×

മലയാളി യുവതിയെ ചതിച്ച്‌ അറബിയുടെ വീട്ടില്‍ അടിമപ്പണിക്ക് വിറ്റു, സുഷമ സ്വരാജിന്റെ ഇടപെടലില്‍ മുവാറ്റുപുഴക്കാരി ഹണിമോള്‍ തിരികെയെത്തി

നെടുമ്ബാശേരി: ബ്യൂട്ടീഷന്‍ ജോലിക്കായി കുവൈറ്റിലെത്തിയ ശേഷം അറബിയുടെ വീട്ടില്‍ അടിമപ്പണിക്ക് വിധേയമാകേണ്ടി വന്ന യുവതി ട്രാവല്‍ ഏജന്‍സിക്കെതിരെ ഇന്ന് വീണ്ടും പരാതി നല്‍കും.

മുവാറ്റുപുഴ അണനെല്ലൂര്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ ഹണിമോള്‍ ജോര്‍ജാണ് (40) ഇന്നലെ മൂന്നരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ബ്യൂട്ടീഷന്‍ സംസ്ഥാന സംസ്ഥാന നേതൃത്വം ബിനോയ് വിശ്വം എം.പി മുഖേന കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ ബന്ധപ്പെട്ടാണ് ഹണിയെ നാട്ടിലെത്തിക്കുന്നതിന് സൗകര്യമൊരുക്കിയത്. കൗമാരക്കാരായ രണ്ട് ആണ്‍മക്കളുള്ള വീട്ടമ്മയാണ് ഹണി.

ബ്യൂട്ടീഷന്‍ ജോലിക്കായി ഈരാറ്റുപേട്ടയില്‍ ബഷീര്‍ എന്നയാള്‍ നടത്തുന്ന ഏജന്‍സി മുഖേന ഒക്ടോബര്‍ 28നാണ് ഹണി കുവൈറ്റിലേക്ക് പോയത്. വിസ, ടിക്കറ്റ്, മെഡിക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ യുവതിയില്‍ നിന്ന് ഏജന്‍സി കൈപ്പറ്റി. എന്നാല്‍ തൊഴില്‍ വിസയ്ക്ക് പരകം മൂന്ന് മാസത്തേക്കുള്ള സന്ദര്‍ശക വിസയാണ് ഏജന്‍സി നല്‍കിയത്.

ഹൈദരാബാദില്‍ നിന്നാണ് കുവൈറ്റിലേക്ക് കൊണ്ടുപോയത്. ഹൈദരാബാദില്‍ നിന്നും വേറെയും ആളുകളുണ്ടെന്ന് പറഞ്ഞാണ് അവിടെയെത്തിച്ചത്. എന്നാല്‍ നാല് ദിവസം അവിടെ പാര്‍പ്പിച്ച ശേഷം തനിച്ച്‌ കയറ്റിവിടുകയായിരുന്നു. കുവൈറ്റില്‍ ഏജന്‍സിയുടെ ജീവനക്കാരന്‍ ഷംസുദ്ദീനാണ് യുവതിയെ അറബിക്ക് കൈമാറിയത്. രണ്ട് കുടുംബങ്ങള്‍ താമസിക്കുന്ന അഞ്ച് നില വീട്ടുജോലികളായിരുന്നു. ഫോണ്‍ ചെയ്യാനോ ആരോടെങ്കിലും സംസാരിക്കാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പലപ്പോഴും ഭക്ഷണം പോലും ലഭിച്ചിരുന്നില്ലത്രെ.

ബഷീറിനെ ബന്ധപ്പെട്ട് പലവട്ടം പരാതി അറിയിച്ചെങ്കിലും ഒരു മാസം കഴിഞ്ഞ് ബ്യൂട്ടീഷന്‍ സ്ഥാപനത്തിലേക്ക് മാറ്റാമെന്നായിരുന്നു മറുപടി. ഒരു മാസം കഴിഞ്ഞപ്പോള്‍ പിന്നെയും ഒരു മാസം കൂടി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തനിക്ക് മടങ്ങിപ്പോരണമെന്ന് പറഞ്ഞിട്ടും ഏജന്‍സി സഹായിച്ചില്ല. തന്നെ വീട്ടു ജോലിക്ക് കൈമാറി ഏജന്‍സിയുടെ ആളുകള്‍ ലക്ഷങ്ങള്‍ വാങ്ങിയെന്ന് ഹണി പറയുന്നു. മറ്റൊരു ഫിലിപ്പിയന്‍ സ്വദേശിനി ഇവിടെ വീട്ടുജോലിക്കെത്തിയെങ്കിലും ജോലി ഭാരത്താല്‍ ഏജന്‍സി തന്നെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഫെബ്രുവരി 28ന് ബ്യൂട്ടീഷന്‍ അസോസിയേഷന്‍ സംഘടന അംഗങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ഹണി അയച്ച സന്ദേശമാണ് രക്ഷപ്പെടാന്‍ വഴിയൊരുങ്ങിയത്. സന്ദേശം ശ്രദ്ധയില്‍പ്പെട്ട കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ബ്യൂട്ടീഷന്‍ സംസ്ഥാന പ്രസിഡന്റ് മഞ്ചു സുബാഷും കോഓര്‍ഡിനേറ്റര്‍ സുബാഷും വിഷയത്തില്‍ ഇടപ്പെട്ടു. ഏജന്‍സിക്കെതിെര യുവതിയുടെ ബന്ധുക്കള്‍ ഇരാറ്റുപേട്ട പൊലീസ് സ്റ്റേഷനിഷല്‍ പരാതിയും നല്‍കി. വിദേശകാര്യ മന്ത്രാലയത്തിന്റെയും എമ്ബസിയുടെയും പ്രവാസി ഫെഡറേഷന്റെയും ഇടപെടലോടെയാണ് ഹണിക്ക് മോചനമായത്. കുവൈറ്റ് കേരള അസോസിയേഷനും സഹായവുമായി രംഗത്തുണ്ടായിരുന്നു.

നെടുമ്ബാശേരിയില്‍ ബ്യൂട്ടീഷന്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഹണിയെ വരവേറ്റു. ഭക്ഷണവും വിശ്രമവുമില്ലാത്തതിനാല്‍ ക്ഷീണിച്ച്‌ അവശയായിരുന്നു ഹണി. ഇവരെ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലെത്തിച്ചു. ഇത്തരത്തില്‍ 14 പേര്‍ ഇപ്പോഴും വീട്ടുതടങ്കലിലുണ്ടെന്ന് ഹണി പറഞ്ഞു. ഇവരെ കൂടി രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ബ്യൂട്ടീഷന്‍. ഹണിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ബ്യൂട്ടീഷന്‍ സംസ്ഥാന ഭാരവാഹികള്‍ക്കും ഏജന്‍സിയുടെ ഭീഷണിയുണ്ടായി. ഇതൊന്നും കാര്യമാക്കുന്നില്ലെന്നും വിദേശത്ത് ഇത്തരത്തില്‍ കുടുങ്ങിയ മറ്റുള്ളവരെയും രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ബ്യൂട്ടീഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ സുഭാഷ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top