×

മഹാരാഷ്ട്ര – കോടതികള്‍ റണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ കേസുകളും തീര്‍പ്പാക്കണം നിയമം ഉണ്ടാക്കിയാല്‍ ശരിയാകുമോ ? ചോദ്യം സുപ്രീം കോടതിയോട് റോത്തഗി

 

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് 24 മണിക്കൂറിനകം നടത്താന്‍ ഉത്തരവിട്ടാല്‍ അത് ശരിയല്ല. അത് ഗവര്‍ണ്ണറുടെ വിവേചാനധികാരമാണ്. കോടതികള്‍ എല്ലാ കേസുകളും രണ്ട് വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന നിയമം ഉണ്ടാക്കിയാല്‍ കോടതിക്ക് എന്ത് പറയാനാകുമെന്നും ബിജെപിയുടെ വാദത്തിനിടെ മുകുള്‍ റോത്തഗി സുപ്രീം കോടതിയിലെ മൂന്നംഗ ബഞ്ചിനോട് ചോദിച്ചു.

ന്യൂഡല്‍ഹി: മഹാരാഷ്ട്ര വിഷയം സംബന്ധിച്ച്‌ ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി എന്നീ ത്രികക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. നാളെ രാവിലെ 10.30 മണിക്കാണ് കേസില്‍ വിധി പറയുക. കേസില്‍ ഇന്നലെ ആരംഭിച്ച വാദം ഇന്നാണ് പൂര്‍ത്തിയായത്. ഇതോടെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. തങ്ങള്‍ക്ക് മുന്നിലുള്ള വിഷയം മഹാരാഷ്ട്ര നിയമസഭയില്‍ നടക്കേണ്ടുന്ന വിശ്വാസവോട്ടെടുപ്പാണെന്ന് സുപ്രീം കോടതി പറ‌ഞ്ഞിരുന്നു. ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച വിഷയം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയേ തീരൂ എന്നും ഇക്കാര്യത്തില്‍ ഒരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും ഫഡ്നാവിസിന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞപ്പോള്‍ മുന്‍പും 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത് കോടതി ആവര്‍ത്തിക്കുകയും ചെയ്തു.

ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കപില്‍ സിബല്‍, അഭിഷേക് മനു സിംഗ്‌വി, എന്നിവരാണ് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായത്. ബി.ജെ.പി, എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന നേതാക്കളും കോടതിയില്‍ ഉണ്ടായിരുന്നു. കേസില്‍ മനീന്ദ്ര സിംഗ് അജിത് പവാറിനെയും മുകുള്‍ റോത്തഗി ദേവേന്ദ്ര ഫഡ്നാവിസിനെയും പ്രതിനിധീകരിച്ചു. എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ഹിന്ദു മഹാസഭ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സുപ്രീം കോടതി പരിഗണിച്ചില്ല.

ഗവര്‍ണറുടെ തീരുമാനത്തിന്റെ പകര്‍പ്പ് തന്റെ കൈവശം ഉണ്ടെന്ന് തുഷാര്‍ മേത്ത പറഞ്ഞു. അജിത് പവാര്‍ തന്റെ കൂടെ 54 എം.എല്‍.എമാരുണ്ടെന്ന് കാട്ടി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും തുഷാര്‍ മേത്ത കോടതിയില്‍ വായിച്ചു. താന്‍ ബി.ജെ.പിയോടൊപ്പം ചേരുകയാണെന്നുള്ള പ്രസ്താവനയും എം.എല്‍.എമാരുടെ ഒപ്പുകളുമാണ് കത്തില്‍ ഉണ്ടായിരുന്നതെന്നും തുഷാര്‍ മേത്ത പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് ഉണ്ടെന്നും മേത്ത കോടതിയില്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് അജിത് പവാറിന്റെ വാക്കുകള്‍ അവിശ്വസിക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നുവെന്നും ബി.ജെ.പി – എന്‍.സി.പി സഖ്യത്തിന് 106 എം.എല്‍.എമാരുടെ പിന്തുണ സര്‍ക്കാര്‍ രൂപീകരിക്കാനായി ഉണ്ടായിരുന്നുവെന്നും മേത്ത കോടതിയില്‍ പറഞ്ഞു.

അതേസമയം, ബി.ജെ.പിയോടൊപ്പം ചേര്‍ന്ന ശേഷം കുടുംബത്തിലുള്ള പ്രശ്നങ്ങള്‍ കാരണം ശരദ് പവാര്‍ ഇപ്പോള്‍ കുതിര കച്ചവടം നടത്തുകയാണെന്ന് മുകുള്‍ റോത്തഗി കോടതിയില്‍ പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്ന കാര്യം തീരുമാനിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കാണെന്നും റോത്തഗി പറഞ്ഞു. വിശ്വാസവോട്ടെടുപ്പിലൂടെയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്ന് ആര്‍ക്കും എതിര്‍പ്പില്ലെന്നും ഫഡ്നാവിസിന്റെ അഭിഭാഷകന്‍ പറഞ്ഞു. സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടെന്നും സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ അധികാരത്തില്‍ കോടതി ഇടപെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഫഡ്നാവിസിന്റെയും കേന്ദ്രത്തിന്റെയും അഭിഭാഷകര്‍ കോടതി പറഞ്ഞു.

അജിത് പവാര്‍ തന്നെയാണ് എന്‍.സി.പിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം 154 എം.എല്‍.എമാരുടെ പിന്തുണയുണയുണ്ടെന്ന് ശിവസേന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. ബി.ജെ.പിയെ ക്ഷണിക്കാന്‍ എന്തായിരുന്നു ഗവര്‍ണറുടെ തിടുക്കമെന്നും കപില്‍ സിബല്‍ കോടതിയില്‍ ചോദിച്ചു.24 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും അത് ലോകത്തിന് കാണാവുന്ന രീതിയിലാകണമെന്നും വിശ്വാസവോട്ടെടുപ്പില്‍ പ്രോട്ടേം സ്പീക്കറെ സുപ്രീം കോടതി തീരുമാനിക്കണമെന്നും കോടതി ജനാധിപത്യത്തിന്റെ പരിശുദ്ധി സംരക്ഷിക്കണമെന്നും മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും സിംഗ്‌വി പറഞ്ഞു.എന്നാല്‍ ബി.ജെ.പി ഇതിനെ എതിര്‍ത്തു. പുതിയ സത്യവാങ്മൂലം വരുമ്ബോള്‍ അതിന് സമയം അനുവദിക്കണം എന്നാണ് ബി.ജെ.പിയുടെ വാദം. സുപ്രീം കോടതി പ്രോടെം സ്പീക്കറെ നിയമിക്കണമെന്ന വാദത്തെയും ബി.ജെ.പി എതിര്‍ത്തു. പ്രോടെം സ്പീക്കറെ നിയമിക്കുന്ന നടപടിയും മറ്റ് നടപടികള്‍ക്കും 14 ദിവസത്തെ സമയം വേണമെന്നും ബി.ജെ.പി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top