×

രാഹുല്‍ യെച്ചൂരിയുടെ വിരട്ടലില്‍ ഭയന്നോ ? കളം മാറ്റി ചവിട്ടി ഉമ്മന്‍ചാണ്ടിയും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് ആരംഭിക്കുകയാണ്. എന്നാല്‍ വയനാട് സീറ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മല്‍സരിക്കാന്‍ എത്തുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കേരളം പോളിംഗ് ബൂത്തിലേക്കെത്താന്‍ 25 ദിവസം ബാക്കിനില്‍ക്കേ ഇതുവരെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമാകാത്തത് യുഡിഎഫ് ക്യാംപിനെ ആശങ്കയിലാഴ്ത്തുന്നു.

നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ഇടതു മുന്നണി പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ്. സിപിഐ സ്ഥാനാര്‍ത്ഥി പി പി സുനീര്‍ മണ്ഡലത്തില്‍ ഏതാണ്ട് രണ്ട് റൗണ്ട് പ്രചാരണം കഴിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പൈലി വാത്യാട്ട് മല്‍സരിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ രാഹുല്‍ മല്‍സരിക്കാനെത്തിയാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മാറിയേക്കാമെന്നും തുഷാര്‍ സൂചന നല്‍കിയിരുന്നു.

കേരളത്തില്‍ തങ്ങളുടെ ഏറ്റവും ഉറച്ച സീറ്റായാണ് വയനാടിനെ കോണ്‍ഗ്രസ് കാണുന്നത്. ആ സീറ്റിലേക്ക് രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തും എന്ന വാര്‍ത്തയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് വരവേറ്റത്. രാഹുല്‍ വന്നാല്‍ കേരളത്തിലെ ഇരുപത് സീറ്റുകളിലും മലബാറിലെ സീറ്റുകളില്‍ വളരെ ശക്തമായും യുഡിഎഫ് അനുകൂലതരംഗം സൃഷ്ടിക്കപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്.

എന്നാല്‍ ഇപ്പോള്‍ ചിത്രം മാറിമറിഞ്ഞു. വയനാട് സീറ്റില്‍ രാഹുലിന് പകരം സിദ്ധീഖിനെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഇനി എഐസിസിയില്‍ നിന്നും വന്നാല്‍ അതെങ്ങനെ ജനം സ്വീകരിക്കും എന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്. സിദ്ധീഖ് ഇപ്പോള്‍ പ്രചാരണം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിലെ പ്രശ്‌നങ്ങളും രാഹുല്‍ കേരളത്തില്‍ മത്സരിച്ചാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രതിസന്ധിയും സംസ്ഥാന നേതാക്കളും വയനാട് ഡിസിസിയും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സിക്കുന്നതില്‍ യുപിഎയിലെ മറ്റു ഘടകക്ഷികളും ഇടതുപക്ഷവും കോണ്‍ഗ്രസിനെ അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. ഇതാണ് രാഹുലിന്റെ തീരുമാനം വൈകിപ്പിക്കുന്നതും. തെരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ വന്നാല്‍ പ്രതിപക്ഷകക്ഷികളുടെ ഐക്യനിര കെട്ടിപ്പടുത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമമുണ്ടാകും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷനിരയിലെ പ്രമുഖരായ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിക്കെതിരെ രാഹുല്‍ മല്‍സരിക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുക എന്നാണ് രാഹുലിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top