×

രാഹുലിന്റെ ഭൂരിപക്ഷം രണ്ട് ലക്ഷം പോലും കവിയില്ല; വയനാട്ടില്‍ വീര്യം കൂടി

കല്പറ്റ: വയനാട്ടില്‍ ഉച്ചതിരിഞ്ഞ് വേനല്‍ മഴ തകര്‍ക്കുകയാണെങ്കിലും മണ്ഡലത്തിലെ പ്രചാരണച്ചൂടിനെ തണുപ്പിക്കാന്‍ അതുപോര. രാഹുല്‍ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മണ്ഡലത്തില്‍ മൂന്ന് മുന്നണികളുടേയും പ്രചാരണം ഉച്ചസ്ഥായിയിലാണ്. ദേശീയ നേതാക്കളുള്‍പ്പെടെ നിരനിരയായി ചുരംകയറുകയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് സഹോദരി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിലുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി സുനീറിനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കും വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനും നേതാക്കളുടെ നിരതന്നെ വയനാട്ടില്‍ എത്തിയിട്ടുണ്ട്.

പ്രചാരണപരിപാടികളില്‍ പരമാവധി പ്രവര്‍ത്തകരെ എത്തിക്കാനാണ് എല്ലാ മുന്നണികളും ശ്രമിച്ചുവരുന്നത്. പത്രികാ സമര്‍പ്പണ വേളയില്‍ രാഹുലും പ്രിയങ്കയും നടത്തിയ റോഡ് ഷോ മറികടക്കാന്‍ ഇടതുമുന്നണിയും എന്‍.ഡി.എയും വ്യത്യസ്തങ്ങളായ പരിപാടികള്‍ നടത്തിക്കഴിഞ്ഞു. ഇടതുമുന്നണി, മുഖ്യമന്ത്രി പിണറായി വിജയനെ കല്‍പ്പറ്റയില്‍ കൊണ്ടുവന്ന് അത്യുഗ്രഹന്‍ പൊതുസമ്മേളനം നടത്തി. പിന്നെ വയനാട്ടിലെ ബ്രാഞ്ചുകളില്‍ നിന്ന് മാത്രം കൊണ്ടുവന്ന പ്രവര്‍ത്തകരെ വച്ച്‌ പടുകൂറ്റന്‍ റോഡ് ഷോയും. സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇവിടെയെത്തി. സുല്‍ത്താന്‍ ബത്തേരിയില്‍ യെച്ചൂരിയെ പങ്കെടുപ്പിച്ച്‌ റോഡ് ഷോ നടത്തി നഗരത്തെ ചുവപ്പിച്ചു.

രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടിലെത്തിയപ്പോള്‍ വയനാടിനെ ജീവിതകാലം മുഴുവന്‍ നെഞ്ചോടുചേര്‍ക്കുമെന്ന സന്ദേശമാണ് നല്കിയത്. പാപനാശിനിയില്‍ അദ്ദേഹം പിതൃക്കള്‍ക്ക് തര്‍പ്പണം നടത്തി. യു.ഡി.എഫിന്റെ ആത്മവിശ്വാസം ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്ന തരത്തിലായിരുന്നു തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ഓരോ പരിപാടികളും. കര്‍ഷകര്‍ നിര്‍ണായകമായ മണ്ഡലത്തില്‍ കര്‍ഷക പാര്‍ലമെന്റ് വരെ സി.പി.എം സംഘടിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടി കരുതിയാണ് പ്രിയങ്കയുടെ ഇപ്രാവശ്യത്തെ സന്ദര്‍ശനം. ഉച്ചയ്ക്ക് പുല്പള്ളിയില്‍ നടക്കുന്ന കര്‍ഷകസംഗമത്തില്‍ അവര്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം ഖുശ്ബുവും വയനാട്ടില്‍ വന്ന് യു.ഡി.എഫിനെ ആകെ ചലിപ്പിച്ചു.

ഇങ്ങനെ യു.ഡി.എഫും എല്‍.ഡി.എഫും തന്ത്രങ്ങള്‍ മാറ്റിമാറ്റി പയറ്റുമ്ബോള്‍ എന്‍.ഡി.എയും ഒട്ടും പിന്നോട്ടല്ല. തികച്ചും ചിട്ടയായ പ്രവര്‍ത്തനമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വിജയത്തിനായി എന്‍.ഡി.എ ഏറ്റെടുത്തിരിക്കുന്നത്. തുഷാര്‍ പങ്കെടുത്ത ഒാരാേ റോഡ് ഷോകളിലും വന്‍ മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. കേന്ദ്രമന്ത്രിയും അമേതിയിലെ രാഹുലിന്റെ എതിരാളിയുമായ സ്മൃതി ഇറാനി വയനാട്ടില്‍ എത്തുന്നുണ്ട്. ഉള്‍ഗ്രാമങ്ങളില്‍ അടക്കം തുഷാര്‍ ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. കുടുംബ യോഗങ്ങളിലടക്കം വയനാടിന്റെ വികസനത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യപ്പെടുന്നു. ആദിവാസികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും എല്ലാം ദുരിതത്തില്‍ തന്നെയാണ്. എന്‍.ഡി.എ അധികാരത്തിലെത്തിയാല്‍ വയനാടിന്റെ പ്രതിനിധിയായി തനിക്ക് ഏറെകാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് തുഷാര്‍ വ്യക്തമാക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top