×

ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം – അട്ടിമറിക്കാനുള്ള നീക്കത്തില്‍ രൂക്ഷമായി പ്രതികരിച്ച് കെ കെ ശിവരാമന്‍

തൊടുപുഴ : പെരിഞ്ചാംകുട്ടിയില്‍ നിന്നും കുടിയിറക്കപ്പെട്ട 161 ആദിവാസികള്‍ക്ക് അവിടെ തന്നെ ഒരേക്കര്‍ ഭൂമി വീതം നല്‍കാനുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനവും അതനുസരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവും അട്ടിമറിക്കപ്പെട്ടുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനെ തുരങ്കം വയ്ക്കുന്നതിന് നിരന്തരം ശ്രമിച്ചുവന്ന കയ്യേറ്റമാഫിയ്ക്ക് അനുകൂലമായാണ് പുതിയ സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നത്.
പെരിഞ്ചാംകുട്ടി ജലവൈദ്യുതി പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം ആകെയുള്ളത് 550 ഏക്കര്‍ ഭൂമിയാണുള്ളത്. ഈ ജലവൈദ്യുതി പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറി. ഇതിന്റെ ഒരു ഭാഗത്ത് റവന്യൂ വകുപ്പിന്റെ യാതൊരു അംഗീകാരവും വാങ്ങാതെ വനം വകുപ്പ് തേക്ക് പ്ലാന്റ് ചെയ്തിരുന്നു
ചിന്നക്കനാലില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമയില്‍ താമസിച്ചിരുന്ന 161 കുടുംബങ്ങള്‍ നിരന്തരമായ ആനശല്യം മൂലം അവിടെ നിന്ന് ഇറങ്ങി പെരിഞ്ചാംകുട്ടിയിലെ റവന്യൂ ഭൂമിയില്‍ കുടില്‍ കെട്ടി താമസം ആരംഭിച്ചു. 2012 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇവരെ കുടിയിറക്കി ജയിലില്‍ അടച്ചു. ജയിലില്‍ നിന്നിറങ്ങിയ ആദിവാസികള്‍ ഇടുക്കി കളക്‌ടേറ്റിന് മുമ്പില്‍ സമരം ആരംഭിച്ചു. ആറ് വര്‍ഷം തുടര്‍ച്ചയായി ഇവര്‍ സത്യഗ്രഹം നടത്തി. സിപിഐ മാത്രമാണ് ഈ സമരത്തോടൊപ്പം ഉറച്ച് നിന്നത്.
നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ 158 ആദിവാസി കുടുംബങ്ങള്‍ക്ക് പെരിഞ്ചാംകുട്ടിയില്‍ തന്നെ ഒരേക്കര്‍ ഭൂമി വീതം നല്‍കാന്‍ തീരുമാനമായി. ഭൂമിയിലുള്ള വനം വകുപ്പിന്റെ എല്ലാ അവകാശ വാദങ്ങളും തള്ളിക്കളഞ്ഞ് അവരുടെ സമ്മത്തോടെയാണ് തീരുമാനം എടുത്തത്. തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേര്‍ന്ന് ഒരേക്കര്‍ ഭൂമി വീതം നല്‍കാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് 8.3.2018 ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാതിരിക്കുന്നതിന് ഇരുട്ടിന്റെ ശക്തികള്‍ നിരന്തരം ശ്രമിച്ചു. 29.01.2019 ല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും ഒരു ഉന്നതതലയോഗം ചേരുകയും ഈ യോഗത്തില്‍ വച്ച് ഈ ഭൂമി വിതരണം ചെയ്യുന്നതിന് കേന്ദ്രാനുമതി തേടാന്‍ തീരുമാനിക്കുകയും ചെയ്തു. റവന്യൂ ഭൂമിയാണിതെന്ന് പകല്‍ പോലെ വ്യക്തമാണ്. എന്നിട്ടും കേന്ദ്രാനുമതി തേടാന്‍ തീരുമാനിച്ചതിന്റെ അര്‍ത്ഥം ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യേണ്ടതില്ലാ എന്ന ഉദ്ദേശ്യത്തില്‍ തന്നെയാണ്.
മാത്രമല്ല ഈ യോഗ വിവരം സംസ്ഥാന റവന്യൂ മന്ത്രിയെ അറിയിച്ചിട്ടില്ലായെന്നാണ് മനസിലാക്കുന്നത്. ഭൂമി സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സംസ്ഥാന റവന്യൂ മന്ത്രിയുടെ സാന്നിധ്യം നിര്‍ബന്ധമാണ്. ഇതെന്തുകൊണ്ട് എന്നത് ദുരൂഹമാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒരു മന്ത്രിസഭാ യോഗ തീരുമാനവും സര്‍ക്കാര്‍ ഉത്തരവും മറികടക്കാന്‍ ഉദ്യോഗസ്ഥന്‍മാരുടെ ഒരു യോഗത്തിന് അധികാരമുണ്ടോ എന്നതാണ്. ഒരു മന്ത്രിസഭാ തീരുമാനത്തിന് ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തണമെങ്കില്‍ മറ്റൊരു മന്ത്രിസഭാ യോഗം ചേരണം. അതുണ്ടായിട്ടില്ല.
പെരിഞ്ചാംകുട്ടിയില്‍ ഇപ്പോള്‍ തന്നെ കയ്യേറ്റ മാഫിയയുടെ സാന്നിധ്യമുണ്ട്. അവര്‍ക്ക് ആവേശം പകരുന്നതാണ് പുതിയ ഈ തീരുമാനം.
ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി ലഭിക്കുന്നതിന് വേണ്ടി ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ ഉയര്‍ന്നുവരും. സര്‍ക്കാരിന്റെ നിയമവിരുദ്ധമായ പുതിയ തീരുമാനം പുനപരിശോധിക്കണമെന്നും ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി എത്രയും വേഗം വിതരണം ചെയ്യണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top