×

അബ്ദുള്ളക്കുട്ടി മംഗലാപുരത്തേക്ക് താമസംമാറ്റി, കര്‍ണാടക ബിജെപിയിലേക്ക് ? ; സൂചന

കണ്ണൂര്‍ : ഫെയ്‌സ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച്‌ വിവാദത്തില്‍ അകപ്പെട്ട കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി കര്‍ണാടക ബിജെപിയില്‍ ചേരാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. മംഗലൂരുവിലേക്ക് താമസം മാറിയ അബ്ദുള്ളക്കുട്ടി അടുപ്പക്കാരോട് ഇക്കാര്യം സൂചിപ്പിച്ചതായാണ് വാര്‍ത്തകള്‍. വിവാദത്തെത്തുടര്‍ന്ന് നിലപാട് അറിയാന്‍ ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കളോട് വഴിമാറുകയാണെന്ന് വ്യക്തമാക്കിയെന്നും കണ്ണൂര്‍ ഡിസിസി കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

മോദി സ്തുതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് അബ്ദുള്ളക്കുട്ടി ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. ഇത് അദ്ദേഹം കോണ്‍ഗ്രസില്‍ തുടരാനില്ലെന്നതിന്റെ സൂചനയാണെന്നും നേതാക്കള്‍ വിലയിരുത്തുന്നു. ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അബ്ദുള്ളക്കുട്ടി ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. കര്‍ണാടകയില്‍ പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ആരെങ്കിലും ബിജെപിയിലേക്ക് പോയാല്‍ കൂടെ പോകാമെന്ന തീരുമാനത്തിലാണ് അബ്ദുള്ളക്കുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോദിയുടെ വികസനമാതൃകയെ പുകഴ്ത്തിയതിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നും പുറത്തായപ്പോഴാണ് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത്. മോദി സ്തുതിയില്‍ കെപിസിസി അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടിയിരിക്കുകയാണ്. അതിനിടെ അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്തെത്തി. ഇരിക്കുന്ന കൊമ്ബ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണ്. ഇപ്പോള്‍ താമരക്കുളത്തില്‍ മുങ്ങിക്കുളിക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ മോഹമെന്നും വീക്ഷണം എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്ന രീതി അംഗീകരിക്കാനാകില്ല. ദേശാടനപക്ഷി പോലെ ഇടയ്ക്കിടെ ആവാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത് അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണ്. ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറാനും അതേ ഭാണ്ഡക്കെട്ടാണ് അബ്ദുള്ളക്കുട്ടി മുറുക്കിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ തോല്‍വിയുടെ വേനല്‍ക്കാലമാണെന്നും ബിജെപിയില്‍ താമര പൂക്കുന്ന വസന്തമാണെന്നും മനസ്സിലാക്കിയാണ് മോദി സ്തുതിയുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ഒരിക്കല്‍ വേലി ചാടിയ പശു പിന്നീട് കാണുന്ന വേലികളൊക്കെ ചാടിക്കടക്കും. അതേപോലെയാണ് അബ്ദുള്ളക്കുട്ടി വീണ്ടും വേലിചാടാനൊരുങ്ങുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന അബ്ദുള്ളക്കുട്ടിക്ക് ആ മോഹം നടക്കാതെപോയതാണ് ഇപ്പോഴത്തെ കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നത്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകാന്‍ കച്ചകെട്ടുന്ന അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നത് തന്നെയാണ് ഉത്തമം. ഇത്തരം ജീര്‍ണതകളെ പേറിനടക്കുന്ന കോണ്‍ഗ്രസിന് എത്രയും വേഗം അവറ്റകളുടെ പിരിഞ്ഞുപോകലിന് അവസരമുണ്ടാക്കുന്നതാണ് ഉത്തമം.

കോണ്‍ഗ്രസില്‍ അയാളെ തുടരാന്‍ അനുവദിക്കരുത്. സിപിഎമ്മില്‍ നിന്ന് തോണ്ടിയെറിഞ്ഞ അബ്ദുള്ളക്കുട്ടിക്ക് രാഷ്ട്രീയ അഭയവും രക്ഷയും നല്‍കിയ കോണ്‍ഗ്രസിനെ അയാള്‍ തിരിഞ്ഞുകൊത്തുകയാണ്. ഇത്തരം അഞ്ചാം പത്തികളെ ഇനിയും വെച്ചുപൊറുപ്പിക്കരുതെന്ന് വീക്ഷണം എഡിറ്റോറിയല്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top