×

പാര്‍ട്ടിയെ കുരുക്കി മറ്റൊരു പീഡന പരാതി കൂടി: അവിശ്വസനീയമെന്ന് ആവര്‍ത്തിച്ച്‌ സി.പി.എം

പാലക്കാട്: ചെര്‍പ്പുളശേരിയിലെ പാര്‍ട്ടി ഓഫീസില്‍ വച്ച്‌ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന പരാതി അവിശ്വസനീയമാണെന്ന് സി.പി.എം നേതൃത്വം പ്രതികരിച്ചു. പീഡനത്തിന് ഇരയായെന്ന് പരാതി നല്‍കിയ പെണ്‍കുട്ടിക്കും യുവാവിനും പാര്‍ട്ടിയുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ല. ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആസൂത്രിത നീക്കമാണ്. ഏത് തരത്തിലുമുള്ള പൊലീസ് അന്വേഷണത്തോടും ഞങ്ങള്‍ സഹകരിക്കും. ആരോപണത്തില്‍ പാ‌ര്‍ട്ടി തലത്തിലും അന്വേഷണം നടക്കുമെന്നും ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ.ബി.സുഭാഷ് പറഞ്ഞു.

അതേസമയം, പി.കെ.ശശി എം.എല്‍.എയ്ക്കെതിരെയുള്ള പീഡന വിവാദത്തിന് പിന്നാലെ പാലക്കാട്ടെ സി.പി.എമ്മില്‍ വീണ്ടും പീഡന വിവാദം തലപൊക്കിയത് പാര്‍ട്ടിക്ക് തലവേദനയായി.പാര്‍ട്ടി ഓഫീസില്‍ വച്ച്‌ താന്‍ പീഡനത്തിനിരയായെന്ന് എസ്.എഫ് ഐ പ്രവര്‍ത്തകയായിരുന്ന യുവതി പൊലീസിന് പരാതി നല്‍കിയതാണ് വീണ്ടും വിവാദത്തിന് ഇടയാക്കിയത്. പ്രണയം നടിച്ച്‌ എസ്. എഫ് .ഐ നേതാവായ യുവാവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. തിരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എമ്മിന് ഇത് വിനയാകുമെന്ന് ഉറപ്പാണ്. ഇതിനോടകം തന്നെ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പാര്‍ട്ടി ഓഫീസില്‍ വച്ച്‌ പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായതെന്ന് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മങ്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂരിനടുത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. കുഞ്ഞിനെ അമ്മയായ യുവതി പീഡനം സംബന്ധിച്ച്‌ പരാതി നല്‍കുകയായിരുന്നു. ആരോപണ വിധേയനായ യുവാവിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കോളേജ് മാഗസിന്റെ പ്രവര്‍ത്തനവുമായാണ് ഇവര്‍ പാര്‍ട്ടി ഓഫീസിലെത്താറുണ്ടായിരുന്നത്. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതിയും കുടുംബവും.പെണ്‍കുട്ടിയുടെ പരാതിയില്‍ ചെര്‍പ്പുളശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top