×

ശബരിമല : സര്‍ക്കാരിന് തിരിച്ചടി, റിട്ട് ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റില്ല, നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി : ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ റിട്ട് ഹര്‍ജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി. ശബരിമലയില്‍ നിരീക്ഷണ സമിതിയെ നിയോഗിച്ച കേരള ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

എന്തിനാണ് ഈ ഹര്‍ജിയുമായി സര്‍ക്കാര്‍ ഇപ്പോള്‍ വന്നതെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒമ്ബത് ഹര്‍ജികള്‍ കേരള ഹൈക്കോടതിയിലുണ്ട്. ഇത് കൂടി സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ വിജയ് ഹന്‍സാരിക അറിയിച്ചു.

എന്നാല്‍ ഹൈക്കോടതിയിലെ കേസില്‍ ഇടപെടാനില്ലെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ്, ഹൈക്കോടതിയിലെ കേസുകള്‍ സുപ്രിംകോടതിയിലേക്ക് മാറ്റില്ലെന്ന് വ്യക്തമാക്കി. തുടര്‍ന്ന് ഇതുസംബന്ധിച്ച സര്‍ക്കാരിന്റെ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ തള്ളി.

ശബരിമലയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്ക് എതിരെയുള്ള സര്‍ക്കാരിന്റെ ഹര്‍ജിയും കോടതി പരിഗണിച്ചു. ഈ വിഷയത്തിലും കോടതി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. നിരീക്ഷണ സമിതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ തന്നെ സമീപിക്കാനും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ ഹര്‍ജിയും തള്ളുമെന്ന് കോടതി വ്യക്തമാക്കിയതോടെ, ഹര്‍ജി പിന്‍വലിക്കുന്നതായി സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top