×

13 ഇടത്ത് വിജയം ഉറപ്പ് – 6 ഇടത്ത് കടുകട്ടി യുദ്ധം- 17 ല്‍ കുറയില്ലെന്ന് യുഡിഎഫ് വിലയിരുത്തല്‍ ഇങ്ങനെ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പതിമൂന്നു സീറ്റുകളില്‍ ഉറപ്പായും ജയിക്കാനാവുമെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ആറിടത്ത് കടുത്ത മത്സരമുണ്ടെങ്കിലും ഇതില്‍ പല മണ്ഡലങ്ങളിലും ജയസാധ്യയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

ഈ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നിര്‍ണായക ഘടകമാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ വലിയ തോതില്‍ എല്‍ഡിഎഫ് പക്ഷത്തേക്കു മാറിയിരുന്നു. ബിജെപി ഉയര്‍ത്തിവിട്ട കാടിളക്കിയുള്ള പ്രചാരണമായിരുന്നു ഇതിനു പ്രധാനമായും കാരണമായത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനുണ്ടായിട്ടുള്ള ഉണര്‍വ് ഈ വോട്ടുകളെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കും.ബിജെപിയെ പ്രതിരോധിക്കാനാവുന്ന ശക്തിയായി കോണ്‍ഗ്രസ് മാറിയിട്ടുണ്ടെന്ന തോന്നല്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉണ്ടാക്കാനായിട്ടുണ്ടെന്ന് നേതാക്കള്‍ പറയുന്നു.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയമാക്കിയത് ബിജെപി ആണെങ്കിലും അതിന്റെ ഗുണഫലം യുഡിഎഫിനും കിട്ടുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. സിപിഎമ്മിന് എതിരായി ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പ്രയോഗിക്കാവുന്ന ആയുധമാണ് ശബരിമല വിഷയം. സിപിഎമ്മിന് എതിരെ ശക്തമായി നില്‍ക്കുന്ന പാര്‍ട്ടിക്കാണ് അതിന്റെ ഗുണ ഫലം കിട്ടുക. പലയിടത്തും ബിജെപി സ്ഥാനാര്‍ഥികള്‍ ദുര്‍ബലമായതു കൂടി ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിലയിരുത്തല്‍ നടത്തുന്നത്.

പാലക്കാട് ഒഴികെയുള്ള പത്തൊന്‍പതു മണ്ഡലങ്ങളിലും കോണ്‍ഗ്രസിനു ജയസാധ്യതയുണ്ടെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. കാസര്‍ക്കോട്, ആലത്തൂര്‍, തൃശൂര്‍, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. ഇവിടങ്ങളിലെ ജയസാധ്യത മാറിമറിയാം

 

. പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വടകര, വയനാട്, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളില്‍ ജയം ഉറപ്പാണെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

കടുത്ത പോരാട്ടം നടക്കുന്ന ആറിടത്തെ ചില സീറ്റുകളില്‍ കൂടി ജയിക്കുന്നതോടെ സംസ്ഥാനത്ത് പാര്‍ട്ടിയുടെ സീറ്റുനില പതിനാറില്‍ കുറയാതെ എത്തിക്കാനാവുമെന്നാണ് നേതാക്കള്‍ പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top