×

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂല – തിരുവനന്തപുരത്തും പത്തനംതിട്ടയിലും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പോവും; കെ പി സിസി കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും യുഡിഎഫിനു ജയസാധ്യതയെന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക കണക്കുകള്‍. ഭൂരിപക്ഷം കുറയുമെങ്കിലും ശശി തരൂരും ആന്റോ ആന്റണിയും ജയിച്ചുകയറുമെന്നാണ് മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

വടക്കന്‍ കേരളത്തില്‍ പാലക്കാടും തെക്ക് ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യതയെന്നാണ ് മണ്ഡലം കമ്മിറ്റികള്‍ സമര്‍പ്പിച്ച കണക്കുകള്‍. സംസ്ഥാനത്ത് ഉടനീളം വലിയ തോതില്‍ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ട്. പോളിങ് ശതമാനം കുത്തനെ ഉയര്‍ന്നതിനു കാരണമായത് പ്രധാനമായും ഇതാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായാണ് സംഭവിച്ചിട്ടുള്ളതെന്നും ഇതൊരു തരംഗമായി ഫലത്തില്‍ പ്രതിഫലിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

ത്രികോണമത്സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും കാര്യങ്ങള്‍ അവസാന ഘട്ടത്തില്‍ യുഡിഎഫിന് അനുകൂലമായി വന്നിട്ടുണ്ട്. ബിജെപി സ്വാധീനശക്തിയായി മാറുന്നുവെന്ന തോന്നല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടിനെ യുഡിഎഫിനോട് അടുപ്പിച്ചിട്ടുണ്ട്. ബിജെപിക്കെതിരെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് ശക്തിയായി മാറുന്നുവെന്നത് ഇതിനു മുഖ്യകാരണമായതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫില്‍ എത്തുന്നത് എല്‍ഡിഎഫിന് കടുത്ത ക്ഷീണമുണ്ടാക്കും. ശബരിമല വിഷയത്തിന്റെ പേരില്‍ ഭൂരിപക്ഷ വോട്ടുകള്‍ കൂടി കൊഴിയുന്നതോടെ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്കു പോവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

പാലക്കാട്ട് ജയസാധ്യത കുറവാണെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. വോട്ടിങ്ങിനെ അടിസ്ഥാനമാക്കിയുള്ള വിശകലനത്തില്‍ ആറ്റിങ്ങലും ഇതിനോടു ചേര്‍ക്കുകയാണ് പാര്‍ട്ടി. മറ്റ് പതിനെട്ടിടത്തും യുഡിഎഫിനു ജയസാധ്യതയുണ്ട്. പാലക്കാട്ടും ആറ്റിങ്ങലും എല്‍ഡിഎഫിന് ഉറച്ച രാഷ്ട്രീയ വോട്ടുകള്‍ ഉണ്ടെന്നും അതിനെ മറികടക്കുന്ന മുന്നേറ്റം നടത്താന്‍ യുഡിഎഫിന് ആയിട്ടില്ലെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ എല്‍ഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാനും കോട്ടകളില്‍ കടന്നുകയറാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതു വിജയത്തില്‍ എത്താന്‍ മാത്രമുണ്ടോയെന്നതില്‍ പാര്‍ട്ടി സംശയം പ്രകടിപ്പിക്കുന്നു. പാലക്കാട്ട് ഇത്തരത്തില്‍ ഒരു മുന്നേറ്റം പോലും സാധ്യമായിട്ടില്ല. ഇവിടെ പ്രചാരണത്തിലും യുഡിഎഫ് പിന്നിലായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top