×

‘വരുന്ന വരെ കടക്കുപുറത്ത് ‘ എന്നു പറഞ്ഞ് ഇറക്കിവിടുന്ന സംസ്‌കാരമല്ല കൊട്ടാരത്തിന്റേത്; ആചാര സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചവരെ വിജയിപ്പിക്കണമെന്ന് പന്തളം കൊട്ടാരം

പന്തളം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പന്തളം രാജകൊട്ടാരത്തിന്റെ പിന്തുണ ആര്‍ക്ക്? പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് കൊട്ടാരത്തില്‍ എത്തി വോട്ട് പിടിച്ചിട്ടും രാജകുടുംബത്തിന്റെ മനസ്സിന് ഇളക്കം തട്ടുന്നില്ല. പത്തനംതിട്ടയില്‍ കെ സുരേന്ദ്രനാണ് പിന്തുണയെന്ന് പരോക്ഷമായി പ്രഖ്യാപിക്കുന്ന പ്രസ്താവനയാണ് രാജകുടുംബം പുറപ്പെടുവിക്കുന്നത്. പന്തളം കൊട്ടാരത്തിലെ രാജപ്രമുഖന്‍ ശശികുമാര വര്‍മ്മയല്ല പ്രസ്താവന ഇറക്കിയിരിക്കുന്നത്. നിര്‍വാഹകസംഘം സെക്രട്ടറി പി.എന്‍.നാരായണ വര്‍മ്മയുടേതാണ് പുതിയ പ്രസ്താവന.

വരുന്ന തിരഞ്ഞെടുപ്പില്‍ ശബരിമല മണ്ഡലകാലം ഓര്‍മയുണ്ടാവണമെന്ന് വോട്ടര്‍മാരോട് പന്തളം കൊട്ടാരം അഭ്യര്‍ത്ഥിക്കുന്നു. ആചാരസംരക്ഷണത്തിനായി പ്രവര്‍ത്തിച്ചവരെ തല്ലിയും ജയിലിലടച്ചും കള്ളക്കേസുകളില്‍ കുടുക്കിയും അതിക്രമങ്ങള്‍ കാട്ടിയവര്‍ വിജയിച്ചുവരാന്‍ പാടില്ല എന്ന വ്യക്തമായ അഭിപ്രായമാണ് കൊട്ടാരത്തിനുള്ളതെന്ന് നിര്‍വാഹകസംഘം സെക്രട്ടറി പി.എന്‍.നാരായണ വര്‍മ്മ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഈ വിഷയത്തില്‍ ജയിലിലായ വ്യക്തിയാണ് കെ സുരേന്ദ്രന്‍. അതുകൊണ്ട് തന്നെ പ്രസ്താവനയില്‍ സുരേന്ദ്രനുള്ള പിന്തുണയാണ് പരോക്ഷമായി നിറയുന്നത്.

ആചാര സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചവരെ വിജയിപ്പിക്കണം. ഭക്തന്മാരെയും പന്തളം കൊട്ടാരത്തേയും തന്ത്രിമാരെയും സഭ്യേതര ഭാഷയിലൂടെ അവഹേളിച്ച നേതാക്കന്മാരുടെയും ഭക്തലക്ഷങ്ങളെ ദുരിതത്തിലാക്കിയ സംസ്ഥാന സര്‍ക്കാരിന്റെയും പ്രവൃത്തികള്‍ കൊട്ടാരത്തിന്റെയും ഭക്തന്മാരുടെയും മനസ്സില്‍ ഏല്‍പ്പിച്ച ആഘാതം കുറച്ചൊന്നുമല്ലെന്നും പന്തളം രാജകൊട്ടാരം ഓര്‍മിപ്പിക്കുന്നു. ആര്‍ എസ് എസുമായി അടുത്ത് നില്‍ക്കുന്ന വ്യക്തിയാണ് പി എന്‍ നാരായണ വര്‍മ്മ. പന്തളം കൊട്ടാരവും എന്‍ എസ് എസും ചേര്‍ന്നാണ് ശബരിമല വിഷയത്തില്‍ നിലപാട് എടുത്തിരുന്നത്. അതുകൊണ്ട് തന്നെ പന്തളം കൊട്ടാരത്തിന്റെ ഓരോ രാഷ്ട്രീയ പ്രസ്താവനയും വിമര്‍ശനവും എന്‍ എസ് എസിന്റേത് കൂടിയായി വിലയിരുത്തപ്പെട്ടു. പന്തളം കൊട്ടാരത്തിന്റെ പിന്തുണ തങ്ങള്‍ക്കാണെന്ന് ഇടതു പക്ഷവും അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസ്താവന ശ്രദ്ധേയമാകുന്നത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പന്തളം കൊട്ടാരം വലിയ തമ്ബുരാട്ടിയെയും കൊട്ടാരം അംഗങ്ങളേയും സന്ദര്‍ശിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നത് സാധാരണമാണ്. കൊട്ടാരത്തില്‍ വരുന്നവരെ കടക്കുപുറത്ത് എന്നുപറഞ്ഞ് ഇറക്കിവിടുന്ന സംസ്‌കാരമല്ല കൊട്ടാരത്തിന്റേത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കുന്ന മൂന്ന് പ്രമുഖ കക്ഷികളുടേയും സ്ഥാനാര്‍ത്ഥികള്‍ അനുഗ്രഹം തേടിയും വോട്ടഭ്യര്‍ത്ഥിച്ചും വലിയ തമ്ബുരാട്ടിയെയും കുടുംബാംഗങ്ങളേയും സന്ദര്‍ശിക്കുകയുണ്ടായി. അവരെ കൊട്ടാരത്തില്‍ കയറ്റിയതിനെ അപലപിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പ്രതികരണങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയെന്നും കൊട്ടാരം നിര്‍വാഹകസമിതി പറയുന്നു.

വീണാ ജോര്‍ജ് വിഷയത്തിലെ നിലപാട് വിശദീകരണമാണ് ഇതെന്നാണ് വിലയിരുത്തല്‍. വീണാ ജോര്‍ജിനെ സ്വീകരിച്ചതിനെ ന്യായീകരിക്കുന്നതിനൊപ്പം ഇടത് പക്ഷത്തിന് വോട്ടില്ലെന്ന് പറയുകയാണ് പന്തളം കൊട്ടാരം. സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല ദര്‍ശനം നടത്തിയ ആദ്യ യുവതികള്‍ ആരാണെന്ന പിഎസ്‌സി പരീക്ഷയിലെ ചോദ്യത്തിനെതിരെ പ്രതിഷേധമുയരുന്നു. ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് മാര്‍ച്ച്‌ മൂന്നിന് നടന്ന പിഎസ്‌സി പരീക്ഷയിലാണ് ശബരിമലയെക്കുറിച്ചുള്ള ചോദ്യം. ഉത്തരമായി സൂചിപ്പിച്ചിരിക്കുന്നത് ബിന്ദുവും കനക ദുര്‍ഗയെയുമാണ്. ചോദ്യം വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് ചോദ്യമെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ അടിയന്തര യോഗം ചേര്‍ന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ശബരിമല സ്ത്രീ പ്രവേശനം മറന്ന് തുടങ്ങിയ ഭക്തരെ അത് വീണ്ടും ഓര്‍മിപ്പിച്ച്‌ വികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും യോഗം വിമര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയ പ്രസ്താവന എത്തുന്നത്. വ്യക്തമായ രാഷ്ട്രീയം ഇതിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്. ബിജെപിയുടെ പ്രകടന പത്രികയില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുമെന്ന കാര്യം പരാമര്‍ശിച്ചത് സ്വാഗതാര്‍ഹമെന്ന് പന്തളം കൊട്ടാരം പ്രതികരിച്ചു കഴിഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top