ച്‌ വോട്ട് ചെയത ശിവസേന രാജ്യസഭയില്‍ പിന്തുണക്കില്ലെന്നാണ് വിവരം. വോട്ടെടുപ്പ് വേളയില്‍ സഭയില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് ശിവസേനയുടെ തീരുമാനം.

രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് അമിത് ഷാ പറഞ്ഞു. ‘ഈ ബില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരാണെന്ന തെറ്റിദ്ധാരണ പരക്കുന്നുണ്ട്. എന്നാല്‍ ഈ ബില്ലിന് ഇന്ത്യയിലെ മുസ്ലീങ്ങളുമായി എന്ത് ബന്ധമാണുള്ളതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അവര്‍ എല്ലായ്‌പ്പോഴും ഇന്ത്യയിലെ പൗരന്മാരാണ്. അവരോട് ഒരുതരത്തിലുള്ള വിവേചനവുമില്ല’- അമിത് ഷാ പറഞ്ഞു. ഈ ബില്ലില്‍ രാജ്യത്തെ ഒരു മുസ്ലീമും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. നിങ്ങളെ ചിലര്‍ ഭയപ്പെടുത്താന്‍ നോക്കിയാല്‍ നിങ്ങള്‍ ഭയപ്പെടരുത്. ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സുരക്ഷയും ലഭിക്കും. ഭരണഘടന അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുന്‍പ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും.

വീസ, പാസ്പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച്‌ അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയനുസരിച്ച്‌ അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. മേല്‍പറഞ്ഞ ഗണത്തില്‍പെടുന്ന അനധികൃത കുടിയേറ്റക്കാരെ 2015, 2016 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കി രാജ്യത്തു തുടരാന്‍ അനുവദിച്ചു. അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണ് പുതിയ പൗരത്വനിയമ ഭേദഗതി.

പൗരത്വം നിയമം ലംഘിക്കുന്ന വിദേശികളായ ഇന്ത്യന്‍ പൗരന്മാരുടെ ഒസിഐ രജിസ്റ്റ്രേഷന്‍ റദ്ദാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ മേഖലകള്‍ക്കു ബില്‍ ബാധകമാകില്ല. അരുണാചല്‍, മിസോറം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റ് ആവശ്യമായ പ്രദേശങ്ങളും ബില്ലിന്റെ പരിധിയില്‍ വരില്ല. പൗരത്വ ഭേദഗതി ബില്‍ നടപ്പിലാകുന്നതോടെ വിദേശികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ കൂടി അനുമതിയോടെ മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓരോ അപേക്ഷയും അതതു സ്ഥലത്തെ ഡപ്യുട്ടി കമ്മിഷണറോ ജില്ലാ മജിസ്ട്രേട്ടോ കൃത്യമായി പരിശോധിച്ച്‌ അന്വേഷണം നടത്തണം. സംസ്ഥാന സര്‍ക്കാരുകളും അന്വേഷണം നടത്തണം. ഇരു റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇനി ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളൂ.

2014-ല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്‍. 2016 ജൂലൈ 19-നാണ് ആദ്യമായി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് 12-ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു കൈമാറി. 2019 ജനുവരി ഏഴിനാണു സമിതി റിപ്പോര്‍ട്ട് നല്‍കിയത്. 2019 ജനുവരി എട്ടിനു ബില്‍ ലോക്സഭ പാസാക്കി. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാതിരുന്ന സാഹചര്യത്തില്‍ പതിനാറാം ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്‍ അസാധുവായി. വീണ്ടും ഡിസംബര്‍ നാലിന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബില്‍ ഒന്‍പതാം തീയതി ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിക്കുകയായിരുന്നു. 311 വോട്ടുകള്‍ക്കു ലോക്‌സഭയില്‍ പാസായ ബില്ലാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top