×

ചിദാനന്ദപുരി ആര്‍എസ്എസുകാരനായ സന്യാസി – ബിജെപി നിയമസഭയിലെത്തിയതിന് കാരണം കോണ്‍ഗ്രസ് തന്നെ

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി നേതാവ് സ്വാമി ചിദാനന്ദപുരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ രംഗത്ത്. സന്യാസി വേഷം കെട്ടിയ ആര്‍.എസ്.എസുകാരനാണ് ചിദാനന്ദപുരി. കേരളത്തെ വിഷലിപ്‌തമാക്കുന്നതിന് ചിദാനന്ദപുരിയെ ആര്‍.എസ്.എസ് ഉപയോഗിക്കുകയാണ്. ശബരിമലയെ ആയുധമാക്കുന്നവര്‍ക്ക് ഒന്നിലും വിശ്വാസമില്ല. അയ്യപ്പന് പുറംതിരിഞ്ഞു നിന്ന് സമരം ചെയ്ത ബി.ജെ.പി വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കോടിയേരി കേസരി സ്‌മാരക ട്രസ്‌റ്റ് സംഘടിപ്പിച്ച ഇന്ത്യന്‍ വോട്ട് വര്‍ത്തമാനം പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്തതാണ്. ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച്‌ വോട്ട് നേടാനാണ് ബി.ജെ.പി ശ്രമം. പ്രധാനമന്ത്രി തന്നെ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ആര്‍.എസ്.എസ് പ്രചാരകനെ പോലെ സംസാരിക്കുന്ന മോദി തിരഞ്ഞെടുപ്പ് കമ്മിഷനെ ഭീഷണിപ്പെടുത്തുകയാണ്. മതത്തിന്റേയും ദൈവത്തിന്റേയും പേരില്‍ കേരളത്തില്‍ വോട്ട് പിടിക്കാന്‍ കഴിയാത്തതില്‍ അവര്‍ നിരാശരാണ്. ശബരിമല ഈ തിരഞ്ഞെടുപ്പില്‍ ഒരു വിഷയമല്ല.

കേരളത്തിലെ ജനവിധി എന്തായാലും അത് ശബരിമലയെ ബാധിക്കില്ല. ശബരിമല സംബന്ധിച്ച്‌ 12 കൊല്ലം കേസ് നടന്നപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും നിലപാട് അറിയിച്ചില്ല. ഈ വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്നുപോലും ബി.ജെ.പി പറഞ്ഞിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ബി.ജെ.പിക്കെതിരെ മത്സരിക്കാന്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ് രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. വയനാട്ടില്‍ മുസ്ലിം ലീഗ് ഉപയോഗിച്ചത് പാകിസ്ഥാന്‍ പതാകയാണെന്ന് പറഞ്ഞ അമിത് ഷായ്ക്ക് മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ഓരോ ദിവസവും ഓരോരുത്തരായി പാര്‍ട്ടി മാറുന്ന കോണ്‍ഗ്രസ് എങ്ങനെയാണ് രാജ്യത്തെ നയിക്കുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നതിന് കാരണം കോണ്‍ഗ്രസാണ്. കേരളത്തില്‍ ഇത്തവണ 2004 ആവര്‍ത്തിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഭരണം വിലയിരുത്തപ്പെടുമെങ്കിലും ഒരിടത്തും ഭരണവിരുദ്ധ വികാരം ഇല്ലെന്നും കോടിയേരി പറ‍ഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top