×

ഇനി അഞ്ച് ദിവസം… – ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നും പുനരധിവാസം ബില്‍ഡര്‍മാര്‍ നല്‍കണമെന്നും ആവര്‍ത്തിച്ച്‌ കാനം രാജേന്ദ്രന്‍;

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷിയോഗമാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്. ഫ്‌ളാറ്റിനെ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താന്‍ എന്തെല്ലാം നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യാനും യോഗം തീരുമാനിച്ചു.

ചെയ്യാത്ത തെറ്റിനാണ് സര്‍ക്കാര്‍ പ്രതിയാക്കപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് സര്‍വകക്ഷി സംഘത്തെ അയച്ച്‌ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അതേസമയം മരടിലെ ഫ്‌ളാറ്റ് ഉടമകളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളാണ് നിയമലംഘനം നടത്തിയത്. അവരെക്കൊണ്ട് തന്നെ പുനരധിവാസത്തിനുള്ള നടപടി എടുപ്പിക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍, ഇതിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരെയെല്ലാം നടപടി സ്വീകരിക്കണമെന്ന് ആര്‍.എസ്‌പി ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടം ഈടാക്കണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ ഇത്തരത്തിലുള്ള നിയമലംഘനം പരിഹരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളരുതെന്നും ആര്‍.എസ്‌പി അഭിപ്രായപ്പെട്ടു.ഫ്‌ളാറ്റ് പൊളിക്കാന്‍ കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്.

അതേസമയം മരടില്‍ സുപ്രീംകോടതി പൊളിക്കാന്‍ വിധിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ ഫ്‌ളാറ്റുടമകള്‍ക്ക് താല്‍ക്കാലിക പുനരധിവാസത്തിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ താല്‍ക്കാലിക പുനരധിവാസം വേണ്ടവര്‍ അപേക്ഷിക്കണമെന്നാണ് മരട് നഗരസഭ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആരും അത്തരത്തിലൊരു അപേക്ഷ ഉന്നയിച്ചില്ല. ഇതോടെ, താല്‍ക്കാലിക പുനരധിവാസം ആര്‍ക്കും വേണ്ടെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കാനാണ് നഗരസഭ നിലപാട്

ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ ഹോളി ഫെയ്ത്ത് എച്ച്‌ടുഒ, ആല്‍ഫ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നെട്ടൂരുള്ള ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്‌ളാറ്റ് സമുച്ചയം, കെ വി ജോസ് ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സിന്റെ നെട്ടൂര്‍ കേട്ടേഴത്ത് കടവിലുള്ള ജെയിന്‍ കോറല്‍ കോവ്, ഹോളിഡേ ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹോളിഡേ ഹെറിറ്റേജ് എന്നിവയാണ് സുപ്രീംകോടതി പൊളിക്കാനുത്തരവിട്ട ഫ്‌ളാറ്റുകള്‍.

സെപ്റ്റംബര്‍ 20 ആണ് ഫ്‌ളാറ്റ് പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച അവസാനദിവസം. സെപ്റ്റംബര്‍ 23-ന് ഫ്‌ളാറ്റ് പൊളിച്ചു നീക്കിയെന്ന റിപ്പോര്‍ട്ടുമായി ചീഫ് സെക്രട്ടറിയോട് ഹാജരാകാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസുമടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണ അറിയിച്ച്‌ രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് വി എസ് അച്യുതാനന്ദന്റെയും വി എം സുധീരന്റെയും നിലപാട്. മരടിലെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ബില്‍ഡര്‍മാരില്‍ നിന്ന് ഈടാക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെടുന്നു. പക്ഷേ, യുഡിഎഫിലും എല്‍ഡിഎഫിലും വിഷയത്തെച്ചൊല്ലി ഭിന്നതകളുണ്ട്. സിപിഐ സെക്രട്ടറി കാനം ഇന്ന് സര്‍വ്വകക്ഷി യോഗത്തിലും ഇത് ആവര്‍ത്തിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top