×

ആര്‍എസ്‌എസ് (യോഹന്നാന്‍) vs ആചാര സംരക്ഷകര്‍; ശബരിമലയെച്ചൊല്ലി സംഘപരിവാര്‍ അനുകൂലികള്‍ തമ്മില്‍ സൈബര്‍ പോര് കൊഴുക്കുന്നു

കൊച്ചി: ശബരിമല ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട വിരുദ്ധ നിലപാടുകളുടെ പേരില്‍ സംഘപരിവാര്‍ അനുകൂലികള്‍ തമ്മില്‍ സൈബര്‍ പോര്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച മുതിര്‍ന്ന ആര്‍എസ്‌എസ് നേതാവ് ആര്‍ ഹരിക്കെതിരെ മറുവിഭാഗം ഉന്നയിച്ച ആക്ഷേപങ്ങളാണ്, സൈബര്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.

വ്യക്തിതാത്പര്യങ്ങള്‍ക്കായാണ് മുന്‍ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖ് ആയ ആര്‍ ഹരി സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നതെന്ന ആരോപണവുമായി, ആചാര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍നിന്നു പ്രവര്‍ത്തിച്ച ശങ്കു ടി ദാസ് രംഗത്തുവന്നു. ആര്‍ ഹരിയുടെ സഹോദരന്‍ ആര്‍ ധനഞ്ജയ ഷേണായി കെപി യോഹന്നാനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ആണെന്ന് ശങ്കു പറയുന്നു.യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം കൊണ്ടുവരാനുള്ള ശ്രമവും ശബരിമല ക്ഷേത്രം 365 ദിവസവും തുറക്കണമെന്നും സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രവേശനം നല്‍കണമെന്നുമുള്ള വാദവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ശങ്കു ടി ദാസ് ആരോപിക്കുന്നത്. വിമാനത്താവളം സാമ്ബത്തികമായി വിജയമാവണമെങ്കില്‍ ശബരിമല തീര്‍ഥാടകരുടെ എണ്ണം കൂട്ടേണ്ടതുണ്ടെന്നും സ്ത്രീപ്രവേശന വാദത്തിന്റെ അടിസ്ഥാനം ഇതെന്നുമാണ് ആക്ഷേപം.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ശങ്കു ടി ദാസ് ആര്‍ ഹരിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള വാദങ്ങളാണ് സൈബര്‍ ഇടത്തിലെ സംഘപരിവാര്‍ അനുകൂലികളെ രണ്ടായി തിരിച്ചിരിക്കുന്നത്. റെഡി ടു വെയ്റ്റ് ക്യാംപയ്‌നു നേതൃത്വം കൊടുത്ത പദ്മ പിള്ള ഈ വിവാദത്തില്‍ പങ്കു ചേര്‍ന്നുകൊണ്ട് നടത്തിയ കമന്റ് പുതിയ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കുകയും ചെയ്തു. ”ഒരു കാര്യം ഏകദേശം ക്ലിയറായി വരുന്നുണ്ട്. ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടില്‍ ചവിട്ടു കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ, അയ്യപ്പക്ഷേത്രത്തിലോ അവിടത്തെ തന്ത്ര ആഗമങ്ങളോട് ഉള്ള ബഹുമാനമോ കൊണ്ടല്ല പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണ്.” എന്ന കമന്റാണ് ഇടതുപക്ഷ ഗ്രൂപ്പുകളില്‍ വ്യാപകമായി സ്‌ക്രീന്‍ ഷോട്ടായി പറക്കുന്നത്. ഈ കമന്റിനു വിശദീകരണവുമായി പദ്മ പിള്ള തന്നെ രംഗത്തുവന്നു.

റെഡി ടു വെയ്റ്റ് ക്യാംപയ്ന്‍ ശക്തിപ്പെട്ടു വന്ന ഘട്ടത്തിലാണ് സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള ആര്‍ ഹരിയുടെ ലേഖനങ്ങള്‍ ആര്‍ എസ്‌എസ് മുഖമാസികയില്‍ വന്നതെന്നും ഇത് ആസൂത്രിതമായിരുന്നെന്നുമാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ആര്‍എസ്‌എസ് (യോഹന്നാന്‍) എന്ന പരിഹാസത്തോടെയാണ് ഹരിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ അഭിസംബോധന ചെയ്യുന്നത്.

എന്നാല്‍ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നതു തന്നെയാണ് സംഘത്തിന്റെ നിലപാടെന്ന് മറുപക്ഷം പറയുന്നു. ആര്‍എസ്‌എസില്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ആര്‍ ഹരി. അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് അംഗീകരിക്കാവില്ലെന്നു വ്യക്തമാക്കുന്ന ഇവര്‍ മറുവിഭാഗത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top