×

ഭര്‍ത്താവ് മരിച്ച്‌ മൂന്നാം ദിവസം അരുണിനെ വിവാഹം കഴിക്കണമെന്ന് അവള്‍ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി കുട്ടിയുടെ മുത്തച്ഛന്‍

തൊടുപുഴ: ഏഴുവയസുകാരനെ ക്രൂരമായി മര്‍ദിച്ച്‌ മൃതപ്രാണനാക്കിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കെതിരെ വെളിപ്പെടുത്തലുമായി യുവതിയുടെ ഭര്‍തൃപിതാവ് രംഗത്തെത്തി. യുവതിയുടെ ആദ്യ ഭര്‍ത്താവ് ബിജു മരിച്ച്‌ മൂന്നാമത്തെ ദിവസം അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതായി ബിജുവിന്റെ പിതാവ് ബാബു പറഞ്ഞു. ബാബുവിന്റെ സഹോദരീ പുത്രനാണ് അരുണ്‍ ആനന്ദ്.

ബിജുവിന്റെ പക്കല്‍ നിന്ന് 15വര്‍ഷം മുന്‍പ് അരുണ്‍ പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിട്ടു. പിന്നീട് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ബിജുവിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു. മരിക്കുന്നതിന്റെ തലേ ദിവസവും ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. വര്‍ക്ക് ഷോപ്പില്‍ നിന്ന് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്നും സ്ഥാപനത്തിന് സമീപത്തായി ഒരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും ബിജു പറഞ്ഞിരുന്നതായി അച്ഛന്‍ പറഞ്ഞു. ഉടുമ്ബന്നൂരിലെ ഭാര്യ വീട്ടില്‍ വച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ബിജു മരണപ്പെട്ടത്.

ബിജു മരിച്ച ദിവസം തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. അന്ന് അരുണ്‍ ആനന്ദ് വീട്ടിലെത്തുകയും മരുമകളെ കണ്ടു സംസാരിക്കുകയും ചെയ്തു. പിറ്റേ ദിവസവും അരുണ്‍ ബിജുവിന്റെ വീട്ടിലെത്തി യുവതിയുമായി സംസാരിക്കുകയും ചെയ്തു. മൂന്നാം ദിവസമായപ്പോള്‍ അരുണിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ തന്നോട് പറഞ്ഞെന്ന് ബാബു വ്യക്തമാക്കി. അതേസമയം, യുവതിയും അരുണുമായി നേരത്തേ എങ്ങനെ ബന്ധമുണ്ടായെന്ന കാര്യം അറിയില്ലെന്നും ബാബു പറഞ്ഞു.

ബിജുവിന്റേത് സ്വാഭാവിക മരണമെന്നാണ് കരുതിയതെങ്കിലും ഇപ്പോള്‍ മരണത്തില്‍ സംശയം ബാക്കിനില്‍ക്കുന്നതുമായി കാണിച്ച്‌ മുഖ്യമന്ത്രിയോട് അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജുവിന്റെ ബന്ധുക്കള്‍. ഈ സാഹചര്യത്തില്‍ യുവതിയും അരുണുമായി നേരത്തേ ബന്ധമുണ്ടോ എന്ന കാര്യത്തിലും സംശയം ഉയരുകയാണ്. എന്നാല്‍ ബിജുവിന്റെ മരണ ശേഷമാണ് അരുണുമായി പരിചയപ്പെട്ടതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top