×

പാലായില്‍ നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാവും – പാര്‍ലമെന്ററി ലീഡര്‍ സ്ഥാനം പി ജെ ജോസഫിന്

മാണിയുടെ മരണത്തിന് ശേഷം മൂന്ന് സ്ഥാനങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി ലീഡര്‍ സ്ഥാനവും. കൂടാതെ പാലായുടെ എംഎല്‍എ സ്ഥാനവും. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം അടിയന്തിരമായി പ്രഖ്യാപിക്കേണ്ടതില്ലായെന്ന നിലപാടാണ് ഡെപ്യൂട്ടി ചെയര്‍മാനും വൈസ് ചെയര്‍മാനുമുള്ളത്. ഇത്തരം കാര്യങ്ങള്‍ മനോരമയ അടക്കം വാര്‍ത്ത ആക്കിയതില്‍ നേരിയ പരിഭവവും ഇവര്‍ക്കുണ്ട്. ഒരാണ്ടിന് ശേഷം ചരല്‍ക്കുന്നില്‍ നടക്കുന്ന നേതൃത്വ ക്യാമ്പില്‍ മാത്രമേ ചെയര്‍മാനെ പ്രഖ്യാപിക്കൂ. പാര്‍ട്ടിയുടെ നിയമസഭയിലെ പാര്‍ലമെന്ററി ലീഡര്‍ സ്ഥാനം പി ജെ ജോസഫിന് വിട്ടുകൊടുത്തേക്കും. ഇതിന് പ്രത്യുപകരമായി ചെയര്‍മാന്‍ സ്ഥാനം വൈസ് ചെയര്‍മാന് നല്‍കണമെന്നതാണ് മറ്റൊരു ഉപാധി മുന്നോട്ട് വച്ചിരിക്കുന്നത്.

സ്ഥാപക നേതാവ് കെ.എം. ജോര്‍ജ്, കെ. നാരായണക്കുറുപ്പ്, ഒ. ലൂക്കോസ്, ഇ. ജോണ്‍ ജേക്കബ്, കെ. വി. കുര്യന്‍, ജോര്‍ജ് ജെ. മാത്യു, വി.ടി. സെബാസ്റ്റ്യന്‍, പി. ജെ. ജോസഫ്, സി. എഫ്. തോമസ് എന്നിവരാണു കെ.എം. മാണിയുടെ ചെയര്‍മാന്‍ പദവിയിലെ മുന്‍ഗാമികള്‍. മുന്‍പും ചെയര്‍മാന്‍ സ്ഥാനം പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട്. ഒരാള്‍ക്കു രണ്ടു സ്ഥാനം വേണ്ടെന്ന ഭേദഗതിയോടെയാണു സ്ഥാപക ചെയര്‍മാന്‍ കെ. എം. ജോര്‍ജ് സ്ഥാനം ഒഴിഞ്ഞത്. മന്ത്രി ആയതോടെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം കെ.എം. ജോര്‍ജ് ഉപേക്ഷിച്ചു. പിന്നീടു മന്ത്രിയായപ്പോള്‍ സി.എഫ്. തോമസും ചെയര്‍മാന്‍ സ്ഥാനം വിട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പു പി.ജെ. ജോസഫ് പിളരുന്നതും ചെയര്‍മാന്‍ സ്ഥാനം ലഭിക്കാതെ വന്നപ്പോഴാണ്. നിലവില്‍ പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനും സി.എഫ്. തോമസ് ഡപ്യൂട്ടി ചെയര്‍മാനും കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി വൈസ് ചെയര്‍മാനുമാണ്. പാര്‍ട്ടിയുടെ പാര്‍ലമെന്ററീ പാര്‍ട്ടി നേതാവും മാണി തന്നെ. ഇതില്‍ രണ്ടിലും ജോസഫിന് കണ്ണുണ്ട്. കേരളാ കോണ്‍ഗ്രസിലെ സീനിയോറിട്ടിയും ഇടുക്കിയിലെ സ്വാധീനവുമാണ് ജോസഫ് ഉയര്‍ത്തിക്കാട്ടുന്നത്.

എന്നാല്‍ ജോസ് കെ. മാണി തന്നെ ചെയര്‍മാന്‍ സ്ഥാനത്തേക്കു വരണമെന്നാണു മാണി വിഭാഗം നേതാക്കളുടെ ആഗ്രഹം. രാജ്യസഭാ എം പി സ്ഥാനം പാലായില്‍ മല്‍സരിക്കാന്‍ ജോസ് കെ മാണിക്ക് വിനയായിരിക്കുകയാണ്. ആയതിനാല്‍ മാണിയുടെ സ്വന്തം മരുമോളായ നിഷ ജോസ് കെ മാണിയെ മല്‍സരിപ്പിക്കാന്‍ തന്നെയാണ് നീക്കം നടത്തുന്നത്.

മാണിയുടെ വീട്ടില്‍ നിന്നും ഒരാള്‍ സ്ഥാനാര്‍ത്ഥിയായാല്‍ സഹതാപ തരംഗവും ലഭ്യമാകുമെന്ന പ്രതീക്ഷ മാണി ഗ്രൂപ്പിനുണ്ട്. എന്തായാലും മാണി സി കാപ്പന്‍ തന്നെയായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മാണിയില്ലാത്ത തിരഞ്ഞെടുപ്പ് ഗോദായില്‍ എന്തായാലും മല്‍സരം കടുകട്ടി തന്നെയായിരിക്കുമെന്ന് പാലാക്കാര്‍ തന്നെ പറയുന്നു. കെ എം മാണിയാണെങ്കില്‍ വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും എല്ലാ പിന്തുണയും നല്‍കിയിരുന്നു. ഭൂരിപക്ഷ സമുദായ വോട്ടില്‍ വിള്ളല്‍ വരുത്താനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top